-->
കല്‍പ്പറ്റ: അമ്പിലേരിയില്‍ നിര്‍മാണം പൂര്‍ത്തിയായ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം 27ന് രാവിലെ 10ന് കായികയുവജനകാര്യ മന്ത്രി വി. അബ്‌ദുറഹ്‌മാന്‍ നാടിന് സമര്‍പ്പിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്‌ഥാന സമിതിയംഗം എം. മധു, ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് കെ.പി. വിജയി വാര്‍ത്താസസമ്മളനത്തില്‍ അറിയിച്ചതാണ് വിവരം. അമ്പിലേരിയില്‍ നഗരസഭ വിലയ്‌ക്കുവാങ്ങിയതും ധാരണാപത്രപ്രകാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറിയതുമായ അഞ്ച് ഏക്കറില്‍ കിഫ്‌ബിയിലൂടെ 42 കോടി രൂപ ചെലവഴിച്ചാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്. 2019ല്‍ അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജനാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് ശിലയിട്ടത്. 110 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ളതാണ് സ്‌റ്റേഡിയം. ഒരേസമയം 13 കായിക ഇനങ്ങളുടെ പരിശീലനത്തിനും മത്സരത്തിനും സൗകര്യമുണ്ട്. രണ്ട് സ്വിമ്മിംഗ് പൂള്‍ സ്‌റ്റേഡിയത്തിന്റെ ഭാഗമാണ്. ഇതില്‍ ഒന്ന് 90 മീറ്റര്‍ നീളത്തില്‍ അന്താരാഷ്‌ട നിലവാരത്തില്‍ തയാറാക്കിയതാണ്. പ്രാക്‌ടീസിംഗ് പൂളാണ് രണ്ടാമത്തേത്. മലബാറില്‍ രണ്ട് സ്വിമ്മിംഗ് പൂള്‍ ഉള്ള ഏക ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് അമ്പിലേരിയിലേത്. പൂളുകളുടെ ഉദ്‌ഘാടനം പട്ടികജാതിവര്‍ഗപിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. കായിക വികസന രംഗത്ത് വയനാടിന് മറ്റൊരു മുതല്‍ക്കൂട്ടാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാറിയാണ് മരവയല്‍ ജില്ലാ സ്‌റ്റേഡിയം. മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രനും നഗരസഭ മുന്‍ ചെയര്‍മാന്‍ എ.പി. ഹമീദും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ഭാരവാഹികളും മുന്‍കൈയെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണത്തിന് വഴിയൊരുക്കിയത്. വൈത്തിരിയില്‍ കായികാധ്യാപകനായിരുന്ന ഓംകാരനാഥന്റെ പേരാണ് സ്‌റ്റേഡിയത്തിന് നല്‍കിയത്.