-->
പനമരം: കര്‍ഷകരുടെ ഉറക്കം കെടുത്തി തെരുവു നായ്‌ക്കള്‍. പുഞ്ചക്കൃഷിയിറക്കിയ പാടത്ത് അലഞ്ഞു തിരിഞ്ഞ് കൃഷിക്ക് നാശം വിതക്കുകയാണ് ഒറ്റക്കും കൂട്ടമായും എത്തുന്ന തെരുവ് നായ്‌ക്കള്‍. നാട്ടുകാരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ച് പരുക്കേല്‍പിക്കുകയും, പുഞ്ചക്കൃഷിയിറക്കിയ വയലിലെ നെല്‍ക്കൃഷിയില്‍ കിടന്നുരുണ്ടും കടിപിടികൂടിയും കൃഷി നശിപ്പിക്കുകയാണ്.
വീട്ടുപരിസരങ്ങളില്‍ നട്ടുപിടിപ്പിക്കുന്ന പച്ചക്കറി, കിഴങ്ങ് വിളകള്‍ അടക്കമുള്ളവ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുകയാണ്. മുന്‍പ് തെരുവുനായ്‌ക്കളുടെ ആക്രമണത്തെ മാത്രം ഭയന്നാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൃഷി കൂടി നശിപ്പിക്കാതെ നോക്കേണ്ട അവസ്‌ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. വര്‍ധിച്ചു വരുന്ന തെരുവുനായശല്യം നിയന്ത്രിക്കാന്‍ നടപടിയില്ലാത്തതാണു ഇത്തരത്തിലുള്ള ദുരിതങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. തെരുവുനായ്‌ക്കളെ നിയന്ത്രിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെങ്കില്‍ തെരുവുനായ്‌ക്കള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ കാവല്‍ ഏര്‍പ്പെടുത്തേണ്ട അവസ്‌ഥയാകുമെന്നും കര്‍ഷകര്‍ പറയുന്നു.