-->
പൊന്നാനി: കോഴിക്കോട് വലിയങ്ങാടിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പൊന്നാനിക്ക് പാഠങ്ങളേറെ. പൊന്നാനി അങ്ങാടിയില്‍ കാലപ്പഴക്കം മൂലം തകര്‍ച്ചനേരിടുന്ന ഒരു ഡസനിലേറെ കെട്ടിടങ്ങള്‍ ഉണ്ടെന്നിരിക്കെ നഗരസഭ തുടരുന്ന നിസംഗത അപകടം ക്ഷണിച്ചുവരുത്തുന്നു. എല്ലാ വര്‍ഷക്കാലങ്ങളിലും ഒന്നോ രണ്ടോ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നത് പൊന്നാനി അങ്ങാടിയില്‍ പതിവാണെങ്കിലും അപകടം ഭാഗ്യം കൊണ്ട് വഴിമാറാറാണുള്ളത്. ഏത് നിമിഷവും തകര്‍ച്ച കത്ത് കഴിയുന്നത് 12 കെട്ടിടങ്ങളാണ് പൊന്നാനി അങ്ങാടിയിലുള്ളത്. കാലപ്പഴക്കം ചെന്നതും തകര്‍ച്ച ഭീഷണി നേരിടുന്നതുമായ പൊന്നാനി അങ്ങാടിയിയിലെ കെട്ടിടങ്ങളുടെ കാര്യത്തില്‍ തഹസില്‍ദാര്‍ പ്രസിദ്ധീകരിച്ച പട്ടികയിലെ 13 എണ്ണത്തില്‍ രണ്ടെണം കഴിഞ്ഞ വര്‍ഷങ്ങളില്‍ നിലംപൊത്തിയിരുന്നു.
ബലക്ഷയം നേരിടുന്ന കെട്ടിടങ്ങള്‍ ജീവനു ഭീഷണിയായി മാറിയ സാഹചര്യത്തില്‍ പൊന്നാനി നഗരസഭ പൊളിച്ചുനീക്കേണ്ടതും അറ്റകുറ്റപണി നടത്തേണ്ടതുമായ കെട്ടിടങ്ങളുടെ കണക്കെടുത്തിരുന്നു. പൊതുമരാമത്ത് വകുപ്പിലെ കെട്ടിടവിഭാഗം, നഗരസഭയിലെ എഞ്ചിനിയറിംഗ് വിഭാഗം, റവന്യു വകുപ്പ് എന്നിവരുടെ സംയുക്‌ത സംഘമാണ് പരിശോധന നടത്തി പട്ടിക തയ്യാറാക്കിയത്. എന്നാല്‍ ഈ പട്ടികയനുസരിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനൊ മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനൊ നഗരസഭ തയ്യാറായില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നത് പതിവായതോടെയാണ് ബലക്ഷയം നേരിടുന്നവയുടെ കാര്യത്തില്‍ കര്‍ക്കശ നടപടി സ്വീകരിക്കാന്‍ നഗരസഭ തീരുമാനിച്ചത്. പകുതി തകര്‍ന്ന അര ഡസനോളം കെട്ടിടങ്ങള്‍ ഏതു നിമിഷവും നിലം പൊത്താവുന്ന തരത്തില്‍ തൂങ്ങിയാടി നില്‍ക്കുന്നുണ്ട്. ഇവ പൊളിച്ചുനീക്കണമെന്ന നഗരസഭയുടെ ആവശ്യത്തോട് ഉടമകള്‍ നിഷേധ നിലപാടാണ് തുടരുന്നത്.
പൊളിച്ചുമാറ്റേണ്ടവ, അറ്റകുറ്റപ്പണി നടത്തേണ്ടവ, കേടുപാടുകള്‍ ഇല്ലാത്തത് എന്നിങ്ങനെ തരം തിരിച്ചാണ് പരിശോധന നടത്തിയത്. മൂന്ന് വകുപ്പുകള്‍ അവരുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരിശോധിച്ചത്. പൊന്നാനി ചാണ റോഡ് മുതല്‍ കോടതിപ്പടി വരെയുള്ള ഭാഗത്തെ കെട്ടിടങ്ങളിലാണ് പരിശോധന നടത്തിയത്. പകുതിയോളം കെട്ടിടങ്ങള്‍ ബലക്ഷയം നേരിടുന്നവയാണെന്നാണ് കണ്ടെത്തിയത്. നേരത്തെ റവന്യു വകുപ്പ് നടത്തിയ പരിശോധനയിലാണ് പൊന്നാനി അങ്ങാടിയിലെ 13 കെട്ടിടങ്ങള്‍ ബലക്ഷയം നേരിടുന്നുണ്ടെന്നും ഇവ അടിയന്തിരമായി പൊളിച്ചുനീക്കണമെന്നും തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഈക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല.
തഹസില്‍ദാറുടെ പട്ടികയിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.ഏറെ കൊട്ടിഘോഷിച്ച് തുടക്കമിട്ട പൊന്നാനി അങ്ങാടി വികസനത്തില്‍ നിന്ന് നഗരസഭ പിന്‍വാങ്ങിയതോടെയാണ് തകര്‍ച്ച നേരിടുന്ന കെട്ടിടങ്ങള്‍ക്കെതിരായ നടപടി ശീതീകരണിയിലായത്. അങ്ങാടിയിലെ പഴക്കംചെന്നതും കാലഹരണപ്പെട്ടതുമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉടമകളും വ്യാപാരികളും സ്വയം സന്നദ്ധമാകാത്തതാണ് അങ്ങാടി വികസന കാര്യത്തില്‍ ധൃതി കാണിക്കേണ്ടതില്ലെന്ന നിലപാടെടുക്കാന്‍ നഗരസഭയെ പ്രേരിപ്പിച്ചത്. കാലഹരണപ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയും റോഡിലേക്ക് ഇറങ്ങിക്കിടക്കുന്ന കെട്ടിടഭാഗങ്ങള്‍ പൊളിച്ചുമാറ്റിയും റോഡ് വികസനം യാഥാര്‍ത്യമാക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.ഇതിനായി സമവായം രൂപപ്പെടുത്താന്‍ കെട്ടിട ഉടമകളുടേയും വ്യാപാരികളുടേയും നിരന്തരയോഗം വിളിച്ചു ചേര്‍ക്കുകയും അനുകൂല തീരുമാനത്തിലെത്തുകയും ചെയ്‌തിരുന്നു. യോഗതീരുമാനത്തിന് വിരുദ്ധമായി വ്യാപാരികളിലും ഉടമകളിലെ ചിലരും നിലപാടെടുത്തതോടെ നഗരസഭക്ക് ആദ്യ നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോകേണ്ടി വന്നു.ചാണ റോഡ് മുതല്‍ കോടതിപ്പടി വരെയുള്ള ഭാഗത്തെ ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്നായിരുന്നു തീരുമാനം. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉടമകളോട് നിയമപരമായി ആവശ്യപ്പെടാനും കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ പൊളിച്ചുനീക്കല്‍ നടപടിയുമായി മുന്നോട്ടു പോകാനുമാണ് നഗരസഭ തീരുമാനിച്ചത്. എന്നാല്‍ ഇതൊന്നും നടപ്പിലായില്ല.