-->
ചെറുകോല്‍പ്പുഴ: വിയോജിപ്പുള്ളവരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് ഭാരതീയ ധര്‍മ്മത്തിന്റെ പ്രത്യേകതയെന്നും സനാന ധര്‍മ്മത്തെ രാഷ്‌ട്രീയമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിലെ ബഹുസ്വരതയെ ഇല്ലാതാക്കാന്‍ ശ്രമം ഉണ്ടാകുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് സമാപനയോഗത്തില്‍ വിശിഷ്‌ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതം രാഷ്‌ട്രീയമായി ഉപെയോഗപ്പെടുത്തുമ്പോഴെല്ലാം ഹിംസ ഉണ്ടാകുന്നു. ആരെയും മാറ്റിനിര്‍ത്താതെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ചിന്താധാരയാണ് സനാതന ധര്‍മ്മം. അതുകൊണ്ടാണ് സനാതന ധര്‍മ്മം പ്രഭ ചൊരിഞ്ഞ് നിലനിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭക്‌തരുടെ വിയര്‍പ്പിന്റെ അംശമായി സമര്‍പ്പിക്കുന്ന പണം എന്തിന് ഉപയോഗിക്കുന്നു എന്നറിയാന്‍ അവകാശമില്ലാത്ത സമൂഹമായി ഹിന്ദുസമൂഹം മാറിയെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹൈന്ദവ സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ആസുത്രിത ശ്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തില്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് പോലെയുള്ള സംഗമങ്ങള്‍ക്ക് പ്രസക്‌തി ഏറുകയാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ ഹരിദാസ് അഭിപ്രായപ്പെട്ടു.
'മാതാവിന് പ്രഥമ സ്‌ഥാനം നല്‍കുന്നതാണ് ഭാരതീയത'
മാതാവിന് പ്രഥമ സ്‌ഥാനം നല്‍കുന്നതാണ് ഭാരതീയ പാരമ്പര്യമെന്ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രാന്ത സംഘാടക കുമാരി ബി. രാധാദേവി പറഞ്ഞു. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് വിദ്യാധിരാജ നഗറില്‍ വനിതാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കുമാരി ബി. രാധാദേവി. മാതൃദേവോ ഭവ എന്നു പഠിപ്പിക്കുന്ന ഭാരതീയ സങ്കല്‍പ്പത്തില്‍ ആദ്യദൈവം അമ്മയാണ്. അമ്മയിലൂടെയാണ് നാം ദൈവത്തെ അനുഭവിച്ചറിയുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഹിന്ദുമത മഹാമണ്ഡലം വൈസ്‌പ്രസിഡന്റ് മാലേത്ത് സരളാദേവി അദ്ധ്യക്ഷത വഹിച്ചു. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മാതൃകയാകണമെന്ന് ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മാ റോയി പറഞ്ഞു. ഡെപ്യൂട്ടി കലക്‌ടര്‍ ആര്‍. രാജലക്ഷ്‌മി, അഡ്വ. സിന്ധു ഗോപാലകൃഷ്‌ണന്‍, ശ്രുതി ശ്യം എന്നിവര്‍ പ്രഭാഷണം നടത്തി. എം.ജി സര്‍വ്വകലാശാലയില്‍ നിന്ന് ഇം?ീഷ് സാഹിത്യത്തില്‍ പി. എച്ച്. ഡി കരസ്‌ഥമാക്കിയ ചങ്ങനാശേരി എന്‍.എസ്.എസ് ഹിന്ദു കോളെജ് അദ്ധ്യാപിക ഡോ. പാര്‍വ്വതി മോഹന്‍, എം. എ എക്കണോമിക്‌സ് റാങ്ക് ജേതാവായ ആരതി എസ്. നായര്‍ എന്നിവര്‍ക്ക് സ്‌നേഹോപഹാരം കൈമാറി. ഹിന്ദുമത മഹാമണ്ഡലം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം രമാ മോഹന്‍, ഓമന രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.