Wednesday, March 11, 2026 Last Updated 46 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 04.59 AM

പരിശോധനകള്‍ നിലച്ചത്‌ മുതലെടുത്ത്‌ വിപണിയില്‍ വ്യാജ വെളിച്ചെണ്ണ വിലസുന്നു

uploads/news/2026/02/826845/2.jpg

കോട്ടയം: വില കുത്തനെ കയറിയ കാലത്തുണ്ടായ പരിശോധനകള്‍ നിലച്ചതോടെ വിപണിയില്‍ വിലസി വ്യാജ വെളിച്ചെണ്ണ. നിറത്തിലും മണത്തിലും നാടന്‍ വെളിച്ചെണ്ണയെ തോല്‍പ്പിക്കുന്ന ഇനങ്ങളാണു പല നിറങ്ങളിലുള്ള പായ്‌ക്കറ്റുകളിലായി എത്തുന്നത്‌. വെളിച്ചെണ്ണയെന്നു തോന്നിപ്പിക്കുമെങ്കിലും പായ്‌ക്കറ്റിനുള്ളില്‍ പേരിനു മാത്രമായിരിക്കും വെളിച്ചെണ്ണ.
തമിഴ്‌നാട്ടിലെ മൊത്തക്കച്ചവടക്കാരില്‍ നിന്നു വാങ്ങുന്ന വ്യാജ വെളിച്ചെണ്ണ വടക്കന്‍ ജില്ലകള്‍ കേന്ദ്രമാക്കിയുള്ള ഏജന്റുമാരാണു ജില്ലയിലെ കടകളില്‍ വില്‍പനയ്‌ക്ക് എത്തിക്കുന്നതെന്നാണു വിവരം. ഒരുകിലോ കൊപ്രയ്‌ക്ക് 250-300 രൂപ വിലയുള്ളപ്പോള്‍ വ്യാജ വെളിച്ചെണ്ണ വില്‍ക്കുന്നത്‌ ലീറ്ററിന്‌ 220-260 രൂപ നിരക്കിലാണ്‌. കൊപ്രയേക്കാള്‍ വിലകുറച്ചാണു വെളിച്ചെണ്ണ വില്‍പ്പനയെന്നു ചെറുകിട മില്ലുടമകള്‍ പറയുന്നു.
ഒരുകിലോ കൊപ്ര ആട്ടിയാല്‍ 650 ഗ്രാം വെളിച്ചെണ്ണയാണു ലഭിക്കുക. ഇതില്‍ നിന്നു വിപണിയില്‍ വ്യാജ വെളിച്ചെണ്ണ വ്യാപകമാണെന്നു മനസിലാകുമെന്നു മില്ലുടമകള്‍ പറയുന്നു. പാരഫിനാണ്‌ ഇത്തരം വെളിച്ചെണ്ണയില്‍ കലര്‍ത്തുന്നതെന്നും മില്ലുടമകള്‍ സംശയിക്കുന്നു. നല്ല പായ്‌ക്കറ്റുകളില്‍ പല പേരുകളിലാണ്‌ വ്യാജ വെളിച്ചെണ്ണ ഓഫര്‍ എന്ന പേരില്‍ വില്‍പന നടത്തുന്നത്‌. നാട്ടില്‍പുറങ്ങളിലെ മില്ലുകളില്‍ ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്‌ക്ക് 320 മുതല്‍ 400 രൂപ വരെയാണ്‌ വില. തട്ടുകടകളിലും നിലവാരമില്ലാത്ത ഹോട്ടലുകളിലും വ്യാപകമായി ഇത്തരം എണ്ണ ഉപയോഗിക്കുന്നതായാണു വിവരം. വിവാഹ സ്‌ഥലങ്ങളില്‍ ഒരു വിഭാഗം കേറ്ററിങ്ങുകാരും ഇത്തരം എണ്ണ ഉപയോഗിക്കുന്നു. വ്യാജ എണ്ണയുടെ തുടര്‍ച്ചയായ ഉപയോഗം വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിക്കുമെന്നാണ്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്‌.വിലക്കുറവെന്നു കരുതി ലാഭമാണെന്നു കരുതി വ്യാജന്‍ വാങ്ങുന്നവരാണ്‌ അധികവും കബളിപ്പിക്കപ്പെടുന്നത്‌. നേരത്തെ വ്യാജ വെളിച്ചെണ്ണ വില്‍പ്പന തടയാന്‍ ആരോഗ്യവകുപ്പ്‌ കടകളില്‍ പരിശോധന കര്‍ശനമാക്കുകയും പല പേരുകളിലുള്ള വെളിച്ചെണ്ണയുടെ വില്‍പന നിരോധിക്കുകയും ചെയ്‌തിരുന്നു. ആരോഗ്യവകുപ്പ്‌ പിന്‍മാറിയതോടെ ഈ സംഘം പുതിയ പേരുകളിലാണു വ്യാജവെളിച്ചെണ്ണ വില്‍ക്കുന്നത്‌. ഉത്സവ, കല്യാണ സീസണ്‍ എന്നിവ കണക്കിലെടുത്താണ്‌ വ്യാജന്റെ വരവ്‌. വിപണിയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന കര്‍ശനമാക്കണമെന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌. ഇതിനു പുറമേ തൂക്കംകുറച്ചും വില്‍പ്പന നടത്തുന്നുണ്ട്‌.

Ads by Google
Advertisement
Monday 23 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW