Thursday, March 12, 2026 Last Updated 45 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 04.58 AM

റോഡരികിലെ കുഴിയിലേക്ക്‌ വാഹനങ്ങള്‍ മറിയാതിരിക്കാന്‍ പൊതുമരാമത്ത്‌ വകുപ്പിന്റെ 'കനത്ത സുരക്ഷ'

uploads/news/2026/02/826842/3.jpg

കുടയത്തൂര്‍: തൊടുപുഴ - മൂലമറ്റം റോഡില്‍ കുടയത്തൂര്‍ മുസ്ലിം പള്ളിക്കവലയ്‌ക്ക് സമീപമുള്ള റോഡരികിലെ കുഴിയിലേക്ക്‌ വാഹനങ്ങള്‍ വീഴാതിരിക്കാന്‍ പൊതുമരാമത്ത്‌ വകുപ്പിന്റെ വകയായി 'കനത്ത സുരക്ഷ' ഒരുക്കിയിരിക്കുന്നു.
കഴിഞ്ഞദിവസം മുതലക്കോടത്തിന്‌ സമീപം മാവിന്‍ചുവട്ടില്‍ റോഡരികിലെ കുഴിയില്‍വീണ്‌ യുവാവ്‌ മരിച്ച സംഭവം വലിയ വിവാദമായി മാറിയിരുന്നു. മാവിന്‍ ചുവടിന്‌ സമീപമുള്ള കുഴിയുടേതിന്‌ സമാനമായ കുഴിയാണ്‌ റോഡിനോട്‌ വളരെ ചേര്‍ന്ന്‌ കുടയത്തൂര്‍ മുസ്ലിം പള്ളി കവലയ്‌ക്ക് സമീപമുള്ളത്‌. സംസ്‌ഥാന പാതയോരത്തിനരികെ പൊതുമരാമത്ത്‌ വകുപ്പ്‌ റോഡിനോട്‌ ചേര്‍ന്നുള്ള കുഴിയുടെ അരികെ കാലിയായ ടാര്‍ വീപ്പ ഉപയോഗിച്ച്‌ 'കനത്ത സുരക്ഷ' ഒരുക്കിയിട്ടുള്ളത്‌. ടാര്‍ വീപ്പ വെച്ചിരിക്കുന്നത്‌ റോഡിലേക്ക്‌ കയറ്റിയാണ്‌. കറുത്ത നിറത്തിലുള്ള ടാര്‍ വീപ്പ രാത്രിയില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടില്ല. ടാര്‍വീപ്പ വെച്ചപ്പോള്‍ അതില്‍ ഒരു റിഫ്‌ളക്‌ടര്‍ സ്‌റ്റിക്കര്‍ പതിപ്പിക്കാനുള്ള സാമാന്യ മര്യാദ പോലും അധികൃതര്‍ കാണിച്ചില്ല.
മുതലക്കോടം മാവിന്‍ ചുവടിന്‌ സമീപം റോഡരികിലെ കുഴിയില്‍ വീണ്‌ യുവാവ്‌ മരിക്കാനുണ്ടായ സംഭവം വ്യാപകമായ പ്രതിഷേധത്തിന്‌ കാരണമായതിനെ തുടര്‍ന്നാണ്‌ റോഡിരികിലെ കുഴികള്‍ക്ക്‌ സമീപം ടാര്‍ വീപ്പ ഉപയോഗിച്ച്‌ കനത്ത സുരക്ഷ നല്‍കാനുള്ള അടിയന്തര തീരുമാനം ഉണ്ടായത്‌ എന്നാണ്‌ വിവരം. മൂലമറ്റം റോഡില്‍ പെരുമറ്റം മുതല്‍ റോഡിന്റെ ഒരു വശം കിടങ്ങായി കിടക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. റോഡിന്റെ വീതികുറവ്‌ വലിയ അപകട സാധ്യതയാണ്‌ ഉണ്ടാക്കുന്നത്‌.
അതിനിടെയാണ്‌ പലയിടത്തും റോഡിന്റെ വശം ഇടിഞ്ഞ്‌ വലിയ കുഴികള്‍ ഉണ്ടായിരിക്കുന്നത്‌. തിരക്കേറിയ റോഡുകള്‍ പോലും വേണ്ട വിധം പരിപാലിക്കാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതര്‍ക്ക്‌ കഴിയാറില്ല. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം താത്‌കാലികമായി ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന വകുപ്പായി മാറിയിട്ടുണ്ട്‌ പൊതുമരാമത്ത്‌ വകുപ്പ്‌.
എന്തെങ്കിലും അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടായി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്ന പരിപാടിയാണ്‌ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌ എന്ന ആക്ഷേപം ശക്‌തമാണ്‌. അപകടമേഖലയില്‍ വേണ്ട വിധം മുന്നറിയിപ്പ്‌ ബോര്‍ഡ്‌ പോലും വെയ്‌ക്കാന്‍ അധികൃതര്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌ വസ്‌തുത.
വര്‍ഷങ്ങളായിട്ട്‌ ഉള്ള അപകടക്കുഴിയാണെങ്കില്‍ കൂടി അത്‌ വേണ്ടവിധം അപകടസാധ്യത കുറയ്‌ക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള ചെപ്പടി വിദ്യയാണ്‌ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കുന്നത്‌.

Ads by Google
Advertisement
Monday 23 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW