-->
ആലപ്പുഴ: കുട്ടനാട്ടിലെ തോടുകളില്‍ പോളനിറഞ്ഞു നീരൊഴുക്കു നിലച്ചത് ജലഗതാഗതത്തിനും ടൂറിസം മേഖലയ്‌ക്കും തിരിച്ചടിയായി. കുട്ടനാടിന്റെ ഗ്രാമസൗന്ദര്യം ആസ്വദിക്കാന്‍ ചെറുവള്ളങ്ങളില്‍ കുട്ടനാട്ടിലെ നാട്ടുതോടുകളിലൂടെ സഞ്ചാരികളുമായി പോയിരുന്ന കാഴ്‌ച ഇപ്പോള്‍ വിരളമാണ്. പോളയും മറ്റു തടസ്സങ്ങളുമില്ലാത്ത തോട്ടിലൂടെ ഇന്നും ചെറുവള്ളങ്ങളിലും കയാക്കിങ് ബോട്ടുകളിലും സഞ്ചരിക്കുന്ന വിനോദ സഞ്ചാരികളെ ചില ഭാഗങ്ങളില്‍ കാണാന്‍ സാധിക്കും.
മത്സര വള്ളംകളികള്‍ക്കു പോയിരുന്ന ഇരുട്ടുകുത്തി വള്ളങ്ങള്‍ സ്വന്തമായുള്ള ഈര സ്വദേശിക്കു വര്‍ഷങ്ങളായി സ്വന്തം വള്ളം വീട്ടില്‍ എത്തിക്കാന്‍ പോലും സാധിക്കുന്നില്ല. നീലംപേരൂര്‍ തോട്ടിലൂടെ ഈരയിലെ കുടുംബ വീട്ടിലാണു ടി.കെ.കുരുവിള തന്റെ ഉടമസ്‌ഥതയിലുള്ള ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിലെ തുരുത്തിത്തറ വള്ളവും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിലെ ദാനിയേല്‍ വള്ളവും എത്തിച്ചിരുന്നത്. എന്നാല്‍ തോട്ടിലൂടെയുള്ള ജലഗതാഗതം മുടങ്ങിയതോടെ ഏറെ നാളായി വള്ളം ഈരയിലെത്തിച്ചിട്ടില്ല. ഏറെ തുക ചെലവഴിച്ചു ജെ.സി.ബി ഉപയോ ഗിച്ചു തോട്ടിലെ പോള കുറച്ചു മാറ്റിയാണ് അവസാനം ഈരയില്‍നിന്ന് കളിവള്ളങ്ങള്‍ പുറംജലാശയത്തിലെത്തിച്ചത്. പിന്നീട് ഈരയിലേക്കു തിരികെ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. പോളകയറി നാട്ടുതോടുകള്‍ അടഞ്ഞതോടെ ഓണക്കാലത്തും മറ്റും ചെറുവള്ളംകളി നടത്തിയിരുന്നവര്‍ തോടിനെ ഉപേക്ഷിച്ചു വള്ളംകളി നടത്താന്‍ കൃഷി ഇല്ലാത്ത പാടശേഖരങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലും എത്തി. കുട്ടനാടി ന്റെ വാണിജ്യമേഖലയ്‌ക്കു മറക്കാനാവാത്ത തോടുകളില്‍ ഒന്നാണു നീലംപേരൂര്‍ തോട്. കോട്ടയം ജില്ലയുമായി അതിര്‍ത്തിപങ്കിടുന്ന കരുനാട്ടുവാലയില്‍ നിന്നു തുടങ്ങി കൈനടിയില്‍ എത്തുന്ന കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള തോട് പോളയും പുല്ലും നിറഞ്ഞു കാടായിട്ടു വര്‍ഷങ്ങളായി. ആലപ്പുഴ നഗരത്തിലൂടെ ഒഴുകുന്ന തോടുകളുടെ സ്‌ഥിതിയും വ്യത്യസ്‌ഥമല്ല. മിക്ക തോടുകളും കനാലുകളും പോള തിങ്ങിനിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നു.