Friday, March 13, 2026 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 04.57 AM

വീഥികള്‍ ചെട്ടികുളങ്ങരയിലേക്ക്‌

uploads/news/2026/02/826832/1.jpg

മാവേലിക്കര : ഓണാട്ടുകരയുടെ ഉത്സവം ഇന്ന്‌. ചെട്ടികുളങ്ങര കുംഭഭരണിക്ക്‌ നാടൊ രുങ്ങി. പുലര്‍ച്ചെ മുതല്‍ കുത്തിയോട്ടങ്ങള്‍ ക്ഷേത്രത്തിലേക്ക്‌ എത്തിത്തുടങ്ങും. 16 കുത്തിയോട്ടങ്ങളാണ്‌ ഇത്തവണയുള്ളത്‌. ഉച്ചയ്‌ക്ക് മുമ്പായി മുഴുവന്‍ കുത്തിയോട്ടങ്ങളും ക്ഷേത്രത്തിലേക്ക്‌ എത്തിച്ചേരും. താലപ്പൊലിയും വാദ്യമേളങ്ങളും അമ്മന്‍കുടങ്ങളും മുത്തുക്കുടകളുമെല്ലാം കുത്തിയോട്ട ഘോഷയാത്രകള്‍ക്ക്‌ മിഴിവേകും. ആറു ദിവസങ്ങളിലായി വീടുകളില്‍ നടന്നുവന്ന കുത്തിയോട്ടങ്ങള്‍ ശനിയാഴ്‌ച്ച രാത്രി പൊലിവോടെ സമാപിച്ചു. വിശ്രമദിനമായ ഇന്നലെ കുത്തിയോട്ട വീടുകളില്‍ കുത്തിയോട്ട സദ്യ നടന്നു. വൈകിട്ട്‌ കുത്തിയോട്ട ബാലകന്‍മാര്‍ക്ക്‌ കോതുവെട്ട്‌ ഉള്‍പ്പെടെയുള്ള ചടങ്ങുകളും നടത്തി. കിന്നരിത്തൊപ്പി ധരിച്ച്‌ വാട്ടിയ വാഴയില ഉടുത്ത്‌ അടയ്‌ക്ക കുത്തിയ കത്തി ഇരുകൈകളിലും ഉയര്‍ത്തിപ്പിടിച്ച്‌ കെട്ടുകാഴ്‌ചകള്‍ക്ക്‌ മുന്നിലെത്തി ചൂരല്‍ മുറിയും. ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി ചൂരല്‍ ഊരി ദേവിയ്‌ക്ക് സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ട ചടങ്ങുകള്‍ക്ക്‌ പരിസമാപ്‌തിയാകും. വൈകിട്ട്‌ നാലു മുതല്‍ കെട്ടുകാഴ്‌ചകള്‍ ക്ഷേത്രത്തിലേക്കെത്തിത്തുടങ്ങും. ഈരേഴതെക്ക്‌, ഈരേഴവടക്ക്‌, കൈതതെക്ക്‌, കൈതവടക്ക്‌, കണ്ണമംഗലംതെക്ക്‌, കണ്ണമംഗലംവടക്ക്‌, പേള, കടവൂര്‍, ആഞ്ഞിലിപ്രാ, മറ്റംവടക്ക്‌, മറ്റംതെക്ക്‌, മേനാമ്പള്ളി, നടയ്‌ക്കാവ്‌ എന്നിങ്ങനെ 13 കരകളില്‍നിന്നായി കെട്ടുകാഴ്‌ചകള്‍ മുറപ്രകാരം ദേവീദര്‍ശനം നടത്തി കിഴക്ക്‌ ഭാഗത്തെ കാഴ്‌ചക്കണ്ടത്തിലേക്ക്‌ ഇറങ്ങും. രാത്രിയുടെ രണ്ടാം യാമത്തില്‍ ഭഗവതി തണ്ടില്‍ എഴുന്നള്ളി വേലകളി ദര്‍ശിക്കും. തുടര്‍ന്ന്‌ വടക്ക്‌ ഭാഗത്തെ ക്ഷേത്രക്കുളത്തിലെത്തി കുളത്തില്‍ വേല കാണും. ഇതിന്‌ ശേഷം കാഴ്‌ചക്കണ്ടത്തിലെത്തി കെട്ടുകാഴ്‌ചകള്‍ക്ക്‌ മുന്നില്‍ അനുഗ്രഹം ചൊരിഞ്ഞ്‌ ക്ഷേത്ര ശ്രീകോവിലിലേക്ക്‌ തിരികെ എഴുന്നള്ളും. ഭരണി ദിവസമായ ഇന്ന്‌ ക്ഷേത്രനട അടയ്‌ക്കില്ല.

ഗതാഗത നിയന്ത്രണം

മാവേലിക്കര: ചെട്ടികുളങ്ങര കുഭഭരണി മഹോത്സവത്തോട്‌ അനുബന്ധിച്ച്‌ ഇന്ന്‌ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ കുത്തിയോട്ടം വഴിപാടു വരവ്‌ , കെട്ടുകാഴ്‌ച വരവ്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ കായംകുളം - തിരുവല്ല സംസ്‌ഥാനപാതയിലും, ഹരിപ്പാട്‌ - പന്തളം റോഡിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി . രാവിലെ ആറു മുതല്‍ കായംകുളം ഭാഗത്തുനിന്ന്‌ മാവേലിക്കര ഭാഗത്തേക്കു പോകുന്ന ബസുകള്‍, ഹെവി വാഹനങ്ങള്‍ തുടങ്ങിയവ രണ്ടാംകുറ്റി ജംഗ്‌ഷനില്‍നിന്ന്‌ തിരിഞ്ഞ്‌ മാവേലിക്കര മിച്ചല്‍ ജംഗ്‌ഷന്‍ വഴിയും , മാവേലിക്കര ഭാഗത്തുനിന്നുള്ളവ രണ്ടാംകുറ്റി ജംഗ്‌ഷന്‍ വഴിയും പോകേണ്ടതാണ്‌. ഉച്ചയ്‌ക്ക് ഒന്നുമുതല്‍ കെട്ടുകാഴ്‌ചകള്‍ ക്ഷേത്രത്തില്‍ എത്തുംവരെ കായംകുളം - തിരുവല്ല റോഡില്‍ നടയ്‌ക്കാവ്‌ ജംഗ്‌ഷന്‍ മുതല്‍ തട്ടാരമ്പലം ജംഗ്‌ഷന്‍ വരെ പൂര്‍ണ്ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഹരിപ്പാട്‌ ഭാഗത്തുനിന്ന്‌ മാവേലിക്കര ഭാഗത്തേയ്‌ക്ക് വരുന്ന വാഹനങ്ങള്‍ക്ക്‌ മറ്റം വടക്ക്‌ കെട്ടുകാഴ്‌ച തട്ടാരമ്പലം കഴിയുന്നസമയം മുതല്‍ കടന്നുപോകാവുന്നതാണ്‌. ക്ഷേത്രത്തിന്‌ നാല്‌ കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ . കൂടാതെ ക്ഷേത്രത്തിന്‌ 500 മീറ്റര്‍ ചുറ്റളവില്‍ പാര്‍ക്കിങ്‌ നിരോധനവും ഏര്‍പ്പെടു ത്തിയിട്ടുണ്ട്‌. പാര്‍ക്കിംഗിനായി മാവേലിക്കര - ചെട്ടികുളങ്ങര ഭാഗങ്ങളില്‍ വിവിധ സ്‌ഥലങ്ങളിലെ ഗ്രൗണ്ടുകളും പുരയിടങ്ങളും സജ്‌ജമാക്കിയിട്ടുണ്ട്‌. റോഡരികിലെ പാര്‍ക്കിംഗ്‌ കര്‍ശനമായി നിരോധിച്ചിട്ടുള്ളതും, അത്തരം നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ പോലീസ്‌ റിക്കവറി വാഹനം ഉപയോഗിച്ച്‌ മാറ്റുന്നതുമാണ്‌. കെ.എസ്‌.ആര്‍്‌.ടി.സി ബസ്സുകള്‍ തട്ടാരമ്പലം ജംഗ്‌ഷന്‍ വരെ പ്രത്യേകം സര്‍വ്വീസ്‌ നടത്തുന്നതാണ്‌.

ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി . രാവിലെ ഏഴു മുതല്‍ എത്തുന്ന 16 കുത്തിയോട്ടങ്ങള്‍ ക്ഷേത്രവളപ്പില്‍ 130 വോളണ്ടിയര്‍മാര്‍ നിയന്ത്രിക്കും. ക്ഷേത്രത്തിന്റെ തെക്ക്‌, കിഴക്ക്‌, വടക്ക്‌ വശങ്ങളിലുള്ള ഗേറ്റുകളിലൂടെ എത്തുന്ന കുത്തിയോട്ടങ്ങളെ മുന്‍ഗണനാ ക്രമത്തിലായിരിക്കും അകത്തേക്ക്‌ പ്രവേശിപ്പിക്കുക. കുത്തിയോട്ടം നടത്തുന്ന വഴിപാടുകാരനോടൊപ്പമുള്ള 25 പേര്‍ക്കും കുത്തിയോട്ട കുട്ടികള്‍ക്കും ആശാനും മാത്രമേ നടപ്പന്തലില്‍ എത്തി തിരുമുമ്പില്‍ നില്‍ക്കാന്‍ അനുവാദമുളളു. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ഗേറ്റിലൂടെ കുത്തിയോട്ട വഴിപാട്‌ പൂര്‍ത്തീകരിച്ചവര്‍ പുറത്തേക്ക്‌ പോകണം. കുത്തിയോട്ടങ്ങള്‍ കടന്നുവരുന്ന വേളയില്‍ ഭക്‌തര്‍ക്ക്‌ സുഗമമായി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനായി തെക്കേ നടയില്‍ ഫ്‌ളൈയോവര്‍ സൗകര്യം ഏര്‍പ്പെടുത്തും.

വൈകുന്നേരം നാലുമുതല്‍ കെട്ടുകാഴ്‌ച വരവ്‌ തുടങ്ങും

വൈകുന്നേരം നാല്‌ മുതല്‍ കരകളുടെ ക്രമത്തില്‍ കെട്ടുകാഴ്‌ച വരവ്‌ തുടങ്ങും. ഏഴു മണിയോടെ 13 കെട്ടുകാഴ്‌ചകളും കാഴ്‌ചക്കണ്ടത്തില്‍ അണിനിരക്കും. കെട്ടുകാഴ്‌ചകള്‍ കടന്നുവരുന്ന വഴിയില്‍ ഇന്ന്‌ വൈകിട്ട്‌ മൂന്നുമുതല്‍ നാളെ രാവിലെ ഒന്‍പത്‌ വരെ വാഹനപാര്‍ക്കിങ്‌ അനുവദിക്കില്ല. രാത്രി ഒന്‍പതിന്‌ കുംഭഭരണി മഹാ സമ്മേളനം നടക്കും. ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ്‌ ബി. ഹരികൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. നാളെ പുലര്‍ച്ചെ മൂന്നിന്‌ വേലകളിയും 3.30ന്‌ കെട്ടുകാഴ്‌ചകള്‍ക്ക്‌ മുന്നില്‍ ഭഗവതിയുടെ എഴുന്നള്ളത്തും നടക്കും. ക്ഷേത്രത്തിന്റെ നാല്‌ ദിശകളിലും വാഹനപാര്‍ക്കിങ്‌ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്‌. അടിയന്തിര സാഹചര്യമുണ്ടായാല്‍ ഈരേഴ തെക്ക്‌- കാരിക്കുളങ്ങര-കണ്ടിയൂര്‍ തെക്കേ നട റോഡ്‌ റെസ്‌ക്യൂവേയായി ഉപയോഗപ്പെടുത്തുമെന്നും കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രനട അടയ്‌ക്കില്ല

കുംഭഭരണി നാളില്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ മുഴുവന്‍ സമയവും ദര്‍ശന സൗകര്യം ലഭിക്കും. ഇന്ന്‌ പുലര്‍ച്ചെ നാലരയോടെ തുറക്കുന്ന ക്ഷേത്രനട നാളെ ഉച്ചപൂജയ്‌ക്ക് ശേഷമേ അടയ്‌ക്കൂ.

സുരക്ഷ ശക്‌തമാക്കും

കുംഭഭരണി നാളില്‍ ക്ഷേത്രവളപ്പിലും പരിസരത്തും പോലീസ്‌ സുരക്ഷ ശക്‌തമാക്കും. രണ്ട്‌ ഡി.വൈ.എസ്‌.പി.മാരുടെ മേല്‍നോട്ടത്തില്‍ അഞ്ഞൂറിലധികം പോലീസുകാര്‍ ക്രമസമാധാനപാലനത്തിനുണ്ടാകും. ക്ഷേത്രവളപ്പിലും രണ്ട്‌ കിലോമീറ്റര്‍ ചുറ്റളവിലുമായി നൂറോളം നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. ക്ഷേത്രം ഓഡിറ്റോറിയത്തിന്‌ മുകളില്‍ പോലീസ്‌ കണ്‍ട്രോള്‍ റൂമും കാഴ്‌ചക്കണ്ടത്തിന്‌ സമീപം വാച്ച്‌ടവറും സജ്‌ജമാക്കും.

സന്നദ്ധസേന

ക്ഷേത്രവളപ്പിലെ തിരക്ക്‌ നിയന്ത്രിക്കുവാന്‍ ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സേനാംഗങ്ങളുണ്ടാകും.ഒരോ കരയില്‍ നിന്നും ഉള്ളവരാണ്‌ സേനയിലുള്ളത്‌.

മെഡിക്കല്‍ കൗണ്ടര്‍

ക്ഷേത്രത്തിന്‌ തെക്ക്‌ വശമുള്ള ദേവസ്വം കെട്ടിടത്തില്‌ മെഡിക്കല്‍ കൗണ്ടര്‍ പ്രവര്‌ത്തിക്കും. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിന്റെയും സേവാഭാരതിയുടെയും സൗജന്യ ആംബുലന്‍സ്‌ സേവനവുമുണ്ടാകും.

ബസ്‌ സര്‍വീസ്‌

ഭരണിനാളില്‍ കെ.എസ്‌.ആര്‍.ടി.സിയുടെ മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, തിരുവല്ല ഡിപ്പോകളില്‍ നിന്ന്‌ ചെട്ടികുളങ്ങര വഴി അധിക ബസ്‌ സര്‍വീസ്‌ ഉണ്ടാകും.

കുംഭഭരണി കെട്ടുകാഴ്‌ച ദൂരദര്‍ശനില്‍

കുംഭഭരണി കെട്ടുകാഴ്‌ചയുടെ ലൈവ്‌ സംപ്രേഷണം ഉണ്ടാകും. ദൂരദര്‍ശനില്‍ ഇന്ന്‌ വൈകിട്ട്‌ അഞ്ച്‌ മുതല്‍ രാത്രി 12 വരെ ഉണ്ടാകും. മലയാളം, ഹിന്ദി, ഇം?ീഷ്‌ ഭാഷകളിലാണ്‌ സംപ്രേഷണം. ഡി.ഡി. മലയാളം, ഡി.ഡി. ഭാരതി, ഡി.ഡി ഇന്റര്‍ നാഷണല്‍ ചാനലുകളിലും ദൂരദര്‍ശന്‍ യുട്യൂബ്‌ ചാനലിലും സംപ്രേഷണം നടക്കും.

ബി.എസ്‌.എന്‍.എല്‍. 4ജി സേവനം

ചെട്ടികുളങ്ങര: ദേവിക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ചു ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും 4ജി മൊബൈല്‍ സേവനം ഉറപ്പാക്കി ബി.എസ്‌.എന്‍.എല്‍. കുഭംഭരണി ദിവസം വൈകിട്ട്‌ തിരക്കേറുമ്പോള്‍ കാഴ്‌ചക്കണ്ടത്തിലും മൊബൈല്‍ നെറ്റവര്‍ക്‌ തകരാറിലാകാറുണ്ട്‌. ഇത്തവണ തിരക്കുള്ളപ്പോഴും സൂഗമമായി മൊബൈല്‍ സേവനം ലഭിക്കുന്ന വിധമാണ്‌ 4 ജി സേവനം ഒരുക്കുന്നത്‌. ഇതിനായി ക്ഷേത്രവളപ്പില്‍ ഭജനമഠത്തിനു മുകളിലായി താത്‌ക്കാലിക മൊബൈല്‍ ടവറും സ്‌ഥാപിച്ചു. മീനഭരണി അശ്വതി വരെ ഇതു പ്രവര്‍ത്തിക്കും. പ്രദേശത്ത്‌ സൗജന്യ വൈഫൈ സേവനവും സജ്‌ജമാക്കിയിട്ടുണ്ട്‌. ഏതു മൊബൈല്‍ ഉപഭോക്‌താക്കള്‍ക്കും ബിഎസ്‌എന്‍എലിന്റെ ഈ സേവനം പ്രയോജനപ്പെടുത്താം. വൈഫൈ സേവനം ലഭിക്കുന്നതിനായി മൊബൈല്‍ ഫോണില്‍ വൈഫൈയില്‍ ബി.എസ്‌.എന്‍.എല്‍ ഫ്രീ വൈഫൈ തിരഞ്ഞെടുക്കണം. തുടര്‍ന്ന്‌ ഗെറ്റ്‌ ഒടിപി ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌തു മൊബൈല്‍ നമ്പര്‍ നല്‍കണം. ഫോണിലേക്കു വരുന്ന ഒടിപി കൂടി നല്‍കിയാല്‍ അരമണിക്കൂര്‍ സൗജന്യ സേവം ഉപയോഗിക്കാം.സൗജന്യ 4ജി സിം വിതരണം ക്ഷേത്ര പരിസരത്തു ബിഎസ്‌എന്‍എല്‍ സജ്‌ജമാക്കിയിട്ടുണ്ട്‌. വീടുകളില്‍ ബി.എസ്‌്.എന്‍.എല്‍ ഇന്റര്‍നെറ്റ്‌ സേവനം ഉപയോഗിക്കുന്നവര്‍ക്കായി വൈഫൈ റോമിങ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. വീട്ടിലെ ഇന്റര്‍നെറ്റ്‌ കണക്ഷനിലെ ഡേറ്റ പരിധിയിലാണ്‌ വൈഫൈ റോമിങ്‌ സേവനത്തിലും ഇന്റര്‍നെറ്റ്‌ ലഭിക്കുക.

ഫോട്ടോ അനുവദിക്കില്ല

കുത്തിയോട്ടം, ചൂരല്‍മുറിയല്‍, സമര്‍പ്പണം എന്നിവയുടെ വീഡിയോ, ഫോട്ടോ എന്നിവ എടുക്കാന്‍ അനുവാദമില്ല.

Ads by Google
Advertisement
Monday 23 Feb 2026 04.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW