-->
താനൂര്‍: ഉണ്ണ്യാലില്‍ കനോലി കനാലിന് കുറുകെയുള്ള ഉണ്ണിയാല്‍ പാലം പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്‌ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 60 ശതമാനം ബി.എം. ആന്‍ഡ് ബി.സി. റോഡുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചു. മുടങ്ങിപ്പോകും എന്ന അവസ്‌ഥ വന്ന ദേശീയപാത വികസനത്തിനായി സംസ്‌ഥാന സര്‍ക്കാര്‍ 5550 കോടി രൂപ വകയിരുത്തി. അറുനൂറോളം കിലോമീറ്റര്‍ വരുന്ന ദേശീയപാതയുടെ 500 കിലോമീറ്റര്‍ വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
തീരദേശഹൈവേ, മലയോരഹൈവേ, തുരങ്ക പാത എന്നിവയെല്ലാം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നു. റോഡ് നവീകരണത്തിനായി കിഫ്‌ബി, നബാര്‍ഡ്, റീബില്‍ഡ് കേരള എന്നീ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് 35,000 കോടി രൂപ ചെലവഴിച്ചു. അഞ്ചുവര്‍ഷംകൊണ്ട് 100 പാലങ്ങള്‍ എന്ന ലക്ഷ്യം 150 പാലം വരെ എത്തി. മുപ്പതോളം റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ് . പശ്‌ചാത്തല സൗകര്യ വികസനത്തില്‍ കിഫ്‌ബിയുടെ പങ്ക് എടുത്ത് പറയേണ്ടതാണെന്നും മന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പഞ്ചാരമൂല സിറ്റി പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.
പ്രകടനപത്രികയിലെ 95 ശതമാനത്തോളം പദ്ധതികളും നടത്തിയതായി മന്ത്രി പറഞ്ഞു. താനൂര്‍ മേഖലയിലെ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ 15 കോടി രൂപ വകയിരുത്തി ശുദ്ധജലം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.ഉണ്ണിയാല്‍ പാലത്തിന്റെ പ്രവൃത്തിക്ക് ഈ വര്‍ഷം ജനുവരിയിലാണ് സാങ്കേതിക അനുമതി ലഭിച്ചത്. 20 കോടിയിലധികം രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ നിലവില്‍ പൂര്‍ത്തീകരിച്ചു. എഗ്രിമെന്റ് നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കനോലി കനാലിന് കുറുകെയുള്ള പാലമായതിനാല്‍ ഇന്‍ലാന്‍ഡ് വാട്ടര്‍ വേ അതോറിറ്റി മാനദണ്ഡങ്ങള്‍ പ്രകാരം 40.00 മീറ്റര്‍ ഹൊറിസോണ്ടല്‍ ക്ലിയറന്‍സ് ലഭ്യമാകുന്ന തരത്തില്‍ 45.50 മീറ്റര്‍ നീളത്തിലുള്ള ബോസ്‌ട്രിങ് ആര്‍ച്ച് സിംഗിള്‍ സ്‌പാനായി ഉയര്‍ന്ന ജലനിരപ്പില്‍ നിന്നും 6.00 മീറ്റര്‍ ഉയരത്തിലാണ് പാലം വിഭാവനം ചെയ്‌തിരിക്കുന്നത്. പൈല്‍ ഫൗണ്ടേഷനോട് കൂടിയ പാലത്തിനു 7.50 മീറ്റര്‍ വീതിയുള്ള ക്യാരിയേജ് വെയും 2.25 മീറ്റര്‍ വീതി വരുന്ന ഫുട്‌പാത്തുകളും ഉണ്ടാകും. തിരൂര്‍ ഭാഗത്ത് 140 മീറ്ററും ഉണ്ണിയാല്‍ ഭാഗത്ത് 100 മീറ്ററും നീളത്തിലുള്ള അപ്പ്രോച്ച് റോഡും പദ്ധതിയിലുണ്ട്. പാലത്തിനും അനുബന്ധ റോഡിനും ബി.എം ആന്‍ഡ് ബി. സി സര്‍ഫേസിങ്, റോഡ് സേഫ്‌റ്റി പ്രവൃത്തികള്‍, ബേം കോണ്‍ക്രീറ്റ് പ്രവൃത്തികള്‍, വാഹന ഗതാഗത സുരക്ഷാ സംവിധാനവും ഒരുക്കും. ചടങ്ങില്‍ പി.ഡബ്ല്യു.ഡി. പാലങ്ങള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഇ.ജി. വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് എന്‍ജിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ആര്‍. ജയരാജ്, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമ കല്ലിടുമ്പില്‍, വൈസ് പ്രസിഡന്റ് നാസര്‍ പോളാട്ട്, മറ്റു തദ്ദേശ പ്രതിനിധികള്‍, വിവിധ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.