-->
ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. നാലുപേര്‍ക്ക് പരുക്ക്.
പ്രസിഡന്റ് ആന്‍സി തോമസിനും വൈസ് പ്രസിഡന്റ് സെലിന്‍ വിന്‍സെന്റിനും, പ്രതിപക്ഷ മെമ്പര്‍മാരായ സിജി ചാക്കോക്കും പ്രഭാ തങ്കച്ചനുമാണ് പരുക്കേറ്റത്. നാലുപേരേയും ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിലാണ് സംഭവം. കമ്മറ്റിക്ക് മുന്‍പു തന്നെ കഴിഞ്ഞ വര്‍ഷത്തെ പ്രോജക്‌ടുകള്‍ മാറ്റിയതു സംബന്ധിച്ച് ഇരു വിഭാഗവും വാക്കേറ്റവും തെറിയഭിഷേകവും നടത്തിയിരുന്നു. വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ പ്രസിഡന്റിന്റെ സാരി വലിച്ചു കീറുകയും ആക്രമിക്കുകയും ചെയ്‌തു.
ഇതു തടയാനെത്തിയ വൈസ് പ്രസിഡന്റിനെയും പ്രതിപക്ഷ മെമ്പര്‍മാരായ സിജി ചാക്കോ, പ്രഭാ തങ്കച്ചന്‍ എന്നിവര്‍ ആക്രമിക്കുകയായിരുന്നത്രേ. തുടര്‍ന്ന് നടന്ന കൂട്ടയടിയിലാണ് ഇവര്‍ക്ക് പരുക്കേറ്റത്.
ഇടുക്കിയില്‍ നിന്ന് പോലീസെത്തിയാണ് കൂട്ടത്തല്ല് ശാന്തമാക്കിയത്. പരുക്കേറ്റവര്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ വര്‍ഷത്തെ നടപ്പാക്കാന്‍ പറ്റാത്ത പ്രോജക്‌ടുകള്‍ മാറ്റിയതു സംബന്ധിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നു വരികയായിരുന്നു. മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികളാണ് മറ്റിയതെന്നും ഇത്തരത്തില്‍ ലഭിക്കുന്ന ഫണ്ട് കുടിശികയായ ജവഹര്‍ ഭവന നിര്‍മാണ പദ്ധതിയില്‍ അടക്കാനാണ് തീരുമാനിച്ചിരുന്നത്.
ഭരണ പ്രതിപക്ഷ അംഗങ്ങള്‍ മുന്‍ കമ്മറ്റികളില്‍ തീരുമാനിച്ചത് അനുസരിച്ചാണ് പ്രോജക്‌ടുകള്‍ മാറ്റിയതെന്നും പ്രസിഡന്റ് പറഞ്ഞു. മദ്യപിച്ചശേഷം മനപൂര്‍വം ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് ആരോപിച്ചു.
യു.ഡി.എഫ്.
പ്രതിഷേധിച്ചു
ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ മദ്യപിച്ചെത്തിയ പ്രതിപക്ഷ മെമ്പര്‍മാര്‍ അകാരണമായി പ്രസിഡന്റ് ആന്‍സി തോമസിനേയും വൈസ് പ്രസിഡന്റ് സെലിന്‍ വിന്‍സെന്റിനേയും ആക്രമിച്ചതില്‍ യു.ഡി.എഫ് വാഴത്തോപ്പ് കമ്മറ്റി പ്രതിഷേധിച്ചു. 15-ല്‍ 10 സീറ്റു നേടി അധികാരത്തിലെത്തിയ ഭരണ സമിതിതെ ഭരണം നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ കായികമായും നിയമപരമായും നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി ശാരീരികാക്രമണം നടത്തുകയും വസ്‌ത്രാക്ഷേപം നടത്തുകയും ചെയ്‌ത എല്‍.ഡി.എഫ്. മെമ്പര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരവാഹികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. ഒപ്പത്തിനൊപ്പം സീറ്റുകള്‍ ലഭിച്ചിട്ടും നറുക്കെടുപ്പിലൂടെ ഭരണം ലഭിച്ച എല്‍.ഡി.എഫ് കഴിഞ്ഞ ഭരണസമിതിയില്‍ വ്യാപക അഴിമതികളാണ് നടത്തിയിട്ടുള്ളത്.
ഇതു കണ്ടുപിടിച്ച് നടപടികളെടുക്കുകയും അനധികൃത പ്രോജക്‌ടുകള്‍ തടയുകയും ചെയ്‌തതാണ് പ്രതിക്ഷത്തെ പ്രകോപിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മദ്യപിച്ചെത്തിയ പ്രതിപക്ഷാംഗം മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കിയതാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ്. ഭാരവാഹികളായ സി.പി. സലിം, പി.ഡി. ജോസഫ്, എം.ഡി. അര്‍ജുനന്‍, ഷിജോ ഞവരക്കാട്ട്, റ്റി.എ. സിദ്ദിക്, പി.കെ. ജയന്‍ എന്നിവര്‍ പറഞ്ഞു.
നടപടി സ്വീകരിക്കണമെന്ന്
ഡീന്‍ കുര്യാക്കോസ് എം.പി.
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസിനെ ക്രൂരമായി മര്‍ദിച്ച ഇടതുപക്ഷ പഞ്ചായത്ത് അംഗത്തിനെതിരേ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ വസ്‌ത്രാക്ഷേപം ചെയ്യാനും മുഖത്തടിക്കാനും ഇടതുപക്ഷ പുരുഷ പ്രതിനിധി നേതൃത്വം നല്‍കിയത് സാംസ്‌കാരിക കേരളത്തിന്റെ മുഖത്തേറ്റ അടിയാണ്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധിയാണ് പ്രസിഡന്റിനെ അതിക്രൂരമായ നിലയില്‍ മര്‍ദിച്ചത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്‌തമായ പ്രതിരോധം തീര്‍ക്കുമെന്നും ഡീന്‍ കുര്യാക്കോസ് എം.പി. പറഞ്ഞു.