Thursday, March 12, 2026 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.19 PM

രാജപാതയ്‌ക്കായി വീണ്ടും സമരം സജീവമാക്കാനൊരുങ്ങി ജനം രംഗത്ത്‌

uploads/news/2026/02/826700/1.jpg

അടിമാലി: പതിറ്റാണ്ടുകളായി ഉന്നയിച്ച ആവശ്യം നടപ്പാക്കാതെ വന്നതോടെ രാജപാതയ്‌ക്കായി വീണ്ടും ജനം സമര രംഗത്തേക്ക്‌. പഴയ ആലുവ-മൂന്നാര്‍ രാജപാത തുറക്കണമെന്നും യാത്രായോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ്‌ സമരം വീണ്ടും ശക്‌തമാക്കുന്നത്‌.
മാങ്കുളം, കുട്ടമ്പുഴ, കീരംപാറ ഗ്രാമപഞ്ചായത്തുകള്‍ കോതമംഗലം നഗരസഭാ കൗണ്‍സിലുമായി ചേര്‍ന്നാണ്‌ സമരം സംഘടിപ്പിക്കുന്നത്‌. റോഡ്‌ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വം നല്‍കിയാണ്‌ 25ന്‌ കോതമംഗലം പൊതുമരാമത്ത്‌ വകുപ്പ്‌ (റോഡ്‌ വിഭാഗം) സബ്‌ ഡിവിഷനു മുന്‍പില്‍ ധര്‍ണ്ണാ സമരം നടത്തുന്നത്‌.
മൂന്നാറില്‍ നിന്ന്‌ കരിന്തിരി, പെരുമ്പന്‍കുത്ത്‌, കുരങ്ങുകുടി, പൂയംകുട്ടി വഴി ആലുവയില്‍ എത്തിയിരുന്ന രാജപാത തകര്‍ന്നത്‌ 1924 ല്‍ ഒരു നൂറ്റാണ്ട്‌ മുന്‍പുണ്ടായ വെള്ളപ്പൊക്കത്തിലാണ്‌. പകരം സംവിധാനം എന്ന നിലയില്‍ ആലുവയില്‍ നിന്ന്‌ കോതമംഗലം, അടിമാലി വഴി മുന്നാറിലേക്ക്‌ പുതിയ റോഡ്‌ നിര്‍മിക്കാന്‍ തിരുവിതാംകൂര്‍ ഭരണാധികാരി റാണി സേതു ലക്ഷ്‌മിഭായി നടപടി സ്വീകരിക്കുകയായിരുന്നു.
പിന്നീട്‌ പഴയ റോഡ്‌ തുറക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ വലിയ തോതില്‍ ബഹുജന പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. കോതമംഗലത്തു നിന്ന്‌ 72 കിലോമീറ്റര്‍ ദൂരം മാത്രമാണ്‌ കുട്ടമ്പുഴ, പെരുമ്പന്‍കുത്ത്‌, കരിന്തിരി വഴി മൂന്നാറിലുള്ളത്‌. കോതമംഗലം മുതല്‍ പൂയംകുട്ടി വരെയുള്ള 28.5 കിലോമീറ്റര്‍ ദൂരം പൊതുമരാമത്ത്‌ വകുപ്പിനെ കൊണ്ട്‌ ഏറ്റെടുപ്പിച്ചു നിര്‍മാണം നടത്തി. ശേഷിക്കുന്ന തകര്‍ന്ന 26 കിലോമീറ്റര്‍ ദൂരം പൊതുമരാമത്ത്‌ വകുപ്പിന്റെതാണെങ്കിലും വനംവകുപ്പ്‌ ഭൂമിയുടെ അവകാശവാദവുമായി രംഗത്ത്‌ എത്തിയതോടെയാണ്‌ നിര്‍മാണ ജോലികള്‍ തടസപ്പെട്ടത്‌. സംസ്‌ഥാന സര്‍ക്കാര്‍ ഇടപെട്ട്‌ വനംവകുപ്പിന്റെ തടസ്സവാദങ്ങള്‍ ഒഴിവാക്കി റോഡ്‌ നിര്‍മാണത്തിന്‌ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ്‌ ഇപ്പോള്‍ സജീവമാകുന്നത്‌.
പഴയ ആലുവ - മൂന്നാര്‍ രാജപാതയുടെ ഭാഗമായ കോതമംഗലം - പെരുമ്പന്‍കുത്ത്‌ റോഡ്‌ മൂവാറ്റുപുഴ പൊതുമരാമത്ത്‌ (റോഡ്‌സ്) ഡിവിഷന്റെ ആസ്‌തി രജിസ്‌റ്ററില്‍ ഉള്‍പ്പെട്ടതാണ്‌. എന്നാല്‍ വനം വകുപ്പിന്റെ തടസങ്ങളെ തുടര്‍ന്ന്‌ പൂയംകുട്ടി മുതല്‍ പെരുമ്പന്‍കുത്ത്‌ വരെയുള്ള 26 കിലോമീറ്റര്‍ ദൂരം അളന്നു തിട്ടപ്പെടുത്തി ഏറ്റെടുക്കുന്നതിന്‌ പൊതുമരാമത്ത്‌ വകുപ്പിന്‌ കഴിഞ്ഞിരുന്നില്ല.
പെരുമ്പന്‍കുത്ത്‌ മുതല്‍ മാങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ വൈദ്യുത നിലയം സ്‌ഥാപിക്കുന്ന കുരങ്ങുകുടി വരെയുള്ള ദൂരം ടാറിങ്‌ ജോലികള്‍ നടന്നിട്ടുണ്ട്‌. റോഡ്‌ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള അപേക്ഷ മലയാറ്റൂര്‍, മാങ്കുളം, മൂന്നാര്‍ ഡി.എഫ്‌.ഒമാര്‍, അടിമാലി, കുട്ടമ്പുഴ ഫോറസ്‌റ്റ് റേഞ്ച്‌ ഓഫീസ്‌ അധികൃതര്‍ എന്നിവര്‍ക്ക്‌ കൈമാറിയിരുന്നു. എന്നാല്‍ വനം വകുപ്പ്‌ ഇതിനെതിരെ ശക്‌തമായ നിലപാട്‌ സ്വീകരിച്ചതോടെ സര്‍വേ നടപടികള്‍ തടസ്സപ്പെടുകയായിരുന്നു.

Ads by Google
Advertisement
Sunday 22 Feb 2026 12.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW