-->
തൊടുപുഴ: വില കുതിച്ചുയര്‍ന്നതോടെ സ്വര്‍ണം കവര്‍ച്ചയ്‌ക്കായി ഇറങ്ങുന്ന മോഷണ സംഘങ്ങള്‍ വ്യാപകമായതായി സൂചന. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്ന് ജില്ലയിലെത്തിയതായാണ് വിവരം. മോഹ വിലയായതോടെയാണ് സ്വര്‍ണം മോഷ്‌ടിക്കുന്ന സംഘങ്ങള്‍ സജീവമായി രംഗത്തിറങ്ങിയത്. മോഷ്‌ടാക്കള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം പോലീസ് തുടര്‍ച്ചയായി നല്‍കുന്നുണ്ടെങ്കിലും സംസ്‌ഥാനത്തു പല സ്‌ഥലത്തും സ്വര്‍ണക്കവര്‍ച്ച തുടരുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.
ശിവരാത്രിയോടനുബന്ധിച്ച് തൊടുപുഴ കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തിലെത്തിയ വീട്ടമ്മയുടെ മൂന്നേമുക്കാല്‍ പവന്റെ സ്വര്‍ണ മാല നഷ്‌ടപ്പെട്ടതായി പരാതിയുയര്‍ന്നു. ഇവരുടെ സമീപത്തുണ്ടായിരുന്ന ഇതര സംസ്‌ഥാനക്കാരിയായ സ്‌ത്രീയെ ക്ഷേത്രത്തിലെത്തിയ ഭക്‌തരും ഭാരവാഹികളും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ആന്ധ്രാ സ്വദേശിനിയായ ഇവര്‍ മോഷണ സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ദേഹ പരിശോധന നടത്തിയെങ്കിലും നഷ്‌ടപ്പെട്ട സ്വര്‍ണമാല ഇവരില്‍ നിന്നും കണ്ടെടുക്കാനായില്ല. തുടര്‍ന്ന് വിട്ടയച്ചു. സ്വര്‍ണം കാണാതായതായി വീട്ടമ്മ തൊടുപുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം വഴിത്തലയില്‍ വീടു കുത്തിത്തുറന്ന് നടത്തിയ വന്‍ സ്വര്‍ണകവര്‍ച്ചയില്‍ ഇതു വരെ പോലീസിനു തുമ്പൊന്നും ലഭിച്ചിട്ടില്ല.
വഴിത്തല രോഹിണിയില്‍ രാമചന്ദ്രന്‍ നായരുടെ വീട്ടില്‍ നിന്നും ഇരുപത്തിയേഴര പവന്‍ സ്വര്‍ണവും 24,000 രൂപയുമാണ് മോഷ്‌ടാക്കള്‍ കവര്‍ന്നത്. അവധി ദിനത്തില്‍ രാമചന്ദ്രന്‍ നായരും കുടുംബവും കൊച്ചിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പോയസമയത്താണ് മോഷണം നടന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ചും മറ്റും വ്യാപക അന്വേഷണം നടത്തിയിട്ടും ഇതു വരെ മോഷ്‌ടാക്കളെ കുറിച്ച് ഒരു തെളിവും ലഭിച്ചിട്ടില്ല. അടുത്ത നാളില്‍ ജയിലില്‍ നിന്നിറങ്ങിയ കുപ്രസിദ്ധ മോഷ്‌ടാവ് കാമാക്ഷി ബിജുവിനെ ഉള്‍പ്പെടെ പിടികൂടി പോലീസ് ചോദ്യം ചെയ്‌തിരുന്നു.ഏതാനും ദിവസം മുമ്പ് കരിമണ്ണൂരില്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു.
സ്വര്‍ണവില പവന് ഒരു ലക്ഷത്തിനു മുകളിലായതോടെയാണ് അന്യ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള മോഷണ സംഘങ്ങളും മറ്റും ജില്ലയിലെത്തിയത്. നാടോടികളുടെയും ആക്രി പെറുക്കുന്നവരുടെയും ചെറു കച്ചവടക്കാരുടെയും വേഷത്തില്‍ സ്‌ത്രീകളുടെ സംഘം തന്നെ ഇവിടെ തമ്പടിച്ചതായി പോലീസ് പറയുന്നു. ഉത്സവം, പെരുനാള്‍ ഉള്‍പ്പെടെ ആഘോഷങ്ങള്‍ നടക്കുന്നയിടങ്ങളിലും തിരക്കേറിയ ബസുകളിലും ബസ് സ്‌റ്റാന്‍ഡുകളിലും മറ്റുമാണ് ഇവര്‍ ചുറ്റിക്കറങ്ങുന്നത്. മോഷണം നടത്തിയാല്‍ ഉടന്‍ തന്നെ കടന്നു കളയുകയാണ് ഇവരുടെ രീതി. സിസിടിവിയില്‍ ചിത്രം പതിഞ്ഞാല്‍ പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.
ഉത്സവ, പെരുനാള്‍ സ്‌ഥലങ്ങളിലും മറ്റു തിരക്കുള്ള ഇടങ്ങളിലും സ്വര്‍ണം ധരിച്ചു പോകുന്നത് ഒഴിവാക്കുക. പ്രായമായവര്‍, കുട്ടികള്‍ എന്നിവരില്‍ നിന്നാണ് കൂടുതല്‍ മോഷണം നടക്കുന്നത്. ധരിക്കണമെന്നു നിര്‍ബന്ധമുള്ള സാഹചര്യത്തില്‍ സ്വര്‍ണം വസ്‌ത്രത്തില്‍ പിന്‍ ചെയ്‌ത് ധരിക്കുക. കുറച്ചു സ്വര്‍ണമാണെങ്കില്‍ മാത്രം വീട്ടില്‍ സുരക്ഷിതമായി സൂക്ഷിക്കുക. കൂടുതല്‍ സ്വര്‍ണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുക. വീടിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക. വീടു പൂട്ടി പോകുന്നവര്‍ സ്വര്‍ണം വീട്ടില്‍ നിന്നു മാറ്റിവയ്‌ക്കുക. വീട് അടച്ചു ദൂരയാത്ര പോകുന്നവര്‍ അടുത്തുള്ള പോലീസ് സേ്‌റ്റഷനില്‍ അറിയിക്കുക. വീട്ടില്‍ ആളില്ലെന്ന പ്രതീതി ഉണ്ടാക്കരുത്. അല്‍പം സ്വര്‍ണം നഷ്‌ടപ്പെട്ടാലും പോലീസില്‍ അറിയിക്കുക. കൃത്യമായ വിവരം നല്‍കി സഹായിക്കുക. അടുക്കള ഭാഗത്തും മറ്റു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക. കവര്‍ച്ചക്കാര്‍ക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്‍, ആയുധങ്ങള്‍, ഗോവണി എന്നിവ വീടിനു പുറത്ത് സൂക്ഷിക്കരുത്.വീടിന്റെ മുന്‍വാതില്‍ പോലും പിന്‍വാതിലും അടച്ചുറപ്പുള്ളതാണെന്ന് ഉറപ്പുവരുത്തുക. വാതിലിന്റെ പിന്നില്‍ ഇരുമ്പിന്റെ പട്ട ഘടിപ്പിച്ചാല്‍ കൂടുതല്‍ സുരക്ഷ ലഭിക്കും.
ജാഗ്രത വേണമെന്ന് പോലീസ്