-->
അടിമാലി: കൊമ്പൊടിഞ്ഞാലില്‍ കത്തിക്കരിഞ്ഞ് വീടിനകത്ത് നാലംഗ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ തുടര്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവായി. ശനിയാഴ്‌ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. തിങ്കളാഴ്‌ച ഇത് സംബന്ധിച്ച ഉത്തരവ് വെള്ളത്തൂവല്‍ പോലീസിന് കൈമാറും. വെള്ളത്തൂവല്‍ പോലീസ് സേ്‌റ്റഷന്‍ അതിര്‍ത്തിയില്‍പെട്ട കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിന് തീപിടിച്ച് വെന്തുമരിച്ച സംഭവം നടന്ന് എട്ടുമാസം പിന്നിട്ടിട്ടും അന്വേഷണത്തിന് തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഇക്കാര്യങ്ങള്‍ മംഗളം തുടര്‍ച്ചയായി വാര്‍ത്തയാക്കിയിരുന്നു. ഇതാണ് തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
കഴിഞ്ഞ മെയ് ഒന്‍പതിനാണ് പണിക്കന്‍കുടിക്ക് സമീപം കൊമ്പൊടിഞ്ഞാല്‍ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (38), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ മാതാവ് പൊന്നമ്മ (75) എന്നിവര്‍ വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എല്ലാം തന്നെ പൂര്‍ണമായും കത്തിയമര്‍ന്ന അവസ്‌ഥയിലായിരുന്നു.
വൈദ്യുതിയുടെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് ആദ്യഘട്ടത്തില്‍ അന്വേഷണസംഘം കരുതിയിരുന്നത്. എന്നാല്‍ വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല അപകടകാരണം എന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് മുന്‍പോട്ട് പോയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ആദ്യഘട്ടത്തില്‍ വെള്ളത്തൂവല്‍ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. എന്നാല്‍ കേസിന് തുമ്പ് ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സംഭവം നടക്കുന്ന ഘട്ടത്തില്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന ടി.കെ വിഷ്‌ണുപ്രദീപിന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി: ജില്‍സന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി. എല്ലാ വശങ്ങളും അന്വേഷിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തി.
ഇതിന്റെ ഭാഗമായി ശോഭയുടെത് അടക്കം മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ചാറ്റിങ്ങും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കേസന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസിയുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് കസ്‌റ്റഡിയിലെടുത്ത് ഇയാളെയും ഭാര്യയും ചോദ്യം ചെയ്‌തിരുന്നു.
എന്നാല്‍ പിന്നീടുള്ള അന്വേഷണവും വഴിമുട്ടി. സംഭവം നടന്ന മാസങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങളുടെ മനസ്സിലെ ആശങ്കയ്‌ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കൊന്നത്തടി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തി.