-->
ഉപ്പുതറ: നാലാം ക്ലാസുകാരിയുടെ കത്തിനെ തുടര്‍ന്ന് ഒരു നാടിന് ആശ്വാസമായി പാലം പണി പൂര്‍ത്തിയായി. ഉപ്പുതറ 12-ാം വാര്‍ഡിലെ പണ്ടാരംപടിയില്‍ തോടിന് കുറുകെയാണ് പാലം പണിതത്.
''ഹായ് കലക്‌ടറാന്റീ എന്റെ പേര് അനുശ്രീ അനുരാജ്. ഉപ്പുതറ ഒ.എം. എല്‍.പി. സ്‌കൂളിലാണ് പഠിക്കുന്നത്.
ഉപ്പുതറ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ പത്തേക്കര്‍ എന്ന സ്‌ഥലത്താണ് താമസിക്കുന്നത്, ഞാനും എന്റെ അനുജനും എന്റെ കൂട്ടുകാരും സ്‌കൂളില്‍ പോകുന്നത് പേടിച്ചാണ്. കാരണം വീട്ടില്‍ നിന്ന് സ്‌കൂള്‍ ബസില്‍ കയറാന്‍ ഒരു പാലം കയറി വേണം പോകന്‍. മൂന്ന് വര്‍ഷം മുമ്പുണ്ടായ മഴയില്‍ പാലം പൊളിഞ്ഞു പോയി. ഇവിടെയുള്ള മാമന്‍മാര്‍ ചേര്‍ന്ന് ഒരു ചെറിയ തടി പാലം ഇട്ടിട്ടുണ്ട്.
പക്ഷെ അത് എപ്പോള്‍ വേണമെങ്കിലും താഴെ വീഴും, സ്‌കൂള്‍ തുറക്കുമ്പോള്‍ ഞങ്ങള്‍ക്ക് പേടി ഇല്ലാതെ പോകാന്‍ ഒരു പാലം നിര്‍മിച്ചു തരാമോ...'' - ഇതാണ് ഉപ്പുതറ പത്തേക്കര്‍ സന്ധ്യാ ഭവനില്‍ അനുരാജിന്റെയും ഗീതുവിന്റെയും മകള്‍ അനുശ്രീ ഇടുക്കി കലക്‌ടര്‍ വിഘ്‌ന്വേശ്വരിയുടെ കലക്‌ടറുടെ പരാതി സെല്ലിലേയ്‌ക്ക് എഴുതിയ കത്ത്.
2025 ഏപ്രില്‍ 16നാണ് അനുശ്രീ കലക്‌ടര്‍ക്ക് കത്തെഴുതിയത്. പാലം പണിതു നല്‍കുമെന്ന് പിറ്റേ ദിവസം തന്നെ കലക്‌ടര്‍ അനുശ്രീയ്‌ക്ക് മറുപടി നല്‍കി തുടര്‍ന്ന് ത്രിതല പഞ്ചായത്തുകളുമായി സംസാരിച്ചു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ആറ് ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടി സ്വീകരിച്ചു. രണ്ടാഴ്‌ച മുന്‍പ് പാലം പണി പൂര്‍ത്തിയാക്കി വ്യാഴാഴ്‌ച മുതല്‍ കാല്‍ നടയാത്രയും അനുവദിച്ചു. ചെറുവാഹനങ്ങളും കടന്നു പോകുന്നുണ്ട്.
2000 ഓഗസ്‌റ്റിലുണ്ടായ കനത്ത മഴയിലാണ് പത്തേക്കര്‍ പണ്ഡാരം പടിയിലെ പാലം ഒലിച്ചു പോയത്. ഇതോടെ നൂറോളം കുടുംബങ്ങളുടെ വാഹന യാത്ര മുടങ്ങി. ഉടന്‍ പാലം പണിയുമെന്ന് സ്‌ഥലം സന്ദര്‍ശിച്ച എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എല്ലാവരും വാഗ്‌ദാനം നല്‍കി മടങ്ങി. ഒന്നും നടന്നില്ല.
കാട്ടുകമ്പുകള്‍ ഉപയോഗിച്ച് നാട്ടുകാര്‍ തടിപ്പാലം നിര്‍മിച്ച് അതിന് മുകളിലൂടെയാണ് തോട് മുറിച്ചു കടക്കുന്നത്. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ട് റിപ്പോര്‍ട്ട് തേടിയിരുന്നു.
കലക്‌ടറാന്റിക്കും ഫണ്ട് അന്വവദിച്ച പഞ്ചായത്തിനും നന്ദി പറഞ്ഞാണ് അനിയനും കൂട്ടുകാര്‍ക്കുമൊപ്പം അനുശ്രീ വെള്ളിയാഴ്‌ച സ്‌കൂളില്‍ പോയത്.