Friday, March 13, 2026 Last Updated 35 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.19 PM

ഡാറ്റാ മോഷണം നടത്തി മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശം അയയ്‌ക്കുന്നത്‌ ചട്ടലംഘനമെന്ന്‌

നെടുങ്കണ്ടം: ജീവനക്കാരുടെ സര്‍വീസ്‌ സംബന്ധമായ സ്‌പാര്‍ക്കില്‍ നിന്നും ജീവനക്കാരുടെ ഡാറ്റാ മോഷണം നടത്തി മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കുന്ന സന്ദേശം ചട്ടലംഘനമാണെന്ന്‌ സെറ്റോ ഇടുക്കി ജില്ലാ കമ്മിറ്റി. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നത്‌ സര്‍ക്കാരിന്റെ ഔദാര്യം ആണന്ന രീതിയില്‍ ജീവനക്കാര്‍ക്ക്‌ മുഖ്യമന്ത്രിയുടെ പേരില്‍ വ്യക്‌തിപരമായി നല്‍കിയിരിക്കുന്ന സന്ദേശം തരംതാണ രാഷ്ര്‌ടീയ നാടകവുമാണെന്ന്‌ സെറ്റോ ജില്ലാ ചെയര്‍മാന്‍ ഷാജി ദേവസ്യാ പറഞ്ഞു. ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നമ്പരുകള്‍ ശമ്പള സോഫ്‌റ്റ് വെയറായ
സ്‌പാര്‍ക്കില്‍ നിന്നും ശേഖരിച്ച്‌ ആനുകൂല്യങ്ങളനുവദിച്ചത്‌ സര്‍ക്കാരിന്റെ നേട്ടമെന്ന നിലയ്‌ക്ക് ഓരോ ജീവനക്കാരനും മുഖ്യമന്ത്രിയുടെ സന്ദേശമായി നല്‍കുകയാണ്‌. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക്‌ മാത്രമായി സ്‌പാര്‍ക്കിന്‌ നല്‍കിയിട്ടുള്ള വ്യക്‌തിഗത ഫോണ്‍ നമ്പര്‍, പേര്‌, മറ്റു വിവരങ്ങള്‍ എന്നിവ അവരുടെ അനുമതി കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസ്‌ രാഷ്ര്‌ടീയ ലാഭത്തിനായി ഉപയോഗിക്കുന്നത്‌ തികച്ചും ചട്ടവിരുദ്ധമാണ്‌. സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനായി മേലുദ്യോഗസ്‌ഥര്‍ക്കും വേതന നിര്‍ണയ വിതരണ മേലധികാരികള്‍ക്കും ഫിനാന്‍സ്‌ വകുപ്പിലെ സ്‌പാര്‍ക്ക്‌ പ്രോജക്‌ട് മാനേജ്‌മെന്റ്‌ യൂണിറ്റിനും പി.എം.യുവിനും മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ എന്നിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ ഈ വിവരങ്ങള്‍ എവിടെനിന്നും കിട്ടിയെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണം.
സ്‌പ്രിംക്ലര്‍ മാതൃകയില്‍ ധനകാര്യവകുപ്പിന്റെ പോട്ടലായ സ്‌പാര്‍ക്കിലും അഴിമതി നടക്കുന്നു എന്നതിന്റെ തെളിവാണിത്‌. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ നഗ്നമായ ലംഘനം കൂടിയാണ്‌ ഈ നടപടി.
2024 മുതല്‍ക്കുള്ള 10ശതമാനം ക്ഷാമബത്ത കുടിശികയുടെ മുന്‍കാല പ്രാബല്യം നിഷേധിച്ചതിലൂടെ 68 മാസത്തെ ഡി.എ കുടിശിക നഷ്‌ടപ്പെടുത്തിയ സര്‍ക്കാര്‍ കേവലം ഒരു മാസത്തെ ക്ഷാമബത്ത മാത്രമാണ്‌ ഉത്തരവിലൂടെ അനുവദിച്ചത്‌. കഴിഞ്ഞമാസം പ്രഖ്യാപിച്ച മൂന്ന്‌ ശതമാനം ഡി.എയുടെ കാര്യത്തിലും സ്‌ഥിതി വിഭിന്നമല്ല. ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിക്കും എന്ന പ്രഖ്യാപനമല്ലാതെ മറ്റൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി ഇടത്‌ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ഭവന വായ്‌പ അവസാന നിമിഷം തിരികെ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിലും മാനദണ്ഡങ്ങളെ കുറിച്ച്‌ പിന്നീട്‌ ഉത്തരവിറക്കുമെന്നതും പ്രഖ്യാപിക്കപ്പെട്ട അഷ്വേര്‍ഡ്‌ പെന്‍ഷന്റെ കാര്യത്തിലും നടപ്പിലാക്കുന്നതെങ്ങിനെയെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടില്ല. സിവില്‍ സര്‍വീസിന്റെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ട്‌ ജീവനക്കാരെ സ്വാധീനിക്കാന്‍ അവരുടെ സ്വകാര്യതകള്‍ ചോര്‍ത്തിയെടുത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ മുഖേന നല്‍കിയിട്ടുള്ള സന്ദേശം മുഖ്യമന്ത്രിയുടെ പദവിയുടെ നഗ്നമായ ദുരുപയോഗമാണ്‌. ഇതിന്‌ കാരണക്കാരായവര്‍ക്കെതിരെ ശക്‌തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സെറ്റോ ജില്ലാ ചെയര്‍മാന്‍ ഷാജി
ദേവസ്യാ, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗം സി.എം രാധക്ഷണന്‍, എന്‍. ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 22 Feb 2026 12.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW