-->
പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിന്റെ കാര്‍ഷിക മേഖലയ്‌ക്ക് കരുത്ത് പകരുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച സമൃദ്ധ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ തരിശ് രഹിതഗ്രാമം പദ്ധതിയുടെ കൊയ്‌ത്ത് ഉത്സവവും സൂര്യകാന്തി വിളവെടുപ്പും നടത്തി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ തരിശ് സ്‌ഥലങ്ങള്‍ കണ്ടെത്തുകയും അതില്‍ 13 ഏക്കര്‍ സ്‌ഥലത്ത് കൃഷിക്കൂട്ടങ്ങളെ രൂപീകരിച്ച് കൃഷി ആരംഭിക്കുകയും ചെയ്‌തിരുന്നു.
പദ്ധതിയുടെ ഭാഗമായി 13 വര്‍ഷം മുമ്പ് നടന്ന ഉരുള്‍പൊട്ടലില്‍ പാടെ തകര്‍ന്നുപോയ 3 ഏക്കറോളം നിലത്തിന് പുനര്‍ജ്‌ജനി എന്ന് പേരിട്ട് തൊഴിലുറപ്പിന്റെ സഹായത്തോടെ കൃഷിയോഗ്യമാക്കി മാറ്റുകയും പച്ചക്കറികളും കിഴങ്ങ് വര്‍ണ്മങ്ങളും ഉള്‍പ്പെടെ 26 ലധികം വിളകള്‍ കൃഷി നടത്തുകയും ചെയ്‌തു. കഴിഞ്ഞ ഒരു മാസമായി പുനര്‍ജ്‌ജനിയില്‍ വിരിയുന്ന സൂര്യകാന്തി വസന്തം കാണാന്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് വരെ നിരവധി സന്ദര്‍ശകര്‍ ഇവിടുത്തെ കൃഷിയിടം തേടി എത്തുന്നു.
കാണികള്‍ക്ക് കൗതുകം ഒരുക്കാന്‍ മഹാരാഷ്ര്‌ടയില്‍ നിന്നുള്ള വയലറ്റ് നിറമുള്ള നെല്‍വിത്ത് ഇനമായ നസര്‍ബാത് കൊണ്ട് പാഡി ആര്‍ട്ടും ഒരുക്കിയിട്ടുണ്ട്. ക്യാബേജ്, കോളിഫ്‌ളവര്‍, തക്കാളി, പയര്‍ തുടങ്ങിയ പച്ചക്കറികള്‍ക്കൊപ്പം തണ്ണിമത്തനും എള്ളും കൃഷി ചെയ്‌ത പുനര്‍ജ്‌ജനിയില്‍ വിളഞ്ഞ മനുരത്ന ഇനം നെല്ലിന്റെ കൊയ്‌ത്ത് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്‌ഘാടനം ചെയ്‌തു. അതോടൊപ്പം സൂര്യകാന്തി വിളവെടുപ്പും നടത്തി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും കൃഷിഭവനേയും ഏകോപിപ്പിച്ചുകൊണ്ട് വെള്ളിയാമറ്റം പഞ്ചായത്ത് നടപ്പിലാക്കിയ തരിശ് രഹിത ഗ്രാമം പദ്ധതി വഴി പഞ്ചായത്തില്‍ ഈ വര്‍ഷം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മാനിഫെസേ്‌റ്റായില്‍ ഈ പദ്ധതിഉള്‍പ്പെടുത്താനാവശ്യമായ നടപടി സ്വീകരിക്കുമെന്നും എം. പി. അറിയിച്ചു. പഞ്ചായത്ത് വികസനകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ദാസ് പുതുശേരി ആമുഖപ്രഭാഷണം നടത്തി. കൃഷി ഓഫീസര്‍ നിമിഷ അഗസ്‌റ്റിന്‍ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സജി പി. ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഓടയ്‌ക്കല്‍, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ളി ജോസുകുട്ടി, ജസ്‌റ്റി സാബു, പഞ്ചായത്ത് അംഗങ്ങളായ കെ. എസ്. ജോണ്‍, അഞ്ചു സി. ജി., ഗായത്രി ജി., ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അജയ് എ. ജെ., കൃഷി അസിസ്‌റ്റന്റ് ഡയറക്‌ടര്‍ ആഷ്‌ലി മറിയാമ്മ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കൃഷികൂട്ടം പ്രതിനിധികള്‍, കര്‍ഷകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊയ്‌ത്ത് ഉത്സവത്തില്‍ പങ്കെടുത്തു.