Wednesday, March 11, 2026 Last Updated 26 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.17 PM

പന്ത്രണ്ടാണ്ടിന്റെ പുണ്യം പകര്‍ന്ന്‌ പള്ളിപ്പാനയ്‌ക്ക് ഇന്ന്‌ സമാപനം

uploads/news/2026/02/826687/3.jpg

അമ്പലപ്പുഴ: ഭക്‌തസഹസ്രങ്ങള്‍ക്ക്‌ പന്ത്രണ്ടാണ്ടിന്റെ പുണ്യം പകര്‍ന്ന്‌ അമ്പലപ്പുഴ പള്ളിപ്പാന ഇന്ന്‌ സമാപിക്കും.
പള്ളിപ്പാനയുടെ സമാപന ദിവസമായ ഇന്ന്‌ പുറക്കളത്തില്‍ ഗുരുതിക്ക്‌ ശേഷം കോയ്‌മ വടിയില്‍ കെട്ടിയ കാപ്പ്‌ അഴിച്ച്‌ പള്ളിപ്പാന ഫലം പറഞ്ഞ്‌ കുഴിയില്‍ നിന്നും കോഴിയെ പുറത്തടുത്ത ശേഷം കോയ്‌മ വടി ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിച്ച്‌ ദേവ ചൈതന്യം തിരികെ ആവാഹിക്കുന്നതോടെ രാവിലെ 11ന്‌ പള്ളിപ്പാന ചടങ്ങുകള്‍ പൂര്‍ത്തിയാകും.
രാവിലെ ക്ഷേത്രത്തില്‍ നിന്നും കോയ്‌മവടിയില്‍ ദേവ ചൈതന്യം പള്ളി പന്തലിലേക്ക്‌ എഴുന്നള്ളിച്ച ശേഷം പള്ളിപ്പന്തലിനു മുന്നില്‍ ഇലയിട്ട്‌ ക്ഷേത്രക്കുളത്തില്‍ കുളിച്ചു വരുന്ന ഒരു പുറനാടിയെ ഇലയില്‍ തെക്കുവടക്കു കിടത്തി ബലി നല്‍കുന്നു എന്ന സങ്കല്‌പത്തില്‍ കുമ്പളങ്ങ വെട്ടും. തുടര്‍ന്ന്‌ പുറനാടിയെ ഇറക്കുടി കളത്തിന്‌ തെക്കുഭാഗത്തുള്ള സ്‌ഥലത്ത്‌ കൊണ്ടുപോയി കുലവാഴനാട്ടി നവഖന്ധം തീര്‍ത്ത്‌ പൂജ നടത്തി കുമ്പളങ്ങ വെട്ടി ഗുരുതി നടത്തും.
ഗുരുതിക്ക്‌ ശേഷം തിരികെ പള്ളിപ്പന്തലില്‍ എത്തി കോയ്‌മ വടിയില്‍ കെട്ടിയ കാപ്പുകള്‍ അഴിക്കും. അഴിച്ച കാപ്പുകള്‍ രണ്ടാം ദിവസത്തില്‍ രക്ഷകലശ പൂജയുടെ ഭാഗമായി മേല്‍ശാന്തി പൂജിച്ചു വച്ച കലശക്കുടത്തില്‍ നിക്ഷേപിക്കും.
തുടര്‍ന്ന്‌ കലശക്കുടത്തില്‍ നിന്നും മേല്‍ശാന്തി ഒരു ദ്രവ്യം എടുക്കും. കലശക്കുടത്തില്‍ നിന്നും ലഭിക്കുന്ന ദ്രവ്യത്തിന്റെ അടിസ്‌ഥാനത്തില്‍ പള്ളിപ്പാനയുടെ ഫലം വെളിപ്പെടുത്തും. അതിനു ശേഷം ഭീഷ്‌മരൂപം മാറ്റി കുഴിയില്‍ നിന്നും മൂന്നാം നാള്‍ നിക്ഷേപിച്ച വാണാള്‍ കോഴിയെ പുറത്തെടുക്കും.
തുടര്‍ന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോയ്‌മ വടി പള്ളിപ്പന്തലില്‍ നിന്നും ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിച്ച്‌ ക്ഷേത്ര പ്രദക്ഷിണം ചെയ്‌ത് നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ച്‌ കോയ്‌മവടിയില്‍ നിന്നും ദേവ ചൈതന്യം തിരികെ ബിംബത്തിലേക്ക്‌ ആവാഹിക്കുന്നതോടെ പള്ളിപ്പാന ചടങ്ങുകള്‍ക്ക്‌ പരിസമാപ്‌തിയാകും.
അതിവിശിഷ്‌ടവും ദര്‍ശന പ്രാധാന്യമേറിയതുമായ ചടങ്ങുകള്‍ക്ക്‌ ഇന്നലെ യജ്‌ഞ വേദി സാക്ഷ്യം വഹിച്ചു. പതിനാലാം ദിവസമായ ഇന്നലെ മധു എഴുന്നള്ളത്ത്‌, ഭൈരവിക്കോലം, വലിയ അടവി, വലിയ കൂമ്പുബലി എന്നീ ചടങ്ങുകള്‍ക്ക്‌ വന്‍ജനാവലി സാക്ഷിയായി.

Ads by Google
Advertisement
Sunday 22 Feb 2026 12.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW