-->
മാവേലിക്കര: ചെട്ടികുളങ്ങരയില്‍ കുംഭഭരണിച്ചന്തയ്‌ക്ക് തുടക്കമായി. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഭരണിച്ചന്ത. ഒരു കാലത്ത് ഓണാട്ടുകരയുടെ പ്രധാന കാര്‍ഷിക വിപണിയായിരുന്നു ചെട്ടികുളങ്ങര. ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്താണ് ഭരണിച്ചന്തയുടെ പ്രവര്‍ത്തനം. കാര്‍ഷിക മേഖലയിലുണ്ടായ മാന്ദ്യം ഭരണിച്ചന്തയെയും ബാധിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞകാല പ്രതാപത്തിന്റെ ഗരിമയില്‍ ഇപ്പോഴും ഭരണിച്ചന്ത പ്രവര്‍ത്തിക്കുന്നു.
ഓണാട്ടുകര പ്രദേശത്ത് കൃഷി ചെയ്യുന്ന കിഴങ്ങുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള നടീല്‍ വസ്‌തുക്കള്‍ ഇവിടെ ലഭ്യമാണ്. ചേനയും കാച്ചിലും കിഴങ്ങും തുടങ്ങി നടീല്‍ വസ്‌തുക്കള്‍ ഇവിടെ ലഭ്യമാണ്. ഇതോടൊപ്പം പറയും ചങ്ങഴിയും കൊട്ടയും വട്ടിയും കത്തിയും തുടങ്ങി വീടുകളിലേക്ക് ആവശ്യമായവയെല്ലാം ഇവിടെ ലഭ്യമാണ്. കുടുംബശ്രീയുടെ വിപണനമേളയും നഴ്‌സറിയുമെല്ലാം ഭരണിച്ചന്തയുടെ ഭാഗമാണ്. കുംഭഭരണി ദിനത്തില്‍ വീടുകളില്‍ ഒരുക്കുന്ന കൊഞ്ചും മാങ്ങയും ഉള്‍പ്പെടെ ഇവിടെ ലഭ്യമാണ്.
ചെട്ടികുളങ്ങരയുടെ ഇടവഴികളില്‍ ഉള്‍പ്പെടെ കൊഞ്ചും മാങ്ങയും വില്‍ക്കുന്നവരെ കാണാം. രാജഭരണ കാലഘട്ടത്തിലേക്ക് നീളുന്നതാണ് ഭരണിച്ചന്തയുടെ ചരിത്രം. ഓണാട്ടുകരയുടെ ഭാഗമായ പ്രദേശങ്ങളിലെ കാര്‍ഷിക വസ്‌തുക്കള്‍ വിപണനം നടത്തിയിരുന്ന പ്രധാന കേന്ദ്രമായിരുന്നു ഇവിടം. കാര്‍ഷിക വസ്‌തുക്കളും കൃഷി ഉപകരണങ്ങളും വാങ്ങാനും വില്‍ക്കാനുമായി കര്‍ഷകര്‍ ഇവിടെയെത്തുന്നു. കാര്‍ത്തിക നാള്‍ രാവിലെ വരെ ഭരണിച്ചന്ത ഉണ്ടാകും.
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഭരണിച്ചന്തയ്‌ക്ക് തുടക്കമായത്. ഓണാട്ടുകരയുടെ ഉത്സവമായ ചെട്ടികുളങ്ങര കുംഭഭരണിയോട് അനുബന്ധിച്ച് നടക്കുന്ന ഭരണിച്ചന്ത മാവേലിക്കര എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മധുസുദനന്‍, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഗീതാലക്ഷ്‌മി, ജില്ലാ പഞ്ചായത്ത് അംഗം ബിനി ജയിന്‍, വൈസ് പ്രസിഡന്റ് പുഷ്‌പരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു ദിവാകരന്‍, സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജി അച്ചന്‍കുഞ്ഞ്, അമ്പിളി, സജിന തുടങ്ങിയവര്‍ പങ്കെടുത്തു.