-->
മാരാരിക്കുളം: ഒരു വശത്ത് ഫയലിനോടും, മറ്റൊരു വശത്ത് വിധിയോടും പൊരുതിയാണ് ദീപ്‌തിയുടെ ജീവിതം. ജന്‍മനാ കൈകാലുകള്‍ക്ക് സ്വാധീനക്കുറവുണ്ടെങ്കിലും പക്ഷെ ഓര്‍മശക്‌തിയിലും, കൃത്യതയിലും കംപ്യൂട്ടര്‍ പോലും ദീപ്‌തിക്ക് മുന്നില്‍ മുട്ട് മടക്കും. ഈ കഴിവും ജോലിയോടുള്ള ആത്മാര്‍ത്ഥതയുമാണ് കഞ്ഞിക്കുഴി വില്ലേജ് ഓഫിസറായ ദീപ്‌തിയെ സംസ്‌ഥാനത്തെ മികച്ച വില്ലേജ് ഓഫീസറാക്കിയത്. ജോലി നോക്കുന്ന ഓഫീസുകളിലെ ഒട്ടുമിക്ക വസ്‌തു ഉടമകളുടെയും സര്‍വേ നമ്പര്‍ മനപാഠമാണ് ദീപ്‌തിക്ക്. ഓഫീസ് സമയം കഴിഞ്ഞാലും മണിക്കൂറുകളോളം ഫയലുകള്‍ക്ക് മുന്നില്‍ ചെലവഴിക്കും ദീപ്‌തി. 2004 ല്‍ കലവൂര്‍ വില്ലേജ് ഓഫിസില്‍ വില്ലേജ് അസിസ്‌റ്റന്റായി ജോലിയില്‍ പ്രവേശിച്ച ദീപ്‌തി 2007 ല്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായി. 2020 ല്‍ വില്ലേജ് ഓഫിസറായി കലവൂര്‍ വില്ലേജ് ഓഫിസില്‍ തന്നെ ജോലി നോക്കി. 2023 ല്‍ മണ്ണഞ്ചേരി വില്ലേജിലേക്ക് സ്‌ഥലം മാറിയ ദീപ്‌തി 2025 മുതല്‍ ചേര്‍ത്തല താലൂക്കിന് കീഴിലെ കഞ്ഞിക്കുഴി വില്ലേജിലാണ് ജോലി നോക്കുന്നത്.
ജോലിയുടെ ഇടവേളയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഓഫിസ് പരിസരത്ത് പച്ചക്കറി, പൂകൃഷിക്കും ദീപ്‌തി നേതൃത്വം നല്‍കുന്നു. നല്ല ചിത്രകാരി കൂടിയായ ദീപ്‌തി വരച്ച നിരവധി ചിത്രങ്ങള്‍ ശ്രദ്ധനേടിയിട്ടുണ്ട്. കലവൂര്‍ കരുവേലില്‍ ദാസപ്പ ക്കുറുപ്പിന്റെയും ചെമ്പക കുട്ടിയമ്മയുടെയും മകളാണ് ദീപ്‌തി. സുരേഷ് കുമാറാണ് ഭര്‍ത്താവ്. ദീപാംശി ഏകമകളാണ്.