-->
ആലപ്പുഴ: വേനല്‍ച്ചൂടിന് ആശ്വാസം പകര്‍ന്ന് ജില്ലയില്‍ മഴ. ഇന്നലെ വൈകിട്ടോടെ തുടങ്ങിയ ശക്‌തമായ മഴയില്‍ റോഡുകളിലും താഴ്‌ന്ന സ്‌ഥലങ്ങളിലും ചെറിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയ പാത നിര്‍മാണം നടക്കുന്ന മേഖലകളില്‍ റോഡരുകിലെ കുഴികളില്‍ വെള്ളം നിറഞ്ഞു. നഗരത്തിലെ തിരുമല, നെഹ്‌റു ട്രോഫി, പാലസ്, തത്തംപള്ളി, കരളകം വാര്‍ഡുകളില്‍ വെള്ളം നിറഞ്ഞു. സ്‌റ്റേഡിയം, മുനിസിപ്പല്‍ ഓഫിസ്, ആലിശേരി, സിവില്‍ സ്‌റ്റേഷന്‍, ലജനത്ത്, വലിയകുളം വാര്‍ഡുകളിലും ചെറിയ വെള്ളക്കെട്ടുണ്ട്.
മുല്ലയ്‌ക്കല്‍, തിരുവമ്പാടി, ശവക്കോട്ടപ്പാലം, ജനറല്‍ ആശുപത്രി ജങ്‌ഷനുകളില്‍ വെള്ളക്കെട്ടുണ്ടായി. പലയിടത്തും പൊതുമരാമത്ത് വിഭാഗം നിര്‍മിച്ച ഓടകള്‍ മൂടിപ്പോയ നിലയിലാണ്. ഓടയുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വിഭാഗം ചെയ്യുന്നില്ല. ഇതിലെ മണ്ണും മാലിന്യവും നീക്കം ചെയ്യാന്‍ നഗരസഭയും തയാറാകുന്നില്ല. നഗരത്തില്‍ പലയിടത്തും നിര്‍മിച്ചിട്ടുള്ള ഓടകള്‍ ആഴവും വീതിയും കുറഞ്ഞവയുമാണ്. കനത്ത മഴ തുടങ്ങുമ്പോള്‍ തന്നെ വെള്ളക്കെട്ടുണ്ടാകും. ഓടകള്‍ കയ്യേറി അനധികൃത സ്‌ഥാപനങ്ങള്‍ നിര്‍മിച്ചിട്ടുള്ളതും വെള്ളക്കെട്ട് സൃഷ്‌ടിക്കുന്നു. മഴ തുടര്‍ന്നാല്‍ കുട്ടനാട്ടില്‍ നെല്ലിന്റെ വിളവെടുപ്പ് പ്രതിസന്ധിയിലാകും. സംഭരണത്തിനായി നെല്ല് സൂക്ഷിക്കാനാകാത്ത സ്‌ഥിതിയുണ്ടാകും.