-->
ചെറുകോല്‍പ്പുഴ: ലോകത്ത് ഈശ്വരനും മുകളില്‍ ശുരുവിന് സ്‌ഥാനം നല്‍കിയ ഒരേ ഒരു ധര്‍മ്മം ഹൈന്ദവ ധര്‍മമാണെന്ന് മാര്‍ഗദര്‍ശക മണ്ഡലം മുഖ്യ കാര്യഭര്‍ശി സ്വാമി സത് സ്വരൂപാനന്ദ.
ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അയിരൂര്‍ പമ്പാ മണല്‍പ്പുറത്ത് വിദ്യാധിരാജ നഗറില്‍ നടന്നുവരുന്ന 114 ആമത് ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച ആചാര്യ സ്‌മൃതി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈശ്വരന്‍ എന്ന് കേട്ടാല്‍ ഭയന്ന് വിറക്കണം എന്ന് ധാരണയുള്ള അനേകം വിശ്വാസങ്ങള്‍ക്കിടയില്‍ ഗുരു പരമ്പരകള്‍ക്ക് നല്‍കുന്ന സവിശേഷ സ്‌ഥാനമാണ് സനാതന ധര്‍മ്മത്തെ വത്യസ്‌ഥമാക്കുന്നത്. ഈശ്വരനും ഗുരുവും ഒന്നിച്ച് വന്നാല്‍ ആദ്യം ഗുരുവിനെ വണങ്ങണമെന്നാണ് സനാതന ധര്‍മ്മം പഠിപ്പിക്കുന്നത്. ശങ്കരാചാര്യ സ്വാമികളും ചട്ടമ്പി സ്വാമികളും ശ്രീനാരയണ ഗുരുവും അടക്കമുള്ള ആചാര്യന്‍മ്മാര്‍ വിതച്ച ഭൂമികയാണ് കേരളം. എന്നാല്‍ കൊയ്യുന്നത് ഇടത് പക്ഷം അടക്കമുള്ള ശക്‌തികളാണെന്നും ഉദ്‌ഘാടന പ്രസംഗത്തില്‍ സത്സ്വരൂപാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.
ദശ പാപങ്ങളും തീര്‍ക്കുന്ന പുണ്യ നദിയായ പമ്പയുടെ തീരത്ത് 114 വര്‍ഷങ്ങളായി നടന്നുവരുന്ന ഹിന്ദുമത പരിഷത്തിലൂടെ ഋഷി പരമ്പരയോടുള്ള നമ്മുടെ കടമ നിറവേറ്റുകയാണ് ചെയ്യുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പന്‍മന ആശ്രമം മഠാധിപതി സ്വാമി കൃഷ്‌ണമയാനന്ദ തീര്‍ത്ഥപാദര്‍ അഭിപ്രായപ്പെട്ടു.
വിദ്യാധിരാജ ഗുരുകുലം സെക്രട്ടറി ഹരികൃഷ്‌ണന്‍ ഹരിഭാസ് മഹാഗുരു ചട്ടമ്പി സ്വാമികളുടെ കാരുണ്യ ദര്‍ശനം എന്ന വിഷയത്തില്‍ ശ്രീനാരായണ ഗുരുവിന്റെ സമത്വ ദര്‍ശനം എന്ന വിഷയത്തെപ്പറ്റി അദൈ്വത ധര്‍മ്മ പ്രചാരകന്‍ ജയരാജ് ഭാരതിയും പ്രഭാഷണം നടത്തി.
സദാനന്ദ സ്വാമികളുടെ നവോദ്ധാനദര്‍ശനം എന്ന വിഷയത്തെപ്പറ്റി ഗവേഷകനും ഗ്രന്ധകാരനുമായ ഡോ. സുരേഷ് മാധവ് . മഹാത്മാ അയ്യങ്കാളിയുടെ വിപ്ലവ ദര്‍ശനം എന്നവിഷയത്തെപ്പറ്റി സാധുജന പരിപാലന സംഘം സെക്രട്ടറി സുരേഷ് ജഗതി, നവോദ്ധാന ചരിത്രത്തില്‍ സ്‌ത്രീകളുടെ പങ്ക് എന്ന വിഷയത്തെപ്പറ്റി അധ്യാപികയും ഗവേഷകയുമായ ജയശീ ജ്യോതിപ്രസാദ് എന്നിവര്‍ പ്രഭാഷണം നടത്തി.ഹിന്ദുമത മഹാമണ്ഡലം ഏക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം അതിരാജ് ഐക്കര, ഗിരീഷ് ചിത്രകല എന്നിവര്‍ പ്രസംഗിച്ചു.
ഭട്ടാരകോത്സവം
സ്‌ത്രീശക്‌തിയുടെ ആരാധനയുമായി പമ്പാതീരത്ത് മാതൃപൂജ നടന്നു. ചരിത്രസ്‌മരണ പുതുക്കി ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ശ്രീവിദ്യാധിരാജ നഗറില്‍ ചടങ്ങുകള്‍ നടന്നത്. സ്‌ത്രീകളെ പ്രത്യക്ഷ ഭഗവതിമാരായി സങ്കല്‌പിച്ചായിരുന്നു ചടങ്ങുകള്‍. പഴയകാലത്തെ ഒന്‍പത് ദിവസത്തെ വിപുലമായ പൂജകള്‍ ഇന്നത്തെ സാഹചര്യത്തില്‍ അതേപടി അനുവര്‍ത്തിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍, വിധിപ്രകാരമുള്ള ചടങ്ങുകളില്‍ മാറ്റം വരുത്താതെ ഒരു ദിവസത്തെ ലഘുവായ പൂജയായാണ് മാതൃപൂജ നടത്തിയത്.ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച അതിമനോഹരമായ താരാട്ടുപാട്ടായ പിള്ളത്താലോലിപ്പ് പുനരാവിഷ്‌കരിച്ചു. ഹിന്ദുമണ്ഡലത്തിലെ വനിതാ വേദി അംഗങ്ങള്‍ താരാട്ടു പാട്ടും തിരുവാതിരയും അവതരിപ്പിച്ചു. ഗുരുതിയോടെ ചടങ്ങുകള്‍ സമാപിച്ചു. ആചാര്യന്‍ ഡോ. കൃഷ്‌ണന്‍ ഉണ്ണി ചടങ്ങുകള്‍ക്ക് നേതൃത്യം നല്‍കി.
പമ്പ ആരതി നാളെ
ഹിന്ദുമത പരിഷത്തിന്റെ സമാപന ദിവസമായ നാളെ പമ്പാ ആരതി നടക്കും. വൈകിട്ട് 6 ന് ചെറുകോല്‍പ്പുഴ കടവില്‍ പ്രത്യേകം തയ്യാര്‍ ചെയ്യുന്ന വേദിയിലാണ് ആരതി നടക്കുന്നത്. കരിമരുന്നു പ്രയോഗം, ദീപകാഴ്‌ച, പഞ്ചവാദ്യ മേളം എന്നിവയുടെ അകമ്പടിയോടെയാണ് ആരതി സംഘടിപ്പിചിരിക്കുന്നതെന്നു ജനറല്‍ സെക്രട്ടറി എ.ആര്‍ വിക്രമന്‍ പിള്ള, ആരതി ചെയര്‍മാന്‍ അഡ്വ. ഡി. രാജഗോപാല്‍, കണ്‍വീനര്‍ എം. അയ്യപ്പന്‍കുട്ടി എന്നിവര്‍ അറിയിച്ചു.