-->
പുതുമല: ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡായ പുതുമലയില്‍ പനയ്‌ക്കമുരുപ്പ് റോഡില്‍ മിനി എം.സി.എഫിന് സമീപം വാര്‍ഡിലെ ഹരിതകര്‍മ്മസേന വിഭാഗം സൂക്ഷിച്ചിരുന്ന മാലിന്യശേഖരത്തില്‍ ബുധനാഴ്‌ച അര്‍ധരാത്രി 12 മണിയോടെ വലിയതോതില്‍ തീപിടിത്തമുണ്ടായതിനു പിന്നില്‍ ദുരൂഹത.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് പുതുമല വാര്‍ഡില്‍ ദുരൂഹമായ സാഹചര്യത്തില്‍ തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തില്‍ സമീപത്തെ പുരയിടത്തിലെ പ്ലാവും തൈകളും മറ്റും കരിഞ്ഞുണങ്ങിയിട്ടുണ്ട്. കുപ്പികളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ടാണ് സമീപ വാസികള്‍ വിവരമറിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌ഥലത്തെത്തിയ അടൂര്‍ അഗ്നിശമന സേനയുടെ രക്ഷാപ്രവര്‍ത്തനം കൊണ്ടാണ് തീ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതെ പോയത്. ഈ മാലിന്യ ശേഖരത്തിനു അന്‍പത് മീറ്ററിനുള്ളില്‍ ചക്ക ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്‌ടറി പ്രവര്‍ത്തിക്കുന്നുണ്ട്. ധാരാളം യന്ത്രങ്ങളും വൈദ്യുതി സജ്‌ജീകരണവുമുള്ള ഇവിടേയ്‌ക്ക് തീ പടര്‍ന്നുവെങ്കില്‍ നാടിനെ നടക്കുന്ന ദുരന്തമുണ്ടാകുമായിരുന്നു. അലക്ഷ്യമായി ഹരിതകര്‍മ്മസേന റോഡിലിട്ട മാലിന്യമല്ല ഇതെന്നും സമീപത്തുണ്ടായിരുന്ന മിനി എം.സി.എഫില്‍ നിറഞ്ഞ മാലിന്യം ക്‌ളീന്‍ കേരള കമ്പിനിക്ക് കൈമാറുന്നതിനു മുന്‍പുള്ള തരം തിരിക്കലിന്റെ ഭാഗമായി റോഡരികില്‍ സൂക്ഷിച്ചതാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം.അടുത്തിടെയായി പുതുമലയിലും പാലമുക്കിലും വിഹരിക്കുന്ന ലഹരി മാഫിയ സംഘങ്ങള്‍ക്കോ മറ്റു സാമൂഹിക വിരുദ്ധര്‍ക്കോ ഇതിനു പിന്നില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നു വരുന്നുണ്ട്. പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.