-->
കോഴഞ്ചേരി: വരള്‍ച്ച ശക്‌തമാകും മുമ്പേ പമ്പാതീരം വറ്റിവരളുന്നു. ഈ മേഖലയിലെ കിണറുകളില്‍ മിക്കതിലും വെള്ളം ഇല്ലാത്ത സ്‌ഥിതിയായി. പമ്പയില്‍നിന്നു വെള്ളം ശേഖരിക്കാമെന്ന് കരുതിയാല്‍ അതും തെറ്റി. നദി പുറ്റുകള്‍ നിറഞ്ഞ് വെറും ചാലായി മാറി. പലയിടത്തും മറു കര വഴിയാണ് ചാല്‍. ഇതോടെ വെള്ളമെടുക്കാനോ കുളിക്കാനോ നദി കടക്കേണ്ട ഗതികേടിലാണ് സമീപ വാസികള്‍. അശാസ്‌ത്രീയ മണല്‍ ഖനനം മൂലം നദിയുടെ അടിത്തട്ട് താണതാണ് തീരത്തെ കിണറുകളില്‍ വെള്ളമില്ലാതെയാകാന്‍ കാരണം. ഇതോടെ സമീപ പഞ്ചായത്തുകളിലെല്ലാം വെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്.
കിഴക്ക് റാന്നി മുതല്‍ ആറന്മുള വരെയുള്ള പ്രദേശങ്ങളില്‍ എല്ലാം ജലവിതരണ പദ്ധതികള്‍ ഉണ്ടെങ്കിലും പലതി ലേക്കും വെള്ളം പമ്പ് ചെയ്യാന്‍ കഴിയുന്നില്ല.കുറച്ചുസമയം മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പിന്നീട് ചെളി വെള്ളമാണ് ടാങ്കുകളിലേക്ക് കയറുന്നത്.ഇതോടെ പമ്പിങ് നിര്‍ത്തിവയ്‌ക്കുകയാണ്. ചെളി കയറുന്നത് മോട്ടോറുകള്‍ തകരാറിലാകുന്നതിനും കാരണമാകുന്നുണ്ട്.
അയിരൂര്‍ കാഞ്ഞിറ്റുകര കുടിവെള്ള പദ്ധതി
അയിരൂര്‍ കാഞ്ഞിറ്റുകര കുടിവെള്ള വിതരണ പദ്ധതിയില്‍നിന്നു പമ്പയാറിലെ വെള്ളത്തിന്റെ കുറവു കാരണം പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും വെള്ളം എത്തിക്കാന്‍ കഴിയുന്നില്ല. ഇടപ്പാവൂരില്‍ കുഴിച്ചിരിക്കുന്ന കിണറ്റില്‍നിന്നു പ്ലാങ്കമണ്ണില്‍ സ്‌ഥാപിച്ചിരിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് എത്തിച്ചാണ് ശുദ്ധീകരണത്തിനുശേഷം എല്ലാ വാര്‍ഡുകളിലും വെള്ളം നല്‍കുന്നത്. വേനല്‍ക്കാലം ആരംഭിച്ചതോടെ പമ്പയാറില്‍ ഉണ്ടായ വെള്ളത്തിന്റെ കുറവുകാരണവും മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതും പമ്പിംഗ് തടസപ്പെടാന്‍ കാരണമായിട്ടുണ്ട്.
തുടര്‍ന്ന് കിണറ്റില്‍ അടിഞ്ഞുകൂടിയ ചള്ളയും എക്കലും മാലിന്യങ്ങളും നീക്കം ചെയ്‌തു. എന്നാല്‍ വേനല്‍ ശക്‌തി പ്രാപിച്ചതോടുകൂടി പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തിക്കാന്‍ കഴിയുന്നില്ല. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ 4, 5 വാര്‍ഡുകളില്‍ 15 ദിവസത്തിലൊരിക്കല്‍ പോലും വെള്ളം ലഭിക്കുന്നില്ല. അതോടൊപ്പം പൈപ്പ് ലൈനില്‍ ഉണ്ടാകുന്ന പൊട്ടലുകളും പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് പഞ്ചായത്ത് ഭരണസമിതി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കിണറിന് സമീപമുള്ള പൈപ്പ് ലൈന്‍ നീട്ടുക, മണല്‍ ചാക്ക് അടുക്കി ബണ്ട് സ്‌ഥാപിക്കുക, മിനി വെല്ലുകള്‍ കുഴിക്കുക എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നതെന്ന് പ്രസിഡന്റ് സുരേഷ് കുഴിവേലില്‍ പറഞ്ഞു.
കോയിപ്രം സമഗ്ര കുടിവെള്ള പദ്ധതി
ഏഴു പഞ്ചായത്തുകളിലായി രണ്ടു ലക്ഷത്തോളം പേരുടെ കുടിവെള്ള ദാരിദ്ര്യം പൂര്‍ണമായും പരിഹരിക്കപ്പെടാവുന്ന കോയിപ്രം സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. പദ്ധതിയെ അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം 260 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ കാല പരിധി 2028 ല്‍ അവസാനിക്കും. അതിനാല്‍ താമസംവിനാ പണികള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. പദ്ധതിയുടെ പാമ്പിങ് മെയിന്‍, ശുദ്ധീകരണ പ്ലാന്റ്, കിണര്‍ എന്നിവയുടെ നിര്‍മ്മാണ കരാര്‍ 90 കോടി രൂപയ്‌ക്കു ഹൈദരാബാദ് ആസ്‌ഥാനമായുള്ള എവറസ്‌റ്റ് ഇന്‍ഫ്രാസ്‌ട്രകച്ചര്‍ ഇന്ത്യ ആണ് എടുത്തിരിക്കുന്നത്. രണ്ടു വര്‍ഷത്തോളമായിട്ടും കമ്പനി എഗ്രിമെന്റ് വെച്ചിട്ടില്ല.
സ്‌ഥലം ലഭ്യമാകും എന്നുറപ്പു ലഭിക്കാത്തതിനാലാണ് എഗിമെന്റ് വെക്കാത്തതെന്നു കമ്പനി പ്രതിനിധികള്‍ അറിയിച്ചു. കോയിപ്രത്തു പ്ലാന്റിനായി കണ്ടെത്തിയ സ്‌ഥലത്തെ ചൊല്ലി വസ്‌തു ഉടമ ഹൈ ക്കോടതിയില്‍ കൊടുത്ത തര്‍ക്കം കാരണം ആണ് പണികള്‍ മുടങ്ങിയത്. പുറമറ്റത്തും ഏഴുമറ്റൂരിലും സ്‌ഥലം വാഗ്‌ദാനം ഉണ്ടായിട്ടുണ്ട്. ഏഴുമറ്റൂര്‍, കല്ലൂപ്പാറ, തോട്ടപ്പുഴശേരി, ഇരവിപേരൂര്‍, പുറമറ്റം, കുന്നന്താനം, കോയിപ്പുറം പഞ്ചായത്തുകളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
കോഴഞ്ചേരി കുടിവെള്ള പദ്ധതി
പമ്പാ നദിയില്‍ കീഴുകരയില്‍നിന്നാണ് കോഴഞ്ചേരിയില്‍ കുടിവെള്ളം എത്തിക്കുന്നത്.ഇതിനായി വെണ്ണപ്ര പാറയില്‍ ടാങ്കും കുരങ്ങുമലയില്‍ ട്രീറ്റ് മെന്റ് പ്ലാന്റും സ്‌ഥാപിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രീയിലേക്ക് വെള്ളം എത്തിക്കുന്നതും ഈ പദ്ധതിയില്‍ നിന്നാണ്. എന്നാല്‍ നദിയില്‍ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ പമ്പിങ് മുടങ്ങുകയാണ്. ഇതോടെ ജല വിതരണവും കൃത്യമായി നടത്താന്‍ കഴിയുന്നില്ല. പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും വേനല്‍ കനക്കുംമുമ്പേ ജലക്ഷാമം രൂക്ഷമാകുകയാണ്.