-->
കോട്ടയം: ഏബിള്‍ കോട്ടയം രണ്ടാംഘട്ടം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ജില്ലാ ആശുപത്രിയില്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, തെരുവു നായ സംരക്ഷണം... ജില്ലാ പഞ്ചായത്തില്‍ പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റില്‍ ശ്രദ്ധേയ പദ്ധതികള്‍. ആകെ 157.88 കോടി രൂപ വരവും 152.53 കോടി രൂപ ചെലവും 5.35 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്‌റ്റ്യന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായി. ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്നു നടക്കും.
പ്രധാന പദ്ധതികള്‍
2016 ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ഏബിള്‍ കോട്ടയത്തിന്റെ രണ്ടാം ഘട്ടത്തിനായി 10 കോടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കോട്ടയം ജനറല്‍ ആശുപത്രി കാന്‍സര്‍ ചികിത്സാ വിഭാഗത്തിന് ആധുനിക ചികിത്സാ സ്‌പെഷാലിറ്റി ബ്ലോക്ക് നിര്‍മിക്കാന്‍ 5 കോടി രൂപ. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഓട്ടിസം കോംപ്ലക്‌സിനു രണ്ടു കോടി രൂപ. കോവിഡിനുശേഷം കുഴഞ്ഞു വീണുള്ള മരണ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗസാധ്യതാ നിര്‍ണയ ക്യാമ്പിന് 50 ലക്ഷം രൂപ. എല്ലാ ഡിവിഷനുകളിലും ടര്‍ഫുകളും നീന്തല്‍ക്കളങ്ങളും നിര്‍മിക്കാന്‍ ഒരു കോടി രൂപ.കുമരകത്തു പൊതുകളി സ്‌ഥലത്തിനായും നാടന്‍ പന്തുകളി പ്രചാരണത്തിനും പരിശീലനത്തിനുമായി 50 ലക്ഷം രൂപ വീതം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയുധങ്ങള്‍ ലഭ്യമാക്കാനും ഹരിത കര്‍മ സേനാംഗങ്ങള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ആരോഗ്യ പരിരക്ഷണത്തിനും 25 ലക്ഷം രൂപ വീതം.
ആശാ പ്രവര്‍ത്തകര്‍ക്കു വിവര ശേഖരണത്തിനു ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരു കോടി രൂപ. അംഗന്‍വാടികളുടെ നവീകരണത്തിന് ഒരു കോടി രൂപ. കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് ഗ്രാമവണ്ടികള്‍ക്കായി 15 ലക്ഷം രൂപ. ഇലവീഴാപൂഞ്ചിറയില്‍ പൂഞ്ചിറ വണ്ടര്‍വാലി വിനോദ സഞ്ചാര പദ്ധതിക്ക് ഒരു കോടി രൂപ. കുമരകത്തെ ടൂറിസം മാസ്‌റ്റര്‍ പ്ലാന്‍ - 10 ലക്ഷം രൂപ, കോഴ കൃഷിത്തോട്ടത്തിന്റെ ഫാം ടൂറിസം മാസ്‌റ്റര്‍ പ്ലാന്‍ - 10 ലക്ഷം രൂപ, മലയോര അഡ്വഞ്ചര്‍ ടൂറിസം സമഗ്ര മാസ്‌റ്റര്‍ പ്ലാന്‍ - 10 ലക്ഷം രൂപ. കടുത്തുരുത്തി എഴുമാന്തുരുത്തിലും തണ്ണീര്‍മുക്കത്തും ടൂറിസംമാസ്‌റ്റര്‍ പ്ലാനിന് - 5 ലക്ഷം രൂപ.
ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് 50 ലക്ഷം രൂപ കാന്‍സര്‍ രോഗനിര്‍ണയ പദ്ധതിയായ കാന്‍ കോട്ടയം പദ്ധതിക്ക് 20 ലക്ഷം രൂപ. അവയവ മാറ്റ ശസ്‌ത്രക്രിയയെത്തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു മരുന്നു ലഭ്യമാക്കാന്‍ 30 ലക്ഷം രൂപ. റബര്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തു ടാപ്പ് ചെയ്യുന്നതിനും റബര്‍ അധിഷ്‌ടിത സ്‌റ്റാര്‍ട്ട് അപ്പുകള്‍ക്കുമായി പ്രോത്സാഹനം.
കോട്ടയം ഫെസ്‌റ്റിവല്‍ - 20 ലക്ഷം രൂപ, വാകത്താനത്ത് ഉണ്ണിനീലി സന്ദേശ പൈതൃക സ്‌മാരകം - 60 ലക്ഷം രൂപ, നാടന്‍ പന്തുകളി കളിസ്‌ഥലങ്ങള്‍ക്കും, പ്രചരണത്തിനുമായി - 50 ലക്ഷം, സമഗ്ര വയോജന ആരോഗ്യ പരിരക്ഷ പദ്ധതിക്കായി 45 ലക്ഷം രൂപ.