-->
അടിമാലി: യാത്രാപ്രതിസന്ധി രൂക്ഷമായിരുന്ന നേര്യമംഗലം വനമേഖലയിലെ കുഴികള്‍ അടച്ചുള്ള ടാറിങ് ജോലികള്‍ ആരംഭിച്ചു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്റര്‍ ഭാഗത്തെ ടാറിങ് റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.
നിലവിലുണ്ടായിരുന്ന റോഡിന്റെ വീതി വര്‍ധിപ്പിച്ചുള്ള നവീകരണ ജോലികള്‍ ആരംഭിച്ചപ്പോള്‍ത്തന്നെ കോടതി ഇടപെടലും സര്‍ക്കാരിന്റെ തെറ്റായ സത്യവാങ്‌മൂലവും മുഖേന ജോലികള്‍ തടസപ്പെട്ടിരുന്നു. നിലവില്‍ ഉണ്ടായിരുന്ന ടാറിങ് അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് തടസം ഉണ്ടായിരുന്നില്ല. ഇതും സമയബന്ധിതമായി നടക്കാതെ വന്നതോടെ വലിയ ജനകീയ പ്രക്ഷോഭങ്ങ ള്‍ക്കൊടുവിലാണ് താല്‍ക്കാലികമായി കുഴികള്‍ അടച്ചുള്ള ടാറിങ് ജോലികള്‍ ആരംഭിച്ചത്. ടാറിങ് ജോലികള്‍ ആരംഭിച്ചത് ദേവികുളം എം.എല്‍.എയുടെ ഇടപെടല്‍ മൂലം ആണെന്ന് അവകാശപ്പെട്ട് ഇന്നലെ അടിമാലി ടൗണില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ അനുമോദന പ്രകടനവും നടന്നു. എന്നാല്‍ കൊച്ചി മുതല്‍ 3 വരെയുള്ള 100 കിലോമീറ്റര്‍ അനുവദിച്ചിട്ടുള്ള ആയിരം കോടി രൂപ മുടക്കിയുള്ള നവീകരണം പൂര്‍ണതോതില്‍ നടത്തുന്നതിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച് സംരക്ഷണ സമിതിയും രംഗത്തുണ്ട്. മൂന്നാര്‍ വരെ എല്ലാ മേഖലയിലും 100 അടി വീതി ദേശീയപാതയ്‌ക്കായി മാറ്റിയിട്ടുണ്ട്.
എന്നിട്ടും സര്‍ക്കാരിന് വേണ്ടി ആദ്യഘട്ടത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി തെറ്റായ സത്യവാങ്‌മൂലം കോടതിയില്‍ സമര്‍പ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പിന്നീട്, പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ സത്യവാങ്‌മൂലം തിരുത്തി ഈ മേഖല പൂര്‍ണമായും റവന്യൂ വകുപ്പിന്റെതാണെന്നും വനം വകുപ്പിന് റോഡിലെ ഭൂമിക്ക് അവകാശം ഇല്ലെന്നും ചീഫ് സെക്രട്ടറി തന്നെ കോടതിയില്‍ സത്യവാങ്‌മൂലം ഫയല്‍ ചെയ്‌തിരുന്നു. വനമേഖലയില്‍ വരുന്ന ഭൂമിയില്‍ മാത്രമാണ് ഇത് സംബന്ധിച്ച് തര്‍ക്കം നില്‍ക്കുന്നത്. ഇതു പരിഹരിച്ച് റവന്യൂഭൂമിയാണെന്ന് കണ്ടെത്തി നിര്‍മാണം തുടരുന്നതിന് അവസരം ഒരുക്കാന്‍ കോടതി ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയിരുന്നു. റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് രേഖാമൂലം റവന്യൂ സെക്രട്ടറിക്ക് കൈമാറി.
നൂറടി വീതിയിലുള്ള സ്‌ഥലം റവന്യൂ വകുപ്പിന്റെത് ആണെന്നുള്ള രേഖകളും കണ്ടെത്തി നല്‍കിയിട്ടും ചീഫ് സെക്രട്ടറി അന്തിമ തീരുമാനത്തിലെത്താന്‍ വൈകുന്നതില്‍ വ്യാപക പ്രതിഷേധമാണുള്ളത്.