-->
വ്രതശുദ്ധിയുടെ പുണ്യറമദാന്‍ കാലത്ത് ഒഴിവാക്കാന്‍ കഴിയാത്ത ഫലമാണ് ഈന്തപ്പഴം. പകല്‍ മുഴുവന്‍ വ്രതമെടുത്ത് അതിന്റെ പൂര്‍ണതയില്‍ വിശ്വാസികള്‍ പ്രാര്‍ഥനയോടെ ആദ്യം കഴിക്കുന്നത് ഈന്തപ്പഴമായതിനാല്‍ ഈ കാലത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണിത്. ഇതോടെ റമദാന്‍ മാസത്തില്‍ ജില്ലയില്‍ ഈന്തപ്പഴ വിപണി ഉണര്‍ന്നു. 45 ലധികം തരം ഇനങ്ങളാണ് വിപണിയില്‍ വില്‍പ്പനക്കായി എത്തിച്ചിരിക്കുന്നത്. വില കൂടിയ അജ്‌വാ മുതല്‍ താരമേന്യ വില കുറവുള്ള ഹാദി, ഹസ അടക്കമുള്ളവയാണ് വിപണിയില്‍ താരങ്ങളായി ഇടം പിടിച്ചി രിക്കുന്നത്. അജ്‌വയ്‌ക്ക് വിപണിയില്‍ 2500 രൂപയാണ് കിലോക്ക് വിലയെങ്കില്‍ ഹാദിക്കും ഹസക്കും 250 രൂപയാണ് വില.
കൂടാതെ അബര്‍, മജ്‌ദോല്‍, ജോര്‍ദന്‍, സഫാവി, ബര്‍നി, സുക്രി, അമീര്‍, ഇറാഖി, ത്വാഹിത്, ഷാലിമാര്‍ തുടങ്ങിയവയാണ് റമദാന്‍ മാസത്തില്‍ പ്രത്യേകം എത്തിച്ചിരിക്കുന്നത്. അറേബ്യയിലെ വിവിധ ഇടങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നാണ് ഇത് എത്തിച്ചതെന്നും വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. അറേബ്യയില്‍ മാത്രം 2862 തരം ഈന്തപ്പഴങ്ങളുണ്ടത്രേ. ഇതില്‍ ചെറിയ ശതമാനം മാത്രമാണ് ഇന്ത്യയിലെത്തുന്നത്. വ്രതശുദ്ധിയുടെ പുണ്യവുമായി നോമ്പ് തുറ സമയത്ത് വിശ്വാസിയുടെ തൊണ്ടയിലേക്ക് വിശുദ്ധി പകരുന്നത് കാരക്കയും ഈന്തപ്പഴവും ഉപയോഗിച്ചാണ്. നിങ്ങള്‍ കാരക്ക കൊണ്ട് നോമ്പ് തുറക്കുക കാരണം അതില്‍ അനുഗ്രഹമുണ്ട് എന്നാണ് നബിവചനം. എന്താണെങ്കിലും ജില്ലയിലെ വിവിധ ടൗ ണുകളില്‍ ഈന്തപ്പഴ വിപണികള്‍ സജീവമാണ്.
ജോമോന്‍ താന്നിക്കല്‍
നെടുങ്കണ്ടം