-->
അടിമാലി: കൊമ്പൊടിഞ്ഞാലില്‍ കത്തിക്കരിഞ്ഞ് വീടിനകത്ത് നാലംഗ കുടുംബം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താല്‍ കൊന്നത്തടിയില്‍ പൂര്‍ണം. കൊന്നത്തടി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ആചരിച്ചത്. ജനകീയ സമിതി ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനോട് പിന്തുണ പ്രഖ്യാപിച്ച് എന്‍.ഡി.എയും ശിവസേനയും രംഗത്തുവന്നിരുന്നു.
പ്രധാന ടൗണുകളായ കമ്പിളികണ്ടം, പാറത്തോട്, പണിക്കന്‍കുടി, മുനിയറ, കൊന്നത്തടി മേഖലകളില്‍ വ്യാപാരസ്‌ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാഴാഴ്‌ച വൈകുന്നേരം തന്നെ വ്യാപാരസ്‌ഥാപനങ്ങളില്‍ നേരിട്ട് സഹകരണം ഉറപ്പാക്കിയിരുന്നു. നിരത്തിലിറങ്ങിയ ഏതാനും സ്വകാര്യവാഹനങ്ങള്‍ അല്‍പസമയം തടഞ്ഞശേഷം വിട്ടയച്ചു. അനിഷ്‌ട സംഭവങ്ങള്‍ ഇല്ലാതെ ശാന്തമായി നിലയിലാ യിരുന്നു ഹര്‍ത്താല്‍ നടന്നത്. ഇതിനിടെ കേസ് സംബന്ധിച്ച് അന്വേഷണം പൂര്‍ണമായി ക്രൈംബ്രാഞ്ചിന് വിടാനുള്ള തീരുമാനം താല്‍ക്കാലിക ആശ്വാസം പകര്‍ന്നിട്ടുണ്ട്. കേസ് പൂര്‍ണമായും ക്രൈംബ്രാഞ്ചിന് വിടുന്നതിന് മുന്നോടിയായി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി: ജോയി മാത്യുവിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവം നടന്നതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലുണ്ടായ വീഴ്‌ചകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച്, ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. രണ്ടാംഘട്ട വിശദമായ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. തുടര്‍ന്ന് അന്വേഷണത്തിന്റെ പൂര്‍ണമായ കേസ്‌ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറും.
നാലംഗ കുടുംബം വീടിന് തീപിടിച്ച് വെന്തുമരിച്ച സംഭവം നടന്ന് എട്ടുമാസം പിന്നിട്ട ശേഷവും അന്വേഷണത്തിന് തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിയാതെ വന്നിരുന്നു. ഇതുവരെയും ലഭിക്കാത്ത ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. മരിച്ച ശുഭയുടെതും സമീപവാസികളുടെ അടക്കം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വ്യാപകമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ശോഭയുടെത് അടക്കം മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് മറ്റ് പിടിച്ചെടുത്തിട്ടുള്ള ഉപകരണങ്ങള്‍ ഇവയെല്ലാം കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും. തിരുവനന്തപുരം, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളിലെ വിവിധ ഫൊറന്‍സിക് സയന്‍സ് ലാബിലേക്കാണ് പരിശോധനയ്‌ക്കായി കൈമാറിയിട്ടുള്ളത്. കഴിഞ്ഞ മെയ് 9നാണ് പണിക്കന്‍കുടിക്ക് സമീപം കൊമ്പൊടിഞ്ഞാല്‍ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (38), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ മാതാവ് പൊന്നമ്മ (75) എന്നിവര്‍ വീടിനുള്ളില്‍ കത്തിയമര്‍ന്ന നിലയില്‍ കണ്ടെത്തിയത്. വൈദ്യുതിയുടെ ഷോട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് ആദ്യഘട്ടത്തില്‍ അന്വേഷണസംഘം കരുതിയിരുന്നത്.
പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് മുന്‍പോട്ട് പോയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, വൈദ്യുതിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല അപകടം എന്ന് ജില്ലാതലത്തിലുള്ള വൈദ്യുതി വകുപ്പ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു.