-->
മട്ടാഞ്ചേരി: തോപ്പുംപടി പള്ളിച്ചാല്‍ തോടിന്റെ നവീകരണത്തിന് സാധ്യത തെളിയുന്നു.നവീകരണവുമായി ബന്ധപ്പെട്ട് മേയര്‍ വി.കെ മിനിമോളും സംഘവും സന്ദര്‍ശനം നടത്തി. പള്ളിച്ചാല്‍ തോടിന്റെ ശുചികരണവും ആഴം കൂട്ടലും നടക്കാത്തതിനാല്‍ കൊച്ചി കായലില്‍ നിന്നുള്ള എക്കലും സമുദ്രോല്‍പ്പന്ന കയറ്റുമതി കമ്പനികള്‍ പുറത്തുവിടുന്ന മാലിന്യങ്ങളും നിറഞ്ഞ് ദുര്‍ഗന്ധ പൂരിതവും പ്രദേശവാസികളുടെ ആരോഗ്യത്തിനു ഹാനികരവുമായ അവസ്‌ഥയിലുമാണ്.കൊച്ചി നഗരസഭ 65 ,66,67 എന്നീ ഡിവിഷനുകളുടെ അതിര്‍ത്തിയിലാണ് ഈ തോട്.
67-ാം ഡിവിഷന്‍ കൗണ്‍സിലര്‍ സുമിത് ജോസഫ് പള്ളിച്ചാല്‍ തോടിന്റെയും പരിസരവാസികളുടെയും ദയനീയാവസ്‌ഥ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് മേയര്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോടൊപ്പം സ്‌ഥലം സന്ദര്‍ശിച്ചു. തോട്ടില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ നിന്നുള്ള അതിരൂക്ഷമായ ദുര്‍ഗന്ധവും ഗുരുതരമായ പകര്‍ച്ചവ്യാധി ഭീഷണിയും ബോധ്യപ്പെട്ടതിനെ തുടര്‍ന്നു തോടിന്റെ ശോച്യാവസ്‌ഥ പരിഹരിക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഉടനെ സമര്‍പ്പിക്കാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കു മേയര്‍ നിര്‍ദ്ദേശം നല്‍കി.പള്ളിച്ചാല്‍ തോടിനു വേണ്ടി ഒരു സമഗ്ര നവീകരണ പാക്കേജ് അനുവദിച്ച് തോട്ടിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്‌ത് ആഴം വര്‍ധിപ്പിക്കുക, തോടിന്റെ അതിരുകള്‍ പാര്‍ശ്വഭിത്തികള്‍ കെട്ടി സംരക്ഷിക്കുക എന്നീ കാര്യങ്ങളും സുമിത് ജോസഫ് മേയറുടെ ശ്രദ്ധയില്‍ പെടുത്തി.കൗണ്‍സിലര്‍മാരായ സുമീത് ജോസഫ്, ലവിത നെല്‍സണ്‍, ലിസി സുമി, മുന്‍ കൗണ്‍സിലര്‍ സെലിന്‍ പീറ്റര്‍, പി.പി ജേക്കബ്, പ്രതാപന്‍ സി.ജി, ജോര്‍ജ് ജെയ്‌സണ്‍, സി.ടി തോമസ്, സേവ്യര്‍ ജാക്‌സണ്‍, വര്‍ണ്മീസ് എന്നിവര്‍ മേയറോടൊപ്പം ഉണ്ടായിരുന്നു.