-->
മാവേലിക്കര: തെക്കേക്കരയുടെ അക്ഷരമിത്രം കുറത്തികാട് ചെറിയമാലിമേല്‍ (ചെറുമാലേല്‍) സി.സോമരാജനുണ്ണിത്താന്‍ എന്ന സി.ആര്‍.എസ്. ഉണ്ണിത്താന്‍ ഓര്‍മ്മയായി. കഴിഞ്ഞ ഒരാഴ്‌ച മുമ്പുവരെ മാധ്യമരംഗത്ത് സജീവ സാനിധ്യമായിരുന്നു 72കാരനായ ഉണ്ണിത്താന്‍. പ്രഥമ ചുവടുവയ്‌പ് മംഗളം ദിനപ്പത്രം ഏജന്റ് എന്ന നിലയിലായിരുന്നു. ഇക്കാലയളവില്‍ അതിന്റെ മാവേലിക്കര ലേഖകനായും പ്രവര്‍ത്തിച്ചു. ഇതോടെ മംഗളം ഉണ്ണിത്താന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
നിരവധിയായ പൊതു വിഷയങ്ങള്‍ അധികാരികള്‍ക്ക് മുന്നില്‍ എത്തിച്ച് പരിഹാരങ്ങള്‍ ഉണ്ടാക്കി. ജനശ്രദ്ധയിലും ഭരണകൂടങ്ങള്‍ക്കുമുന്നിലും എത്തിച്ച ഉത്തരവാദിത്യപൂര്‍ണ്ണ മാധ്യമധര്‍മ്മം നിര്‍വഹിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് ഉണ്ണിത്താന്റെ മടക്കം. മാവേലിക്കര അഗ്രി ഹോള്‍ട്ടി കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി സി.ആര്‍.എസ്. ഉണ്ണിത്താനെ മികച്ച മാധ്യമപ്രവര്‍ത്തകന്‍ എന്ന ബഹുമതി നല്‍കി ആദരിച്ചു. കേരളഭൂഷണം, കര്‍മ്മഭൂമി, ജന്മഭൂമി എന്നീ മാധ്യമങ്ങളിലും പ്രവര്‍ത്തിച്ച സി.ആര്‍.എസ്. മാവേലിക്കര മീഡിയാസെന്ററിന്റെ സ്‌ഥാപക സെക്രട്ടറിയായി ആറുവര്‍ഷം പ്രവര്‍ത്തിച്ചു. സാന്ത്വനം പബ്ലിക് ചാരിറ്റബിള്‍ ട്രസ്‌റ്റും ആദരിച്ചിട്ടുണ്ട്. മാവേലിക്കര ബിഷപ് മൂര്‍ കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കെ.എസ്.യു. പ്രവര്‍ത്തകനായിരുന്നു. സമാന്തര വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാകേന്ദ്രം എന്ന ട്യൂഷന്‍ സെന്ററും ടൈപ്പ്‌റൈറ്റിങ് ഇന്‍സ്‌റ്റിറ്റ്യൂട്ടും നടത്തി. ഇക്കാലയളവില്‍ ജനതാപാര്‍ട്ടിയുടെയും പിന്നീട് കേരളാ കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഉണ്ണിത്താന്‍ അവസാനകാലങ്ങളില്‍ ബി.ജെ.പി പ്രാദേശിക നേതാവായി പ്രവര്‍ത്തിക്കുകയായിരുന്നു. ഒപ്പം ഒരുമ ഓണ്‍ലൈന്‍ ചാനലിന്റെ റിപ്പോര്‍ട്ടറുമായിരുന്നു. സ്‌ഥാനമാനങ്ങള്‍ അദ്ദേഹത്തെ ഭ്രമിപ്പിക്കാത്ത തിനാല്‍ തെക്കേക്കരയുടെ രാഷ്‌ട്രീയഭൂപെടത്തില്‍ തന്നെ ഒതുങ്ങി നിന്നു. 1992ല്‍ ഭാര്യ രാധാദേവി മരണപ്പെട്ടു.