-->
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന പള്ളിപ്പാനയുടെ അതിവിശിഷ്‌ടവും ദര്‍ശന പ്രാധാന്യമേറിയതുമായ ചടങ്ങുകള്‍ ഇന്ന് നടക്കും. ഇതിനായി യജ്‌ഞവേദി തയാറാകുകയാണ്. പതിനാലാം ദിവസമായ ഇന്ന് മധു എഴുന്നള്ളത്ത്, ഭൈരവിക്കോലം, വലിയ അടവി, വലിയ കൂമ്പുബലി എന്നീ ചടങ്ങുകള്‍ നടക്കും. വൈകുന്നേരം ആറിന് അമ്പനാട്ട് ധര്‍മ്മശാസ്‌താ ക്ഷേത്ര സന്നിധിയില്‍ നിന്നും അമ്പനാട്ടു പണിക്കന്‍ ശശിധരപ്പണിക്കര്‍ പരിവാര സമേതം മധുവുമായി എഴുന്നള്ളും.
ഒന്‍പത് മണിയോടെ മധു പള്ളിപ്പന്തലിന് മുമ്പില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് മഹാദേവന് നിവേദിക്കുന്നതിനായി മധു കൂത്താടികള്‍ പള്ളിപ്പന്തലില്‍ നിന്നും എടുത്ത് വലിയ കൂമ്പു ബലിക്കായി സ്‌ഥാപിച്ചിട്ടുള്ള കൂമ്പുകളില്‍ മധ്യ ഭാഗത്തെ കൂമ്പിനു ചുവട്ടില്‍ വക്കും. തുടര്‍ന്ന് കാളിയും ദാരികനും വരവ് യജ്‌ഞവേദിയില്‍ നടക്കും. അമ്പലപ്പുഴ ഗണകന്റെ തറവാടായ ആമയിട കാട്ടുവേലി ക്കകത്തുനിന്നും പുറപ്പെടുന്ന പാളയില്‍ എഴുതിയ ഭൈരവി കോലമാണ് എഴുന്നള്ളിക്കുന്നത്.
അമലിന്റെ നേതൃത്വത്തിലുള്ള സംഘം പാളയില്‍ എഴുതുന്ന ഭൈരവി കോലവും അകമ്പടി കോലങ്ങളായ മറുതയും സുന്ദര യക്ഷിയും ശിരസിലേറ്റി ദിലീപ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. പള്ളിപ്പന്തലിലെത്തി കുമ്പളങ്ങ മുറിക്കുന്നതോടെ എഴുന്നള്ളത്തിന് സമാപനമാകും. പള്ളിപ്പാനയിലെ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ ദോഷങ്ങള്‍ മാറി ഐശ്വര്യം പ്രദാനം ചെയ്യുവാന്‍ ഭദ്രകാളി നേരിട്ടെഴുന്നള്ളുന്നു എന്നതാണ് കോലം എഴുന്നള്ളത്തിന്റെ സങ്കല്‌പം.
കോലം എഴുന്നള്ളത്തിനു ശേഷം കൂത്താടികള്‍ യജ്‌ഞശാല വിട്ട് കാടുകളില്‍ പോയി അടക്കാമരം, ചെറിയ പന, ചൂരല്‍ ഇവ പിഴുതെ ടുത്ത് യജ്‌ഞവേദിയില്‍ തിരികെയെത്തി ചൂരല്‍വള്ളികള്‍ ദേഹത്തുച്ചുറ്റി ഉറഞ്ഞു തുള്ളുന്ന വലിയ അടവി എന്ന ചടങ്ങ് നടക്കും. തുടര്‍ന്ന് പള്ളിപ്പാനയുടെ അവസാന ചടങ്ങായ വലിയ കൂമ്പുബലി നടക്കും. ചെറിയ കൂമ്പുബലിയിലൂടെ നടത്തിയ ക്ഷണം സ്വീകരിച്ച് പള്ളിപ്പാനക്ക് അനുഗ്രഹം ചൊരിയാന്‍ കൈലാസത്തില്‍ നിന്നും മഹാദേവന്‍ നേരിട്ട് എത്തുന്നു എന്ന സങ്കല്‌പത്തിലാണ് വലിയ കൂമ്പു ബലി നടക്കുന്നത്.
ഒന്‍പതേ കാല്‍ കോല്‍ നീളത്തില്‍ അഞ്ച് അടക്കാമരവും ഏഴേകാല്‍ കോല്‍ നീളത്തില്‍ ഒരു അടക്കാ മരവും കുഴിച്ചിട്ട് അതിന്‍ മുകളില്‍ തട്ടുണ്ടാക്കി കൈലാസത്തില്‍ നിന്നും യജ്‌ഞ വേദിയിലേക്കുള്ള വഴി എന്ന സങ്കല്‌പത്തില്‍ കൈലാസക്കോല്‍ ഘടിപ്പിച്ച് മഹാദേവന്‍ എഴുന്നള്ളുന്നു എന്ന സങ്കല്‌പത്തില്‍ പൂജ ചെയ്യും.