Wednesday, March 11, 2026 Last Updated 54 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.55 AM

നഗരങ്ങള്‍ ഇനി റാങ്കിങ്ങിലേക്ക്‌; സ്വച്‌ഛ് സര്‍വേഷന്‍ സര്‍വേ നടപടികള്‍ സജീവം

പത്തനംതിട്ട: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ കണ്ടെത്താനായി കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം നടത്തുന്ന വാര്‍ഷിക ശുചിത്വ സര്‍വേയായ സ്വച്‌ഛ് സര്‍വേഷന്‍ പുതിയ ഘട്ടത്തിലേക്ക്‌. ഇതിന്റെ മുന്നോടിയായി ജില്ലയിലെ നഗരസഭകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ക്ലീനിങ്‌ ഡ്രൈവുകളും ഊര്‍ജിതമാക്കി. നഗരങ്ങളിലെ ശുചിത്വം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ വിലയിരുത്തിക്കൊണ്ടാണ്‌ രാജ്യത്തെ നഗരങ്ങളെ റാങ്ക്‌ ചെയ്യുന്നത്‌. 2016-ല്‍ ആരംഭിച്ച സ്വച്‌ഛ് സര്‍വേഷന്‍, നഗരങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മികച്ച ശുചിത്വ സേവനങ്ങള്‍ പൗരന്മാര്‍ക്ക്‌ ഉറപ്പാക്കാനുമാണ്‌ ലക്ഷ്യമിടുന്നത്‌. ഇത്തവണ രാജ്യത്തെ 45,000 നഗരങ്ങളെ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതിയിലാണ്‌ സര്‍വേ നടക്കുന്നത്‌. സര്‍വേയിലെ നിര്‍ണ്ണായക ഘടകമായ തേര്‍ഡ്‌ പാര്‍ട്ടി അസെസ്‌മെന്റ്‌ മാര്‍ച്ച്‌ ഒന്നാം വാരം ആരംഭിക്കും. ദേശീയ തലത്തിലുള്ള റാങ്കിംഗില്‍ മികച്ച നേട്ടം കൈവരിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ നഗരസഭകളും വിപുലമായ തയ്യാറെടുപ്പുകളാണ്‌ നടത്തുന്നത്‌.
സര്‍വേയുടെ മുന്നോടിയായി ജില്ലയിലെ എല്ലാ നഗരസഭാ പരിധികളിലും പ്രത്യേക ക്ലീനിങ്‌ ഡ്രൈവുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. പൊതുസ്‌ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ശുചീകരണം നടക്കുന്നത്‌.
സര്‍വേയുടെ മുന്നോടിയായി നിലവിലെ പോരായ്‌മകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായി പ്രത്യേക പ്രീ-അസസ്‌മെന്റ്‌ നടപടികള്‍ക്ക്‌ തുടക്കമായി. ദേശീയ തലത്തിലുള്ള പ്രധാന സര്‍വേയ്‌ക്ക് മുന്‍പായി നഗരസഭകളുടെ ശുചിത്വ നിലവാരം സ്വയം വിലയിരുത്തുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.
മാലിന്യ സംസ്‌കരണ സംവിധാനങ്ങളിലെ പോരായ്‌മകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ്‌ അവ പരിഹരിക്കാനും, അതുവഴി വരാനിരിക്കുന്ന പ്രധാന സര്‍വേയില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടി മികച്ച റാങ്കിംഗ്‌ കരസ്‌ഥമാക്കാനും ഈ പ്രീ-അസസ്‌മെന്റ്‌ സഹായിക്കും.
വീടുകളില്‍ നിന്നുള്ള മാലിന്യ ശേഖരണം കാര്യക്ഷമമാക്കുന്നതില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുന്നു. സര്‍വേയുടെ പ്രാധാന്യത്തെക്കുറിച്ച്‌ പൗരന്മാരെ ബോധവല്‍ക്കരിക്കാനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്‌. ശുചിത്വമിഷന്‍, ജോയിന്റ്‌ ഡയറക്‌ടര്‍ ഓഫീസ്‌, കെ.എസ്‌.ഡബ്ല്യു.എം.പി, കുടുംബശ്രീ തുടങ്ങിയ ഏജന്‍സികള്‍ ഏകോപിപ്പിച്ചാണ്‌ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള 8 നഗരസഭകള്‍ രാജ്യത്തെ മികച്ച 100 പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഇത്തവണ ജില്ലയിലെ നഗരസഭകളെയും മികച്ച റാങ്കിംഗില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള ബോധവല്‍ക്കരണ പരിപാടികളും ശക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Friday 20 Feb 2026 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW