Wednesday, March 11, 2026 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.54 AM

ചൂട്ടുവേലി ജങ്‌ഷനില്‍ ജീപ്പ്‌ ഇടിച്ചു കയറി മൂന്നു പേര്‍ക്ക്‌ പരുക്ക്‌, ഒഴിവായതു വന്‍ ദുരന്തം

uploads/news/2026/02/826418/3.jpg

കോട്ടയം: എം.സി. റോഡില്‍ ചൂട്ടുവേലി ജങ്‌ഷനില്‍ നിയന്ത്രണം വിട്ട ബൊലോറേ ജീപ്പ്‌ നടപ്പാതയിലേക്കു പാഞ്ഞു കയറി മൂന്നു പേര്‍ക്കു പരുക്ക്‌, തലനാരിഴയ്‌ക്ക് ഒഴിവായതു വന്‍ അപകടം. ഇന്നലെ വൈകിട്ട്‌ ആറിനാണു സംഭവം. പേരൂര്‍ സ്വദേശി ഉഷ, കൊച്ചുമകള്‍ അശ്‌മിത (അഞ്ചര വയസ്‌) നീറിക്കാട്‌ സ്വദേശി ചാക്കോ (65)എന്നിവര്‍ക്കാണു പരുക്കേറ്റത്‌. പത്തനംതിട്ടയില്‍ നിന്നു പൊള്ളാച്ചിയ്‌ക്കു പോകുകയായിരുന്ന തമിഴ്‌നാട്‌ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ്‌ അപകടത്തില്‍പ്പെട്ടത്‌.
കോട്ടയം ടൗണ്‍ ഭാഗത്തു നിന്നു വന്ന ജീപ്പ്‌ ചൂട്ടുവേലിയ്‌ക്കു മുമ്പു നിയന്ത്രണം വിടുകയും നടപ്പാതയിലേക്ക്‌ ഇടിച്ചു കയറുകയുമായിരുന്നു. ബസ്‌ കാത്തു നില്‍ക്കുകയായിരുന്നു പരുക്കേറ്റ മൂവരും. ഇടിയുടെ ആഘാതത്തില്‍ രണ്ടു ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. കവലയില്‍ വ്യാപാരിയായ ഇറഞ്ഞാല്‍ സ്വദേശി ശശിയുടെ സ്‌കൂട്ടര്‍ ജീപ്പിനടിയില്‍പ്പെട്ടു പൂര്‍ണമായി തകര്‍ന്നു. ഇദ്ദേഹത്തിന്റെ കടയുടെ മുമ്പില്‍ വില്‍പ്പനയ്‌ക്കായി വച്ചിരുന്ന പഴങ്ങളും മറ്റു സാമഗ്രികളും പൂര്‍ണമായി തകര്‍ന്നു. സമീപത്തെ ലോട്ടറി കടയുടമ ഉദയന്‍ കടയ്‌ക്കുള്ളിലായിരുന്നതിനാല്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. ഭൂരിഭാഗം സമയവും ലോട്ടറി വില്‍പ്പനയ്‌ക്കായി ഉദയന്‍ നില്‍ക്കുന്ന സ്‌ഥലത്താണു ജീപ്പ്‌ ഇടിച്ചു കയറി നിന്നത്‌. ഇവിടെയുണ്ടായിരുന്ന മുന്നറിയിപ്പു ബോര്‍ഡ്‌ ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞു.
കുട്ടിയുടെ കാലിനു സാരമായ പരുക്കുണ്ട്‌. ഉഷയുടെയും ചാക്കോയുടെയും പരുക്കു ഗുരുതരമല്ല. വസ്‌ത്രവ്യാപാരികളായ തമിഴ്‌സംഘം പത്തനംതിട്ട മേഖലയില്‍ ഓര്‍ഡര്‍ എടുത്ത ശേഷം നാട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണു നിഗമനം. അപകടത്തെത്തുടര്‍ന്ന്‌ ഒരു മണിക്കൂറോളം എം.സി. റോഡില്‍ ഗതാഗതം സ്‌തംഭിച്ചു. ഗാന്ധിനഗര്‍ പോലീസെത്തി ഗതാഗത തടസം പരിഹരിച്ചു. സമീപത്തെ നഴ്‌സറിയില്‍ നിന്നു അശ്‌മിതയെ കൊണ്ടു പോകാന്‍ എത്തിയതായിരുന്നു ഉഷ. ചാക്കോ, സമീപത്തെ പള്ളിയിലെ പാചകക്കാരനാണ്‌.
രാവിലെ മുതല്‍ എപ്പോഴും നിരവധി പേര്‍ ബസ്‌ കാത്തു നില്‍ക്കുന്ന സ്‌ഥലത്താണ്‌ അപകടമുണ്ടായത്‌. വൈകിട്ട്‌ 3.45 മുതല്‍ അഞ്ചു വരെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വന്‍ തിരക്കുള്ള സ്‌ഥലമാണിത്‌. ഇത്തരം സമയങ്ങളിലായിരുന്നുവെങ്കില്‍ അപകടം വന്‍ ദുരന്തത്തിലേക്കു വഴിമാറുമായിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു.

Ads by Google
Advertisement
Friday 20 Feb 2026 11.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW