-->
കോട്ടയം: യാത്രക്കാരി പഴ്‌സ് വലിച്ചെറിയുന്നത് കണ്ട് ഓട്ടോഡ്രൈവര്‍ക്കു തോന്നിയ സംശയത്തില്‍ കുപ്രസിദ്ധ മോഷണക്കേസ് പ്രതിയെ പിടികൂടാന്‍ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവറെ ആദരിച്ചു.
ഓട്ടോഡ്രൈവര്‍ മനോജിനെ വെസ്‌റ്റ് പൊലീസ് എസ്.എച്ച്.ഒ അരുണിന്റെ നേതൃത്വത്തില്‍ സ്‌റ്റേഷനില്‍ വെച്ച് മൊമന്റോ നല്‍കി ആദരിച്ചു. ബുധനാഴ്‌ച്ച രാവിലെ താഴത്തങ്ങാടി അറുത്തൂട്ടിയിലാണ് സംഭവം. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി ജ്യോതിയെയാണ് പിടികൂടിയത്.
ബസ് യാത്രയ്‌ക്കിടെ കഞ്ഞിക്കുഴി സ്വദേശിയായ വീട്ടമ്മയില്‍ നിന്നും മോഷ്‌ടിച്ച പഴ്‌സുമായി ഇവര്‍ താഴത്തങ്ങാടി അറുത്തൂട്ടി ഭാഗത്ത് എത്തി. ഇവിടെ നിന്നും ഓട്ടോയില്‍ കയറി.
ഓട്ടോ നീങ്ങുന്നതിനിടെ ഇവര്‍ കൈയിലുണ്ടായിരുന്ന പഴ്‌സ് പിന്നിലേയ്‌ക്ക് ഇടുകയായിരുന്നു. കണ്ണാടിയിലൂടെ ഇതുകണ്ട് സംശയം തോന്നിയ ഡ്രൈവര്‍ സ്‌റ്റാന്‍ഡിലേക്ക് വണ്ടി എത്തിച്ചു. തുടര്‍ന്ന്, സഹഓട്ടോ ഡ്രൈവര്‍മാരെ വിവരം അറിയിച്ചു.
ഇവര്‍ ജില്ലാ പോലീസിന്റെ സ്‌പൈഡര്‍ പട്രോളിങ് സംഘത്തെയും, പിങ്ക് പോലീസിനെയും അറിയിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കൂടുതല്‍ പഴ്‌സുകള്‍ കണ്ടെത്തുകയും പത്തോളം മോഷണകേസിലെ പ്രതിയുമാണെന്നു കണ്ടെത്തിയത്.