-->
കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു മെഡിക്കല്‍ കോളജില്‍ സ്‌ഥാപിച്ച വിവിധ ഉപകരണങ്ങളുടെ ഉദ്‌ഘാടനം നാളെ രാവിലെ 11.30 ന് നടക്കും. ബയോ കെമിസ്‌ട്രി വിഭാഗത്തില്‍ 25 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ കാപ്പിലറി ഇലക്രേ്‌ടാ ഫോറസിസ്,കുട്ടികളുടെ ആശുപത്രിയില്‍ 11 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ നവജാത ശിശുക്കളുടെ ഹൃദയ സംബന്ധമായ വിവരങ്ങള്‍ വിലയിരുത്തുന്നതിനുള്ള എക്കോ മെഷീന്‍,രക്‌തസമ്മര്‍ദം പരിശോധിക്കുന്നതിനുള്ള മള്‍ട്ടി പാരാ മോണിട്ടര്‍, ദന്തല്‍ കോളജില്‍ 6 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ സ്‌കാനിങ്ങ് മെഷീന്‍ തുടങ്ങിയവയുടെ ഉദ്‌ഘാടനമാണ് നടത്തുന്നത്.ബയോ കെമിസ്‌ട്രി വിഭാഗത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി ഉണ്ടായിരുന്ന ഇലക്രേ്‌ടാ ഫോറസിസ് ഉപകരണം പ്രവര്‍ത്തന രഹിതമായതിനാല്‍ രോഗികള്‍ വളരെയധികം പ്രയാസം അനുഭവപ്പെട്ടിരുന്നു.
ഇതു കണക്കിലെടുത്താണ് ആധുനീക നിലവാരത്തിലുളള ഉപകരണം വാങ്ങുവാന്‍ തുക അനുവദിച്ചത്. കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളജുകളില്‍ ഒന്നും ഇത്തരം മെഷീന്‍ ഇല്ല. ഇതു സ്‌ഥാപിക്കുന്നതിലൂടെ സിറം ഇലക്രേ്‌ടാ ഫോറസിസ്‌പോലെയുളള പരിശോധനകള്‍ക്ക് അതിവേഗത്തിലും അത്യന്തം കൃത്യതയോടെയും ഉള്ള പരിശോധനാ ഫലങ്ങള്‍ ലഭിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പറഞ്ഞു.
മള്‍ട്ടിപ്പിള്‍മൈലോമ പോലെയുള്ള എല്ലിലെ അര്‍ബുദം, മറ്റ് പ്രോട്ടീന്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഒറ്റ രക്‌ത പരിശോധനയിലൂടെ നിര്‍ണ്ണയിക്കുന്നതിനും തുടര്‍ന്നുള്ള ചികില്‍സക്കും ഇത് വളരെയേറെ ഉപയോഗ പ്രദമാണ്.
ജനിച്ച ഉടന്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളും രക്‌തസമ്മര്‍ദവും കണ്ടുപിടിക്കാനും അതിലൂടെ അടിയന്തിര ചികില്‍സ നല്‍കാനും സാധിക്കുന്ന ഉപകരണങ്ങള്‍ ആണു കുട്ടികളുടെ ആശുപത്രിക്ക് നല്‍കിയിട്ടുള്ളത്.നവ ജാത ശിശുക്കളുടെ ശരീരത്തിനു യാതൊരു വിധ ആയാസങ്ങളും ഇല്ലാതെ ഈ മെഷീനുകള്‍ ഉപയോഗിച്ചു പരിശോധന നടത്തുവാന്‍ സാധിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകതയെന്നും ഫ്രാന്‍സിസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.