-->
കോട്ടയം: സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള, തനിച്ചു താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരെ വലയിലാക്കാന്‍ സൈബര്‍ തട്ടിപ്പു സംഘം. മക്കള്‍ വിദേശത്തു ജോലി, ചെയ്യുന്ന റിട്ട. ഉദ്യോഗസ്‌ഥരെയാണ് സൈബര്‍ ക്രിമിനല്‍ സംഘങ്ങള്‍ കുടുക്കുന്നത്. ഇത്തരത്തില്‍ കോടികള്‍ നഷ്‌ടപ്പെട്ടവര്‍ ജില്ലയിലുണ്ട്. വെര്‍ച്ച്വല്‍ അറസ്‌റ്റും ഓണ്‍ലൈന്‍ ട്രേഡിങ്ങുമൊക്കെയായാണു പണം തട്ടിയെടുക്കുന്നത്‌്
സി.ബി.ഐയില്‍നിന്നാണെന്നും മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഉടന്‍ അറസ്‌റ്റുണ്ടാകുമെന്നും ഫോണിലൂടെ അറിയിച്ചാണു സംഘം തട്ടിപ്പിനായി ശ്രമിക്കുന്നത്. സൈബര്‍ പോലീസിന്റെ ബോധവത്‌കരണം മൂലം തട്ടിപ്പിന് ഇരയാകുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെയാണു മുതിര്‍ന്നവരെ ലക്ഷ്യമാക്കി ഒരു സംഘം പ്രവര്‍ത്തിക്കുന്നത്.
വ്യാജട്രേഡിങ് ആപ്പിലൂടെ പണം നഷ്‌ടപ്പെട്ട കോട്ടയം സ്വദേശിയായ റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തതു ചര്‍ച്ചയായിരുന്നു. മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി മേഖലകളിലുള്ളവര്‍ക്ക് വെര്‍ച്വല്‍ അറസ്‌റ്റുമായി ബന്ധപ്പെട്ട വിളികളാണ് ഏറെയും.
ഡിജിറ്റല്‍ അറസ്‌റ്റിലാണെന്നു പറഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ഗ്രാമത്തില്‍ താമസിക്കുന്ന വയോധിക ദമ്പതികള്‍ക്ക് അയല്‍വാസിയായ ടെക്കിയാണ് രക്ഷകനായത്. ക്രൈം ബ്രാഞ്ച്, സി.ബി.ഐ, പൊലീസ് എന്നൊക്കെ പറഞ്ഞാണ് ഭീഷണി അധികവും.
കാഞ്ഞിരപ്പള്ളിയിലെ മുതിര്‍ന്ന ഡോക്‌ടറെ മുംബൈ സി.ബി.ഐ ഉദ്യോഗസ്‌ഥര്‍ എന്ന വ്യാജേന വിഡിയോ കോളിലൂടെ ബന്ധപ്പെട്ട സംഘം കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ടെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്നു കേസ് ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ വിവിധ അക്കൗണ്ടുകളിലായി 25 ലക്ഷം രൂപ അയക്കാന്‍ ആവശ്യപ്പെട്ടു. ഒന്നര ലക്ഷം അയച്ചപ്പോള്‍ സംശയം തോന്നി വിദേശത്തുള്ള മകനെ അറിയിച്ചു. പോലീസിനെ ബന്ധപ്പെട്ടപ്പോഴാണു തട്ടിപ്പ് അറിയുന്നത്.
മുതിര്‍ന്നവരുടെ ഇന്റര്‍നെറ്റ് സാക്ഷരതയുടെ കുറവ് മുതലെടുത്താണ് ഇവരെ പെടുത്തുന്നത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള പലരും ആദ്യ ഘട്ടത്തില്‍ സംശയമൊന്നും കൂടാതെ ഒ.ടി.പി. നല്‍കും. മക്കളും ബന്ധുക്കളും വിദേശത്തായതിനാല്‍ വിശ്വസിപ്പിക്കാന്‍ എളുപ്പം. ഇവരുടെ പേരു പറഞ്ഞാകും പലപ്പോഴും തട്ടിപ്പുകാര്‍ വിളിക്കുക. ആധാര്‍ നമ്പര്‍ വരെ തട്ടിപ്പു സംഘം കൃത്യമായി പറയുമെന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ വയോധികര്‍ കെണിയില്‍ കുടുങ്ങും.
വെര്‍ച്ച്വല്‍ അറസ്‌റ്റ് എന്നൊന്നില്ല എന്നു പ്രായമായ മാതാപിതാക്കളെ മക്കള്‍ ബോധ്യപ്പെടുത്തുകയാണ് ഇത്തരത്തില്‍ പണം നഷ്‌ടമാകുന്ന് ഒഴിവാക്കാനുള്ള പ്രധാന തന്ത്രം. അക്കൗണ്ടുകളേയ്‌ക്കു പണം അയക്കുമ്പോളും അറിയാത്ത ലിങ്കുകളില്‍ ക്‌ളിക്ക് ചെയ്യുമ്പോഴും സൂക്ഷിക്കണമെന്നും സൈബര്‍ പോലീസ് പറയുന്നു.