-->
അടിമാലി: പതിനായിരക്കണക്കിന് ആളുകളെ മഴയില്‍നിന്നും സംരക്ഷിച്ച ഹൈറേഞ്ചുകാരുടെ സുപരിചിതനായ അടിമാലിക്കാരുടെ 'സെയ്‌ദിക്ക' യാത്രയായി. അര നൂറ്റാണ്ടിലധികമായി ടൗണിന്റെ മധ്യഭാഗത്ത് കുട നന്നാക്കുന്ന ജോലിയുമായി സദാ ജാഗ്രതയോടെ കാത്തിരുന്ന വെട്ടിക്കമോളേല്‍ സെയ്‌ത് (90) ഇന്നലെയാണ് വിടവാങ്ങിയത്. കഴിഞ്ഞ 60 വര്‍ഷത്തോളമായി ഇദ്ദേഹം ടൗണില്‍ ഇതേ ജോലി തുടരുകയായിരുന്നു.
രണ്ടുമാസം മുന്‍പാണ് അര്‍ബുദ രോഗബാധിതനായി കിടപ്പിലായത്. പ്രായാധിക്യം മറന്നും ഇദ്ദേഹം ടൗണിലെ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്‍ഭാഗത്ത് തന്റെ ചെറിയ ഷെഡ്‌ഡില്‍ ജോലിയില്‍ വ്യാപൃതനായിരുന്നു. ഈ ജോലിക്കൊപ്പം ആദ്യകാ ലങ്ങളില്‍ ഉത്സവ വേദികളില്‍ വ്യാപാരം നടത്തുന്നതിനും ഇദ്ദേഹം സമയം കണ്ടെത്തി യിരുന്നു. ഏഴു മക്കളെയും വളര്‍ത്തി വലുതാക്കിയതും ഇദ്ദേഹത്തിന്റെ കഠിനപ്രയത്നം മൂലമായിരുന്നു. പിന്നീട് മക്കളൊക്കെ നല്ല നിലയില്‍ എത്തിയിട്ടും തന്റെ ജോലിയില്‍ നിന്നും ഇദ്ദേഹം പിന്മാറിയില്ല. ടൗണിന് സമീപം പഴയ റോഡിലുള്ള വീട്ടിലായിരുന്നു വര്‍ഷങ്ങളായി താമസം. പിന്നീട് ഇളയ മകന്‍ ഷെമീറിനൊപ്പം അമ്പലപ്പടിയിലേക്ക് താമസം മാറി. ഇദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമയും കിടപ്പിലാണ്. മകന്‍ മുത്തുവിന് ഒപ്പമാണ് ഫാത്തിമയുടെ താമസം. ഇന്ന് രാവിലെ 11 ന് അടിമാലി ടൗണ്‍ ജുമാ മസ്‌ജിദില്‍ സംസ്‌കാരം നടക്കും.