-->
അടിമാലി: കൊമ്പൊടിഞ്ഞാലില്‍ വീടിനകത്ത് നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിവാദങ്ങള്‍ക്കൊടുവില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നു. ഇതിന് മുന്നോടിയായി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജോയി മാത്യുവിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവം നടന്നതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലുണ്ടായ വീഴ്‌ചകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച്, ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു.
രണ്ടാംഘട്ട റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തയാറാക്കിയിട്ടുള്ളത്. അന്വേഷണത്തിന്റെ പൂര്‍ണമായ കേസ്‌ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറും. ഇന്നലെ തലസ്‌ഥാനത്തായിരുന്ന ജില്ലാ പോലീസ് മേധാവി ഇന്ന് ഇടുക്കിയിലെത്തും. തുടര്‍ന്ന് രാവിലെ ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയേക്കും.
മലയാളികളെ ആശങ്കയിലാഴ്‌ത്തി കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിന് തീപിടിച്ച് വെന്തുമരിച്ച സംഭവം നടന്ന് എട്ടുമാസം പിന്നിട്ടശേഷവും അന്വേഷണത്തിന് തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിയാതെ വന്നിരുന്നു. സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മംഗളം വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുവാന്‍ തീരുമാനമായത്. ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ ലഭിക്കാത്തതാണ് അന്വേഷണ പുരോഗതിക്ക് തടസമെന്ന് പോലീസ് പറയുന്നു.
എന്നാല്‍ ഇത് ഒരു ഭാഗം മാത്രമാണെന്ന് നിലപാടിലാണ് ക്രൈംബ്രാഞ്ച്. സംഭവം നടക്കുന്ന ഘട്ടത്തില്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന ടി.കെ വിഷ്‌ണുപ്രദീപിന്റെ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി: ജില്‍സന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വ്യാപകമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ശോഭയുടെതടക്കം മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ചാറ്റിങ്ങും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്‌ജതമാക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണം സമീപത്തെ വീടുകളിലേക്ക് വ്യാപിച്ചിരുന്നു.
പ്രദേശവാസിക്കു സംഭവത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടോയെന്നുള്ള അന്വേഷണത്തിനാണു സംഘം തുടക്കമിട്ടിരുന്നു. വിവിധ ആളുകളില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, സംഭവസ്‌ഥലത്തുനിന്നും കണ്ടെത്തിയ അവശിഷ്‌ടങ്ങള്‍ ഇവയെല്ലാം വിവിധ സ്‌ഥലങ്ങളില്‍ രാസ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. തിരുവനന്തപുരം, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളിലെ വിവിധ ഫൊറന്‍സിക് സയന്‍സ് ലാബിലേക്കാണ് ഇവ കൈമാറിയിട്ടുള്ളത്.
കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്‌തതാണോ എന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിച്ചു വരികയായിരുന്നു. അങ്ങനെയെങ്കില്‍ ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും അന്വേഷി ക്കുന്നുണ്ട്.
കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം വീടിന് തീയിട്ടതാണോ എന്ന് സംശയവും നിലനിന്നിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് വൈകിട്ട് മാത്രമാണ് അപകടകാര്യം പുറത്തറിയുന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ ഉണ്ടായിരുന്ന തടികളും ഓടുമടക്കം താഴെവീണ് കത്തിയമര്‍ന്നിരുന്നു. ഓട്ടുവിളക്കിന്റെ ഓട് അടക്കം ഉരുകി കട്ടയായ നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവം നടന്ന് പിറ്റേന്നുതന്നെ അന്നത്തെ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ്, സംഭവത്തില്‍ ദുരുഹതയുള്ളതായി ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു.
പോലീസിന് രേഖാമൂലം ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. കൊന്നത്തടിയില്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരി ച്ചിരുന്നു. നിലവില്‍ റീജിയണല്‍ ഫോറന്‍സിക് ലാബുകളില്‍ നിന്നുമടക്കം പരിശോനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വൈകുന്നതില്‍ ദുരൂഹതയുണ്ടോ എന്നതും അന്വേഷിക്കേ ണ്ടതുണ്ട്.
വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്. ഇടുക്കി ഡിവൈ.എസ്.പി: ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചെങ്കിലും അദ്ദേഹം സ്‌ഥലം മാറിപ്പോയി. പിന്നീട് ഡിവൈ.എസ്.പിയായി വന്ന രാജന്‍ കെ അരമന കഴിഞ്ഞദിവസം സ്‌ഥലം മാറി പോയിരുന്നു.
നിലവില്‍ സിബി ടോം പുതിയ ഡിവൈ.എസ്.പിയായി ചുമതല ഏറ്റെടുത്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്‌ഥരുടെ അടിക്കടി ഉണ്ടാകുന്ന സ്‌ഥലംമാറ്റവും അന്വേഷണത്തെ സാരമായി ബാധിക്കും. ഈ ഘട്ടത്തില്‍ ജനകീയ സമിതിയും വലിയ പ്രതിഷേധവുമായി രംഗത്തുവന്നു.
ഇന്ന് കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ശിവസേന അടക്കം വിവിധ ആളുകള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് 9നാണ് പണിക്കന്‍കുടിക്ക് സമീപം കൊമ്പൊടിഞ്ഞാല്‍ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (38), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ മാതാവ് പൊന്നമ്മ (75) എന്നിവരെ വീടിനുള്ളില്‍ കത്തിയമര്‍ന്ന നിലയില്‍ കണ്ടെത്തിയത്.