-->
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ പതിമൂന്നു കരക്കാര്‍ കുംഭത്തിലെ ഭരണിനാളില്‍ ഭഗവതിക്കു മുന്നില്‍ സമര്‍പ്പിക്കുന്ന കെട്ടുകാഴ്‌ചകള്‍ ശില്‍പ്പ വൈദഗ്‌ധ്യത്തിന്റെ നേര്‍ക്കാഴ്‌ചകളാണ്. മൂത്താശ്ശാരിമാരുടെ മേല്‍നോട്ടത്തില്‍ കരകളിലെ പരിചയസമ്പന്നരാണ് കെട്ടുകാഴ്‌ചകള്‍ ഒരുക്കാന്‍ നേതൃത്വം നല്‍കുന്നത്.ആറുകുതിരയും അഞ്ചു തേരും ഭീമസേനനും പാഞ്ചാലീ സമേതനായ ഹനുമാണ് കെട്ടുകാഴ്‌ചകള്‍. ശിവരാത്രി നാളില്‍ കാലത്ത് ജ്യോതിഷപ്രകാരമുള്ള നല്ല സമയം നോക്കിയാണ് ഉരുപ്പടികള്‍ കുതിരപ്പുരകളില്‍ നിന്ന് കെട്ടുകാഴ്‌ച ഒരുക്കുന്ന സ്‌ഥലത്തേക്ക് എത്തിക്കുന്നത്.
അടിക്കൂട്ട് അടിക്കൂട്ട് എന്നും വണ്ടിക്കൂട്ട് എന്നും ചട്ടം എന്നുമൊക്കെ അറിയപ്പെടുന്ന കെട്ടുകാഴ്‌ചകളുടെ അടിസ്‌ഥാനഭാഗമാണ് ആദ്യം യോജിപ്പിക്കുക. അച്ചുതടികളിന്മേല്‍ ചാടുകളുറപ്പിച്ച്, ചിറകുപടികള്‍ ചേര്‍ത്ത്, കുറ്റിക്കാലുനാട്ടി, കമഴ്‌ത്തുപടികള്‍വെച്ച് തണ്ടുകള്‍ കയറ്റി, ആപ്പിട്ടു മുറുക്കുന്നതോടെ വണ്ടിക്കൂട്ട് തയാറാകും. പിന്നീട് ചാടുകളില്‍ പിള്ളച്ചാടിട്ടും തണ്ടും വണ്ടിയും ചേര്‍ത്ത് മുറുക്കി ബലപ്പെടുത്തും. കുതരയ്‌ക്കും തേരിനും ഹനുമാനും ഭീമനുമൊക്കെ അടിക്കൂട്ട് ഉണ്ടാക്കുന്നത് ഒരു പോലെയാണ്. കുതിരകളുടെയും തേരിന്റെയും ഉടലായ കതിരു കാല്‍ നിര്‍മാണമാണ് ആദ്യം. നാലു വലിയ നീണ്ട തെങ്ങിന്‍ കീറുകള്‍ ദീര്‍ഘ ചതുരാകൃതിയില്‍ അലകുകളാല്‍ യോജിപ്പിക്കുന്നു. കതിരുകാലിന്റെ തുളകളില്‍ വെട്ടലുകള്‍ കൃത്യമായി കടത്തി ആപ്പിട്ടു മുറുക്കും. കൂടാതെ കയറിട്ടുമുറുക്കിയ ചെറിയ കുട്ടിക്കമ്പ് കൊണ്ട് അലകുകള്‍ കെട്ടിവെച്ച് ബലപ്പെടുത്തും.
പൂര്‍ത്തിയായ കതിരുകാലിന് ഉദ്ദേശം 14-18 കോല്‍ ഉയരമുണ്ടാകും. ടവറില്‍ ഉറപ്പിച്ചി ട്ടുള്ള കപ്പിയുടെ സഹായത്താല്‍ വടമിട്ട് വലിച്ചുയര്‍ത്തിയാണ് ദീര്‍ഘ ചതുരാകൃതിയിലുള്ള കതിരുകാല്‍ വണ്ടിക്കൂട്ടില്‍ കയറ്റിവയ്‌ക്കുന്നത്. ചിറകുപടി യിലെ വെട്ടിലേക്ക് കാലുകള്‍ നാലും ഇരുന്നു കഴിഞ്ഞാല്‍ ആപ്പിട്ടു മുറുക്കുകയും പിന്നീട് പന്നല്‍വള്ളിയും കയറും കൊണ്ട് കെട്ടി കതുരികാലും കുതിരയും ഉലയാതെ ബലപ്പെടുത്തുകയും ചെയ്യും. തുടര്‍ന്ന് പിള്ളക്കതിരുകാല്‍ എന്നറിയപ്പെടുന്ന നീണ്ട അലകുകള്‍ കതിരുകാലിന്റെ പുറം വശത്തു ചേര്‍ത്തു കെട്ടുന്നു. അതിന്റെ തുളകളിലൂടെ ചരിപ്പുകളുടെയും ദളങ്ങളുടെയും അലകുകകള്‍ കയറ്റുന്നു.
കുതിരകളില്‍ പിള്ളക്കതിരുകാലിന്റെ നീളം പ്രഭടയോളവും തേരുകളില്‍ മേല്‍ക്കൂടാരം വരെയും ഉണ്ടാകും. അലകുകകള്‍ പരസ്‌പരം കൂട്ടിയോജിപ്പിച്ചാണ് ചരിപ്പുകളും തട്ടുകളും ദളങ്ങളും ഉണ്ടാക്കുന്നത്. ചരിപ്പുകളും തട്ടുകളും കുതിരകള്‍ക്ക് മണ്ഡപത്തിറയ്‌ക്കു തൊട്ടുമുകളിലായും ഇടക്കൂടാരത്തിലും ആറുവീതം ചരിപ്പും തട്ടുകളുമാണുള്ളത്. എന്നാല്‍, തേരുകളിലാകട്ടെ വലിയ മൂന്നു ചരിപ്പുകളും ഉള്ളിലേക്ക് നില്‍ക്കുന്ന ദളങ്ങളുമുണ്ടാകും. ഏകദേശം വണ്ടിക്കൂട്ടിന്റെ ചതുരാകൃതിക്കു തുല്യമായി തന്നെയാകും ചരിപ്പുകളുടെയും ഇല്ലത്തട്ടുകളുടെയും ചതുരാകൃതി രൂപപ്പെട്ടുവരുന്നത്. ചരിപ്പും തട്ടും പൂര്‍ത്തിയായാല്‍ വെള്ള വലിഞ്ഞുനില്‍ക്കുന്നതിനുവേണ്ടി ചരിപ്പുകളിലും ഇല്ലിത്തട്ടുകളിലും ഇഴക്കയറു പാകും.
പുതിയതോ അലക്കിയതോ ആയ വെള്ള പരുത്തിത്തുണിയാണ് ചരിപ്പും തട്ടുമൊക്കെ പൊതിഞ്ഞു നില്‍ക്കുന്ന വെള്ളയായി ഉപയോഗിക്കുന്നത്. വലിയ കുതിരകള്‍ക്ക് ഏകദേശം 100 മീറ്ററിനു മേല്‍ വെള്ളവേണ്ടിവരും. കൂര്‍മ്പിച്ച പച്ച ഈര്‍ക്കില്‍ കൊണ്ട് കൊരുത്ത് കെട്ടിയാണ് വെള്ളയുടെ വലിവ് ഉറപ്പുവരുത്തുന്നത്. പിന്നീട് തട്ടുകളില്‍ തൂക്കു പിടിപ്പിക്കുന്നു.
പ്രഭടയും ഇടക്കൂടാരവും ഇടക്കൂടാരത്തിനും കുതിരയുടെ ചരിപ്പുകള്‍ക്കും ഇടയിലാണ് പ്രഭടയുടെ സ്‌ഥാനം. ചെറിയ കമുകില്‍ തൂണുകളില്‍ ഉയര്‍ത്തി നിര്‍ത്തിയ
അലകിന്‍ ചട്ടം ഉറപ്പിച്ചശേഷം പുരാണങ്ങളിലെ പല ഇതിഹാസ കഥകളും കഥാപാത്രങ്ങളുമുള്ള ദാരുശില്‍പ്പങ്ങളുടെ വിവിധ ഭാഗങ്ങള്‍ കഥയടുക്ക് അനുസരിച്ച് രൂപപ്പെടുത്തുകയാണ് പതിവ്. ദക്ഷയാഗം, ഗജേന്ദ്രമോക്ഷം, കൃഷ്‌ണലീല തുടങ്ങിയ കഥകള്‍ മിക്കവാറും എല്ലാ പ്രഭകടകളിലും ചിത്രീകരിച്ചിരിക്കുന്നു. പ്രഭടയുടെ മധ്യഭാഗം ദീര്‍ഘ ചതുരാകൃതിയില്‍ ദാരുശില്‍പ്പങ്ങളില്ലാതെ ഒഴിച്ചിട്ടിരിക്കും. ഈ ഭാഗത്ത് പട്ടോ, കടുംനിറമുള്ള തുണിയോ കൊണ്ടു മറച്ച്, നെറ്റിപ്പട്ടം, വെഞ്ചാമരം, ആലവട്ടം, വലിയ പേപ്പര്‍ പൂക്കള്‍ തുടങ്ങിയവ കൊണ്ട് അലങ്കരിക്കുന്നു. ഈരേഴ
തെക്ക് കരയില്‍ ഭദ്രകാളിമുടിയാണ് പ്രഭടയില്‍ വയ്‌ക്കുന്നത്. ഇടക്കൂടാരം കയറ്റി ഉറപ്പിച്ചശേഷം മാത്രമെ ഏറെ ഭാരമുള്ള പ്രഭട കയറ്റുകയുള്ളൂ. കതിരുകാലിനു മുകളിലായി കയറ്റി ഉറപ്പിക്കുന്ന പത്ത്-പന്ത്രണ്ട് അടിയോളം ഉയരമുള്ള ആറു ചരിപ്പും തട്ടുമുള്ള ഭാഗത്തിനെയാണ് ഇടക്കൂടാരം എന്നു പറയുന്നത്. കുതിരയിലെ കതിരു കാലിനുള്ള തട്ടു നിര്‍മാണം പോലെ തന്നെയാണ് ഇടക്കൂടാരവും ഉണ്ടാക്കിയെടുക്കുന്നത്. സാധാരണയായി രേവതി-അശ്വതി നാളോടെയാണ് ഇടക്കൂടാരവും പ്രഭടയും കയറ്റുന്നത്. ഏറ്റവും ഒടുവിലായി കയറ്റുന്ന ഭാഗമാണ് മേല്‍ക്കൂടാരം.
കൂടാരം ഉയര്‍ത്തി ഇടക്കൂടാരത്തിന്റെ മുകളില്‍ ബന്ധിപ്പിക്കുന്നതോടെ കുതിരകെട്ട്
പൂര്‍ത്തിയാകുകയായി. കുതിരയെ വലിക്കാന്‍ തയ്യാറായി കഴിഞ്ഞാല്‍ കരനാഥന്മാര്‍ കെട്ടുകാഴ്‌ചയുടെ ശില്‍പ്പികളായ ആശാരിമാര്‍ക്ക് ദക്ഷിണ നല്‍കും. മുന്‍ചാടില്‍ മുത്താശ്ശാരി നാളീകേരം ഉടയ്‌ക്കുന്നതോടെ ആയിരങ്ങളുടെ ആര്‍പ്പുവിളികളും വാദ്യമേളങ്ങളുമായി കെട്ടുകാഴ്‌ചകള്‍ ക്ഷേത്രത്തിലേക്ക് എത്തുകയായി.
മൂന്നു നിലകളില്‍ തേര് വണ്ടിക്കുട്ടിനു മുകളില്‍ ഒന്നാംനിലയും കതിരുകാലിനു മുകളിലാണ് രണ്ടാം നിലയും മൂന്നാം നിലയും പൂര്‍ത്തിയാക്കുക. മൂന്നാംനിലയുടെ മുകളിലെ കതിരുകാലിലേക്കാണ് കൂടാരം ബന്ധിപ്പിക്കുന്നത്. തേരിന് മുന്ന് അറകളാണു ള്ളത്. ഇവയില്‍ ദേവീമഹാത്മ്യം വിവരിക്കുന്ന കഥകളുടെ ചിത്രീകരണമാണുള്ളത്. കുറ്റിപ്പുറത്തിനും ചരിവിനുമിടയില്‍ വരുന്ന ഭാഗമാണ് അറ. അറകളിലാണ് ദേവീദേവന്മാരുണ്ടാകുക. ഓരോ കരയിലെയും ക്ഷേത്രത്തിലെ പ്രധാന ദേവതകളുടെ കഥകളും ചിത്രങ്ങളുമാണ് അറകളിലുണ്ടാകുക.