-->
ആലപ്പുഴ: കുട്ടനാടിന്റെ ഉള്‍നാടന്‍ കാഴ്‌ചകളിലേക്ക് സഞ്ചാരികളെ വരവേല്‍ക്കാന്‍ ഗള്‍ഫ് നാടുകളിലെ ഡെസേര്‍ട്ട് സഫാരി മാതൃകയില്‍ പദ്ധതിയായി. കുട്ടനാടിന്റെ സൗന്ദര്യവും രുചിവൈവിധ്യവും സാഞ്ചാരികളിലെത്തിക്കാന്‍ കുട്ടനാട് ബാക്ക്‌വാട്ടര്‍ സഫാരിക്ക് ഇന്ന് തുടക്കമാവും.
കുട്ടനാട്, പാതിരാമണല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി. സഞ്ചാരികളെ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂ റിസം സെല്ലും ജലഗതാഗതവകുപ്പും കൈകോര്‍ക്കും. ആലപ്പുഴയില്‍ വിനോദ സഞ്ചാരികളുമായി യാത്രനടത്തുന്ന ജലഗതാഗതവകുപ്പിന്റെ സീകുട്ടനാട്, വേഗ, കൊല്ലത്തെ സീ അഷ്‌ടമുടി സര്‍വീസുകള്‍ക്ക് സംസ്‌ഥാനത്തെ വിവധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ബജറ്റ് ടൂറിസം സെല്ലുകള്‍ വിനോദസഞ്ചാരികളെ എത്തിക്കുന്നുണ്ട്.
ഇതേ മാതൃക തുടരാനാണ് പദ്ധതി. സഞ്ചാരികളുമായി ബോട്ടുകള്‍ കുട്ടനാട്ടിലെ ചെറുതോടുകളിലൂടെ സഞ്ചരിക്കും. കുടുംബശ്രീയുടേയോ പ്രദേശവാസികളുടേയോ സഹകരണത്തോടെ നാടന്‍ ഭക്ഷണശാലകളില്‍നിന്ന് കുട്ടനാടിന്റെ തനതുരുചിഭേദങ്ങള്‍ വിളമ്പും.
കയര്‍പിരിയും കൃഷിയുമടക്കം കുട്ടനാടന്‍ ജീവിതം അടുത്തറിയാം. പിന്നീട് കുമരകം, മണ്‍റോതുരുത്ത് തുടങ്ങിയ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. നാടിന്റെ തനത് കലകള്‍ക്ക് വേദിയും കലാകാരന്മാര്‍ക്ക് വരുമാനവും ഉറപ്പാനാണ് ലക്ഷ്യമിടുന്നത്. കുട്ടനാട് സഫാരി ടൂറിസം പദ്ധതിയുടെയും അതിനോടനുബന്ധിച്ചുള്ള വേമ്പനാട്ടുകായലിലെ പാതിരാമണല്‍ ദ്വീപില്‍ നിര്‍മിച്ച ആംഫി തിയറ്ററിന്റെയും 30 പേര്‍ക്ക് സഞ്ചരിക്കാവുന്ന സോളര്‍ ബോട്ടിന്റെയും ഉദ്‌ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിര്‍വഹിക്കും
30 സീറ്റുള്ള പുതിയ സോളര്‍ ബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക. രാവിലെ 11ന് ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നാരംഭിച്ച് വൈകിട്ട് അഞ്ചിന് സമാപിക്കുന്ന വിധത്തിലാണ് ബോട്ട് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്കായി ആംഫി തിയറ്ററില്‍ ദിവസേന വിനോദ - സാംസ്‌കാരിക പരിപാടികളും പരമ്പരാഗത കലാരൂപങ്ങളുടെ അവതരണവും ഒരുക്കും. ആലപ്പുഴ ഇപ്‌റ്റ ആണ് കലാപരിപാടികള്‍ അവതരിപ്പിക്കുക.