-->
മണ്ണഞ്ചേരി: അടച്ചുപൂട്ടലിന്റെ വക്കില്‍നിന്ന് തിരിച്ചുവന്ന് വലിയ വിജയം നെയ്‌തെടു ത്ത ജില്ലയിലെ പൊതുമേഖലാസ്‌ഥാപനമായ കോമളപുരം സ്‌പിന്നിങ് മില്ലിങ്ങില്‍ പുതിയ ഔട്ട് ലെറ്റ് തുറക്കുന്നു.
മില്ലില്‍ ഉത്‌പാദിപ്പിക്കുന്ന ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ ഫാക്‌ടറിയില്‍നിന്ന് ജനങ്ങള്‍ക്ക് നേരിട്ട് വാങ്ങാന്‍ സൌകര്യം ഒരുക്കുന്നതിനാണ് പുതിയ ഔട്ട്‌ലെറ്റ് തുറക്കുന്നത്.
സ്‌പിന്നിങ് മില്ലിനോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ ഔട്ട് ലെറ്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. 550 ചതുരശ്ര അടിയില്‍ മനോഹരമായി സജ്‌ജീകരിച്ച കെട്ടിടത്തിലാണ് വിപണന കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ഷര്‍ട്ട് പീസുകള്‍, ദോത്തി, പുതപ്പ്, സഞ്ചി, മാസ്‌ക് തുടങ്ങി നിത്യവും ഉപയോഗിക്കാവുന്ന വിവിധ തുണിയുല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാകും. ഗുണമേന്മ ഉറപ്പുവരുത്തിയ ഉത്‌പന്നങ്ങള്‍ കുറഞ്ഞ വിലക്ക് നേരിട്ട് ലഭ്യമാക്കാനാണ് ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത്. 20 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ സൗകര്യം യാഥാര്‍ത്ഥ്യമാകുന്നത്.
ഒരു കാലത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന മില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ ശക്‌തമായ ഇടപെടലിലൂടെ തിരിച്ചുവരുകയായിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി 30 കോടിയിലധികം രൂപയുടെ വാര്‍ഷിക വിറ്റുവരവ് നേടുന്ന നിലയിലേക്ക് ഈ പൊതുമേഖല സ്‌ഥാപനം വളര്‍ന്നുകഴിഞ്ഞു.
കുടുംബശ്രീ യൂണിറ്റുകള്‍, സ്വകാര്യ സ്‌ഥാപനങ്ങള്‍, ഹരിതകര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ക്കുള്ള യൂണിഫോമുകള്‍ നിലവിള കോമളപുരം സ്‌പിന്നിങ് മില്ലില്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കാക്കി യൂണിഫോമിനുള്ള തുണി നെയ്യുന്നതും ഇവിടെ നിന്നാണ്.
കൂടാതെ സംസ്‌ഥാനത്തെ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് ആവശ്യമായ നൂല്‍ കൈത്തറി സംഘങ്ങള്‍ക്ക് നല്‍കുന്നതും ഇന്ന് കോമളപുരം മില്ലാണ്.
ഗ്രീന്‍ഫീല്‍ഡ് എന്ന സ്വന്തം ബ്രാന്‍ഡില്‍ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, ബെഡ്‌ഷീറ്റ്, ചുരിദാര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് കോമളപുരം സ്‌പിന്നിംഗ് മില്‍ വസ്‌ത്ര വിപണന രംഗത്തും പുതിയ അധ്യായം തുറന്നുകഴിഞ്ഞു. പുതിയ ഔട്ട് ലെറ്റ് ആരംഭിക്കുന്നതോടെ നാട്ടുകാര്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ നേരിട്ട് ലഭിക്കുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെടും.