-->
പുല്‍പ്പള്ളി: നിര്‍ധന കുടുംബത്തിന് വീട് വയ്‌ക്കാന്‍ സ്‌ഥലം നല്‍കി മാതൃകയായി ഒരു കുടുംബം. ഒരു വീട് എല്ലാ കുടുംബങ്ങളുടെയും വലിയ ആഗ്രഹമാണ്. പലപ്പോഴും സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുളളതിനാല്‍, ഭൂമി വാങ്ങി വീട് വെക്കാന്‍ പലര്‍ക്കും സാധിക്കില്ല. സംസ്‌ഥാന സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതിയിലൂടെ വീടുകള്‍ നല്‍കി വരുന്നുണ്ട്.
എന്നാല്‍ വീടും സ്‌ഥലവും ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുക എന്നുള്ളത് പലപ്പോഴും വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. അത്തരം ഒരു സാഹചര്യത്തിലാണ് പുല്‍പ്പള്ളി അമരക്കുനി ദേവര്‍ഗദ്ദ സ്വദേശിയായ കയ്ായലയ്‌ക്കകത്ത് അനീഷ് രാജും ഭാര്യ ഹരിതയും ഒരു നിര്‍ധന കുടുംബത്തിന് ഭൂമി നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുള്ളത്. മുളളന്‍കൊല്ലി പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതിയില്‍ ഭൂരഹിത ഭവന രഹിത ലിസ്‌റ്റില്‍ ഉള്‍പ്പെട്ട കുടുംബത്തിനാണ് ഭൂമി നല്‍കുക.
അതിന്റെ ആധാരം രജിസ്‌ട്രേഷനടക്കമുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ച് മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. റോഡ് സൗകര്യമുള്ള, പറമ്പിന് സമീപത്തോടെ ബസ് സര്‍വീസ് ഉള്ള ഭൂമിയാണ് കൈമാറുന്നത്. ഭൂമി കൈപ്പറ്റുന്ന കുടുംബം ഭൂമി കണ്ടു ഇഷ്‌ടപ്പെട്ടതിനുശേഷമാണ് മറ്റ് നടപടികളുമായി മുന്നോട്ടുപോയതെന്ന് അനീഷ് രാജ് പറഞ്ഞു.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ അക്കൗണ്ടന്റാണ് അനീഷ് രാജ്. എസ്.എന്‍ എല്‍.പി സ്‌കൂള്‍ അധ്യാപികയാണ് ഹരിത. ഇത്തരം തീരുമാനങ്ങള്‍ മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനമാകുമെന്ന് നിര്‍വഹണ ഉദ്യോഗസ്‌ഥരായ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ പി. സാജന്‍, ബിനോയ് വര്‍ഗീസ് പറഞ്ഞു. വീട് നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടികള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു പറഞ്ഞു.
അനീഷ് രാജിനേയും ഹരിതയേയും വികസന സെമിനാറില്‍ ഉപഹാരം നല്‍കി ആദരിച്ചു. ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ, ഭരണ സമിതിയംഗങ്ങള്‍ സംസാരിച്ചു.