-->
കോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ കോഴിക്കോട് പുതിയപാലത്തെ വലിയ പാലം ഇന്ന് നാടിന് സമര്‍പ്പിക്കും. 19 വര്‍ഷങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. പുതിയ പാലത്ത് 1947ല്‍ നിര്‍മിച്ച തടിപ്പാലം 1982ല്‍ കോണ്‍ക്രീറ്റ് പാലമാക്കിയെങ്കിലും ഇടുങ്ങിയതായിരുന്നു.
2022ല്‍ സ്‌ഥലമെടുപ്പിന് ഉള്‍പ്പെടെ കിഫ്‌ബി വഴി 60 കോടി രൂപ അനുവദിച്ച് ഇതേ വര്‍ഷം ജൂലൈയില്‍ പ്രവൃത്തി ഉദ്‌ഘാടനം ചെയ്‌തു. കോണ്‍ക്രീറ്റ് വാര്‍ത്തിട്ട ശേഷം പലകാരണങ്ങളാല്‍ പ്രവൃത്തികള്‍ നീണ്ടുപോയി.
പലതരത്തിലുള്ള പ്രതിഷേധങ്ങളും തെരഞ്ഞെടുപ്പ് പ്രചരണവിഷയവും എല്ലാമായി പുതിയപാലത്തെ വലിയ പാലം. പുതിയപാലത്തെ ജനകീയ സമിതിയടക്കമുള്ളവര്‍ ശക്‌തമായ സമരങ്ങളും ധര്‍ണകളും നടത്തിയിരുന്നു.
കനോലി കനാലിന് കുറുകെ 16.53 കോടി രൂപ വിനിയോഗിച്ച് 195 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും ആര്‍ച്ച് മാതൃകയില്‍ നിര്‍മിച്ച പാലത്തിനൊപ്പം ഇരു വശങ്ങളിലും അപ്രോച്ച് റോഡുമുണ്ട്. 40 കോടി രൂപയാണ് സ്‌ഥലമെടുപ്പിന് ചെലവായത്.
കേരള റോഡ് ഫണ്ട് ബോര്‍ഡിനായിരുന്നു നിര്‍മാണ ചുമതല. പുതിയ പാലം യാഥാര്‍ഥ്യമാവുന്നതോടെ റെയില്‍വേ സേ്‌റ്റഷന്‍, പാളയം, തളി, കല്ലായി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താന്‍ സാധിക്കും. ഇനി പുതിയപാലത്തെ റോഡുകളും വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വലിയ പാലത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ വരുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ നടപടികള്‍ വേണ്ടി വരും.
പുതിയപാലത്തെ വലിയ പാലത്തിന്റെ ഉദ്‌ഘാടനം ഇന്ന് രാവിലെ ഒമ്പതിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിക്കും. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ ഒ.സദാശിവന്‍, എം.കെ.രാഘവന്‍ എം.പി, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എസ്.ജയശ്രീ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.