-->
കോട്ടയം: ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപമാകുന്നതിനിടെ, ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ നഗരത്തിലെ തേയില വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം. നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കടയുടമ തട്ടിപ്പുകാരുടെ വലയില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപെട്ടത്.
ഇയാള്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി കോട്ടയത്തെ സൈനിക ക്യാമ്പിലേക്ക് വന്‍തോതില്‍ തേയില ആവശ്യമുണ്ടെന്നും അതിനായി ടെന്‍ഡര്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരിക്ക് ആദ്യം സന്ദേശം ലഭിച്ചത്.
ഇതിനു പിന്നാലെ കൃനാല്‍ ചൗധരി എന്ന പേരില്‍ ഒരു സൈനിക ഉദ്യോഗസ്‌ഥനായി ചമഞ്ഞ് ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. വ്യാപാരിയുടെ വിശ്വാസം നേടിയെടുക്കുന്നതിനായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ജി.എസ്.ടി നമ്പറും ഇവര്‍ കൈമാറിയിരുന്നു.
വാട്‌സ് ആപ്പ് വഴി തേയിലയുടെ ഗുണമേന്മയെക്കുറിച്ചും അളവിനെക്കുറിച്ചും സംഘം വിശദമായി സംസാരിച്ചു. തുടര്‍ന്നു കരാര്‍ ഉറപ്പിക്കുന്നതിനായി ഒരു ലിങ്ക് അയച്ചു നല്‍കുകയം അതിലൂടെ പണമടയ്‌ക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. തുടര്‍ച്ചയായി ആവശ്യമുന്നയിച്ചതോടെ സംശയം തോന്നിയ വ്യാപാരി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതും പോലീസിനെ സമീപിച്ചതും.
പരാതിയുടെ അടിസ്‌ഥാനത്തില്‍ സൈബര്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഗുജറാത്ത് കേന്ദ്രമാക്കിയുടെ സംഘമാണ് ഇതിനു പിന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുടുക്കാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.