-->
കുമളി: വര്‍ത്തമാന കാലഘട്ടത്തില്‍ വ്യാജ വാര്‍ത്തകളെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍മിത ബുദ്ധിയ്‌ക്ക് അടിമകളാകാതെ അവയെ വിവേകത്തോടെ ഉപയോഗിക്കാന്‍ പഠിക്കണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള-ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ വി. പളനിച്ചാമി പറഞ്ഞു.
തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കുമളിയില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച മാധ്യമ ശില്‍പ്പശാല - വാര്‍ത്താലാപ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ അതിവേഗം വളരുകയാണ്.
എ.ഐ ഇന്ന് സാധാരണക്കാര്‍ക്കും പ്രാപ്യമായിരിക്കുന്നു. എന്തൊക്കെ സാങ്കേതിക വിദ്യകള്‍ വന്നാലും മനുഷ്യന്റെ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പി.ഐ.ബി തിരുവനന്തപുരം ഇന്‍ഫര്‍മേഷന്‍ അസിസ്‌റ്റന്റ് എ.എസ്. നിഖിത സ്വാഗതം പറഞ്ഞു. പി.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. , ഐ.ഐ.ഐ.ടി കോട്ടയം അസോഷ്യേറ്റ് ഡീന്‍ എബിന്‍ ഡെനി രാജ്, ഫാക്‌ട് ചെക്കറും എ.ഐ ട്രെയിനറുമായ ഹബീബ് വൈ.പി. റഹ്‌മാന്‍, ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് ഡയറക്‌ടര്‍ ജയമോഹന്‍ നായര്‍, പി.ഐ.ബി ഇന്‍ഫര്‍മേഷന്‍ അസിസ്‌റ്റന്റ് കുമാരി നിഖിത എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ജെയ്‌സണ്‍ ഏബ്രഹാം ചടങ്ങില്‍ നന്ദി പറഞ്ഞു. സോഷ്യല്‍ മീഡിയ യുഗത്തിലെ എ.ഐ-പവേര്‍ഡ് ജേണലിസം എന്ന വിഷയത്തില്‍ ഐ.ഐ.ഐ.ടി കോട്ടയം അസോഷിയേറ്റ് ഡീന്‍ ഡോ. എബിന്‍ ഡെനി രാജ്, ഫാക്‌ട് ചെക്കിങ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യകളും എന്ന വിഷയത്തില്‍ വൈ.പി. ഹബീബ് റഹ്‌മാന്‍, സഹകരണ മേഖലയിലെ ഗവണ്‍മെന്റ് പദ്ധതികള്‍ വി.ബി-ജി റാം ജി നിയമം എന്ന വിഷയത്തില്‍ കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ ഡയറക്‌ടര്‍ ഡോ. വി. ജയമോഹന്‍ നായര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മീഡിയ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമ പദ്ധതികളെക്കുറിച്ചും അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ വി. പളനിച്ചാമി വിശദീകരിച്ചു.