-->
അടിമാലി: മലയാളികളെ ആശങ്കയിലാഴ്‌ത്തി കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിന് തീപിടിച്ച് വെന്തുമരിച്ച സംഭവം നടന്ന് എട്ടുമാസം പിന്നിട്ട ശേഷവും പോലീസ് ഇരുട്ടില്‍ തപ്പുന്നു എന്നാരോപിച്ച് ജനകീയ സമിതി 20ന് കൊന്നത്തടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് ആറു വരെയാണ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്. നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത് ആണെന്നുള്ള ആരോപണവുമായാണ് ജനകീയ സമിതി പ്രതിഷേധ സമരവുമായി രംഗത്തെത്തിയിട്ടുള്ളത്. ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ അടക്കം എത്തിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നു. കഴിഞ്ഞ മെയ് 9നാണ് കൊമ്പൊടിഞ്ഞാല്‍ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (38), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ മാതാവ് പൊന്നമ്മ (75) എന്നിവര്‍ വീടിനു തീപിടിച്ചു വെന്തുമരിച്ചത്. വൈദ്യുതിയുടെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് ആദ്യഘട്ടത്തില്‍ അന്വേഷണസംഘം കരുതിയിരുന്നത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് മുന്‍പോട്ട് പോയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഫോറന്‍സിക് പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചു. സമീപവാസിയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും അന്വേഷണസംഘം കസ്‌റ്റഡിയിലെടുത്തു. എന്നാല്‍, ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയില്ലത്രെ. ഇതിനിടെ അന്വേഷണസംഘത്തിന്റെ മേധാവിയായ ഡിവൈ.എസ്.പിക്ക് പ്രമോഷനോടുകൂടി സ്‌ഥലംമാറ്റം നല്‍കിയിരുന്നു. അന്വേഷണ സംഘത്തില്‍ മാറ്റം വന്നതോടെ വീണ്ടും കാലതാമസം എടുക്കുമെന്ന നാട്ടുകാരുടെ ആരോപണം വെറുതെയായില്ല.
വീടിന് തീപിടിക്കാന്‍ കാരണം വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന പ്രഥമ റിപ്പോര്‍ട്ട് ജില്ലാ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ തള്ളിയിരുന്നു. വീടിന് സ്വാഭാവികമായി അഗ്നിബാധ ഉണ്ടായാല്‍ വീടിനകത്തുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ കൊമ്പൊടിഞ്ഞാലില്‍ ഇളയ കുട്ടിയുടെ ഒഴികെ മൂവരുടെയും മൃതദേഹം കിടപ്പുമുറികളിലാണ് കാണപ്പെട്ടിരുന്നത്. അവ പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലും ആയിരുന്നു. ഇളയ കുട്ടിയുടെ മൃതദേഹം മാത്രമാണ് അടുക്കള ഭാഗത്ത് നിന്നും ലഭിച്ചത്. അടുത്ത കുന്നിന്‍ ചെരുവില്‍ തടിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ രാത്രിയില്‍ സ്‌ഫോടന ശബ്‌ദം കേട്ടതും ആശങ്കയ്‌ക്ക് ഇടവരുത്തിയിരുന്നു. ഇതോടെ തീപിടി ത്തത്തിന്റെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി യിരുന്നു. ഇഷ്‌ടികയും ഓടും കൊണ്ട് നിര്‍മിച്ച വീട് ഭാഗികമായി മാത്രമാണ് കത്തിയമര്‍ന്നത്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ ഒന്നും അവശേഷിക്കാതെ ചാരമായിപോയ നിലയില്‍ ആയിരുന്നു.
ഇത് ദുരൂഹതയ്‌ക്ക് ആക്കം കൂട്ടുന്നതായും ജനകീയ സമിതി പറയുന്നു. സംശയത്തിന്റെ നിഴലില്‍ കണ്ടെത്തിയ പലരെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും ആരെയോ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നതായും ആരോപണമുയര്‍ന്നു. വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ കാട്ടാനകളുടെ ജഡം ദഹിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്‌തുക്കളുടെ അവശിഷ്‌ടങ്ങള്‍ കത്തിയമര്‍ന്ന വീട്ടില്‍ നിന്നും കണ്ടെത്തിയതായി സൂചനയുണ്ട്. ഇക്കാര്യങ്ങളെല്ലാം കൊലപാതക ത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ജനകീയ സമിതി പറയുന്നു. ഹര്‍ത്താലില്‍ നിന്നും അവശ്യവസ്‌തുക്കളെ ഒഴിവാക്കിയിട്ടുള്ളതായി ജനകീയ സമിതി ചെയര്‍മാന്‍ അനില്‍ വിളക്കുന്നേല്‍, കണ്‍വീനര്‍ വിനോദ് കറുകപ്പിള്ളില്‍, എന്നിവര്‍ പറഞ്ഞു.