-->
കട്ടപ്പന: ഇടുക്കി രൂപതാ തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ നോമ്പുകാലത്തോടനുബന്ധിച്ചുള്ള കുരിശുമല കയറ്റത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്‌ചയായ നാളെ രാവിലെ 9.30ന് എഴുകുംവയല്‍ ടൗണ്‍ കപ്പേളയില്‍ നിന്നും കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണം ആരംഭിക്കുന്നു. തുടര്‍ന്ന് 11ന് മലമുകളില്‍ വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉണ്ടായിരിക്കുന്നതാണ്.
വിശ്വാസികള്‍ക്കായി ഇടവകയിലെ കുടുംബ കൂട്ടായ്‌മകളുടെ നേതൃത്വത്തില്‍ നേര്‍ച്ച കഞ്ഞിയും ഒരുക്കിയിട്ടുണ്ട്. തിരുകര്‍മങ്ങള്‍ക്ക് ഇരട്ടയാര്‍ ഫൊറോന വികാരി ഫാ. സക്കറിയാസ് കുമ്മണ്ണുപറമ്പില്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്‌ച വൈകിട്ട് ഏഴിന് മലമുകളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കു ന്നതാണ്. വലിയ നോമ്പിനോടനുബന്ധിച്ച് ഞായറാഴ്‌ചകള്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കുരിശുമലയില്‍ വൈകിട്ട് ഏഴിന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
രാത്രികാലങ്ങളിലും മല കയറുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി കുരിശുമല റെക്‌ടര്‍ ഫാ. ജോസഫ് ചുനയംമാക്കല്‍ അറിയിച്ചു.