Friday, March 13, 2026 Last Updated 29 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 12.58 PM

കാറും ഒന്നര ലക്ഷത്തോളം രൂപയും തട്ടിയെടുത്തു യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം; ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട ആറു പേര്‍ അറസ്‌റ്റില്‍

മട്ടാഞ്ചേരി: ഇടുക്കി സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി രണ്ട്‌ ദിവസം തടവില്‍ പാര്‍പ്പിച്ച്‌ മര്‍ദ്ദിച്ച്‌ ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട ആറു പേര്‍ അറസ്‌റ്റില്‍.
എറണാകുളം, എളമക്കര, പുതുക്കലവട്ടം കോണ്‍വെന്റിന്‌ സമീപം കൃഷ്‌ണകൃപ വീട്ടില്‍ അമൃതേഷ്‌ കമ്മത്ത്‌ (28), എറണാകുളം, തോപ്പുംപടി, മുണ്ടംവേലി വാലുമ്മേല്‍ച്ചിറ വീട്ടില്‍ അരുണ്‍(28), എറണാകുളം, വരാപ്പുഴ പുത്തന്‍പള്ളിയില്‍ താമസിക്കുന്ന കൊല്ലം, നെടുമണ്‍കാവ്‌, വാക്കനാട്‌ ഭാസ്‌കരവിലാസം വീട്ടില്‍ ജഗന്‍ (26), എറണാകുളം, തോപ്പുംപടി, കൊച്ചുപള്ളി റോഡില്‍ വാഴക്കൂട്ടത്തില്‍ വീട്ടില്‍ ക്രിസ്‌റ്റഫര്‍ ജോസ്‌ (37), എറണാകുളം, ആലുവ, എടത്തല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ബിലാല്‍ (26), ആലപ്പുഴ, എഴുപുന്ന എലഞ്ഞിക്കല്‍ വീട്ടില്‍ ഷാരോണ്‍ ജോസഫ്‌ (31) എന്നിവരെയാണ്‌ കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ്‌ എസ്‌.എച്ച്‌.ഒ ദിലീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ 12-ാം തിയതിയാണ്‌ കേസിനാസ്‌പദമായ സംഭവം. വാഹന ഇടപാടുകാരനും ഇടുക്കി സ്വദേശിയുമായ ആഷിഖിനേയും സുഹൃത്തായ റിയാസിനേയും അന്നേദിവസം രാത്രി 12 മണിയോടുകൂടി വില്ലിംഗ്‌ടണ്‍ എലന്റിലെ വാക്ക്‌ വേയില്‍ ഗുണ്ടാസംഘത്തില്‍പ്പെട്ടവര്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന്‌ യുവാക്കളെ ബലംപ്രയോഗിച്ച്‌ കാറില്‍ കയറ്റുകയും പൂത്തോട്ട ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്‌ തടവില്‍ പാര്‍പ്പിച്ച്‌ മര്‍ദ്ദിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ആഷിഖിന്റെ കാറും, കാറിലുണ്ടായിരുന്ന ഒന്നരലക്ഷത്തോളം രൂപയും തട്ടിയെടുത്ത സംഘം യുവാക്കളെ മരട്‌ ഭാഗത്ത്‌ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊച്ചിയില്‍ ലഹരി ഇടപാടുകള്‍ നടത്തുന്ന സംഘമാണ്‌ തട്ടിക്കൊണ്ടു പോകലിന്‌ പിന്നിലെന്നാണ്‌ പ്രാഥമിക അന്വേഷണത്തില്‍ വ്യക്‌തമായതെന്ന്‌ ഹാര്‍ബര്‍ പോലീസ്‌ അറിയിച്ചു. യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കണ്ടാലറിയാവുന്ന എട്ടോളം പേരുടെ പേരില്‍ പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, സംഘടിതകുറ്റകൃത്യം എന്നിവക്ക്‌ കേസെടുത്ത്‌ കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഒളിവിലുളള ബാക്കിയുളള പന്ത്രണ്ടോളം പ്രതികളെക്കുറിച്ച്‌ അന്വേഷണം നടത്തി വരികയാണെന്ന്‌ പോലീസ്‌ അറിയിച്ചു. കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ കാളിരാജ്‌ മഹേഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം, കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജിയുടെ മേല്‍നോട്ടത്തില്‍ എറണാകുളം പോലീസ്‌ അസ്സി.കമ്മീഷണറായ സുരേഷ്‌.കെ.ജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോലീസ്‌ സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ ജോസി.സി.എം, അനില്‍കുമാര്‍.പി, അസി.സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ സനീപ്‌കുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ മഹേഷ്‌.എം എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Ads by Google
Advertisement
Thursday 19 Feb 2026 12.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW