-->
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ പള്ളിപ്പാനയുടെ പന്ത്രണ്ടാം ദിവസമായ ഇന്ന് കിടങ്ങു ബലി നടക്കും.
പച്ചോല മെടഞ്ഞ് മണ്ണിനു മുകളില്‍ കിടങ്ങിന്റെ രൂപം നിര്‍മ്മിച്ച് കൂത്താടിയെ അതില്‍ കിടത്തി പൂജ ചെയ്യും. പൂജകള്‍ പൂര്‍ത്തിയാകുമ്പോള്‍ കൂത്താടി കിടങ്ങ് തകര്‍ത്ത് ഉറഞ്ഞുതുള്ളി യജ്‌ഞ വേദിയിലെത്തും.
ബുധനാഴ്‌ച രാത്രിയില്‍ ദേവീപ്രീതിക്കായി പീഠബലി നടന്നു. എട്ട് പീഠങ്ങള്‍ ഉണ്ടാക്കി നിറപറയും നിലവിളക്കും അഷ്‌ടമംഗല്യവും വെച്ചശേഷം പീഠങ്ങള്‍ അലങ്കരിച്ച് അഷ്‌ടലക്ഷ്‌മിമാരെ സങ്കല്‌പിച്ച് പൂജ നടത്തി.
നാടിനും നാട്ടാര്‍ക്കും ക്ഷേമവും ഐശ്വര്യവും സമ്പത്തും വര്‍ധിക്കുന്നതിനും പതിനാലാം ദിവസത്തെ കാളിയും ദാരികനും വരവിന് ദേവിയുടെ അനുഗ്രഹത്തിനും വേണ്ടി നടത്തിയ പീഠപൂജ ഭക്‌തി നിര്‍ഭരമായി.
വെളിച്ചപ്പെടല്‍, കരകളില്‍ പോയി ശത്രു എടുപ്പ് എന്നീ ചടങ്ങുകളും നടന്നു. അന്തിപ്പേകാവലേറല്‍ ചടങ്ങില്‍ ആവാഹിച്ചിരുത്തിയ പൂര്‍വികരില്‍നിന്ന് കരകളില്‍ പോയി ശത്രു എടുപ്പിന് അനുവാദം വാങ്ങുന്ന ചടങ്ങാണ് വെളിച്ചപ്പെടല്‍.
വെളിച്ചപ്പെടല്‍ ചടങ്ങിനുശേഷം കൂത്താടികള്‍ പറയുമായി ക്ഷേത്രത്തിന് സമീപത്തുള്ള വീടുകളിലെത്തി. വീട്ടുകാര്‍ നിലവിളക്ക് കൊളുത്തി കൂത്താടികളെ സ്വീകരിച്ചു.
കൂത്താടികള്‍ പറകൊട്ടിപ്പാടി വീടുകളിലെ ശത്രുദോഷം അകറ്റി. വ്യാഴം, വെള്ളി ദിവസങ്ങളിലും കരകളിലെ ശത്രു എടുപ്പ് തുടരും