-->
മാവേലിക്കര: 23ന് നടക്കുന്ന ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ട്രസ്‌റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഏഴുമുതല്‍ എത്തുന്ന 16 കുത്തിയോട്ടങ്ങള്‍ ക്ഷേത്രവളപ്പില്‍ 130 വളണ്ടിയര്‍മാര്‍ നിയന്ത്രിക്കും. ക്ഷേത്ര ത്തിന്റെ തെക്ക്, കിഴക്ക്, വടക്ക് വശങ്ങളിലുള്ള ഗേറ്റുകളിലൂടെ എത്തുന്ന കുത്തിയോട്ടങ്ങളെ മുര്‍ഗണനാ ക്രമത്തിലായിരിക്കും അകത്തേക്ക് പ്രവേശിപ്പിക്കുക. കുത്തിയോട്ടം നടത്തുന്ന വഴിപാടുകാരനൊടൊപ്പമുള്ള 25 പേര്‍ക്കും കുത്തിയോട്ട കുട്ടികള്‍ക്കും ആശാനും മാത്രമേ നടപ്പന്തലില്‍ എത്തി തിരുമുമ്പില്‍ നില്‍ക്കാന്‍ അനുവാദമുളളു. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ഗേറ്റിലൂടെ കുത്തിയോട്ട വഴിപാട് പൂര്‍ത്തീകരിച്ചവര്‍ പുറത്തേക്ക് പോകണം.കുത്തിയോട്ടങ്ങള്‍ കടന്നുവരുന്ന വേളയില്‍ ഭക്‌തര്‍ക്ക് സുഗമമായി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനായി തെക്കേ നടയില്‍ ഫ്‌ളൈ ഓവര്‍ സൗകര്യം ഏര്‍പ്പെടുത്തും. വൈകുന്നേരം നാലുമുതല്‍ കരകളുടെ ക്രമത്തില്‍ കെട്ടുകാഴ്‌ച വരവ് തുടങ്ങും. ഏഴു മണിയോടെ 13 കെട്ടുകാഴ്‌ചകളും കാഴ്‌ചക്കണ്ടത്തില്‍ അണിനിരക്കും. കെട്ടുകാഴ്‌ചകള്‍ കടന്നുവരുന്ന വഴിയില്‍ തിങ്കളാഴ്‌ച വൈകിട്ട് മൂന്നുമുതല്‍ ചൊവ്വാഴ്‌ച രാവിലെ ഒന്‍പത് വരെ വാഹനപാര്‍ക്കിങ് അനുവദിക്കില്ല. രാത്രി ഒന്‍പതിന് കുംഭഭരണി മഹാസമ്മേളനം നടക്കും.
ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ് ബി. ഹരികൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. ചൊവ്വാഴ്‌ച പുലര്‍ച്ചെ മൂന്നിന് വേലകളിയും 3.30ന് കെട്ടുകാഴ്‌ചകള്‍ക്ക് മുന്നില്‍ ഭഗവതിയുടെ എഴുന്നള്ളത്തും നടക്കും. ക്ഷേത്രത്തിന്റെ നാല് ദിശകളിലും വാഹനപാര്‍ക്കിങ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ ഈരേഴ തെക്ക്- കാരിക്കുളങ്ങര-കണ്ടിയൂര്‍ തെക്കേ നട റോഡ് റെസ്‌ക്യൂവേയായി ഉപയോഗപ്പെടുത്തുമെന്നും കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കുംഭ ഭരണി ദിവസം ക്ഷേത്രനട അടയ്‌ക്കില്ല. കുംഭഭരണി നാളില്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ മുഴുവന്‍ സമയവും ദര്‍ശന സൗകര്യം ലഭിക്കും. തിങ്കളാഴ്‌ച പുലര്‍ച്ചെ നാലരയോടെ തുറക്കുന്ന ക്ഷേത്രനട അടുത്തദിവസം ഉച്ചപൂജയ്‌ക്ക് ശേഷമേ അടയ്‌ക്കൂ.
ഗതാഗത നിയന്ത്രണം
കുംഭഭരണി പ്രമാണിച്ച് തിങ്കളാഴ്‌ച ചെട്ടികുളങ്ങര മേഖലയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. മാവേലിക്കരയില്‍നിന്ന് ചെട്ടികുളങ്ങര വഴി കായംകുളത്തേക്കുള്ള വാഹനങ്ങള്‍ കണ്ടിയൂരില്‍ നിന്ന് തിരിഞ്ഞ് ഈരേഴ, കൊയ്‌പള്ളികാരാഴ്‌മ, ഒന്നാംകുറ്റി വഴി പോകണം. കായംകുളത്തുനിന്ന് തട്ടാരമ്പലം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പത്തിയൂര്‍, കണ്ണമംഗലം, കരിപ്പുഴ വഴി പോകണം. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഈരേഴ കൊച്ചാല്‍ത്തറമുക്കില്‍നിന്ന് പടിഞ്ഞാറേക്ക് ഇരുചക്രവാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ.
സുരക്ഷ ശക്‌തമാക്കും
കുംഭഭരണി നാളില്‍ ക്ഷേത്രവളപ്പിലും പരിസരത്തും പോലീസ് സുരക്ഷ ശക്‌തമാക്കും. രണ്ട് ഡി.വൈ.എസ്.പി.മാരുടെ മേല്‍നോട്ടത്തില്‍ അഞ്ഞൂറിലധികം പോലീസുകാര്‍ ക്രമസമാധാന പാലനത്തിനുണ്ടാകും. ക്ഷേത്രവളപ്പിലും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുമായി നൂറോളം നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. ക്ഷേത്രം ഓഡിറ്റോറിയത്തിന് മുകളില്‍ പോലീസ് കണ്‍ട്രോള്‍ റൂമും കാഴ്‌ചക്കണ്ടത്തിന് സമീപം വാച്ച്‌ടവറും സജ്‌ജമാക്കും.
സന്നദ്ധസേന
ക്ഷേത്രവളപ്പിലെ തിരക്ക് നിയന്ത്രിക്കുവാന്‍ ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സേനാംഗങ്ങളുണ്ടാകും. ഒരോ കരയില്‍ നിന്നും ഉള്ളവരാണ് സേനയിലുള്ളത്.
മെഡിക്കല്‍ കൗണ്ടര്‍
ക്ഷേത്രത്തിന് തെക്ക് വശമുള്ള ദേവസ്വം കെട്ടിടത്തില്‍ മെഡിക്കല്‍ കൗണ്ടര്‍ പ്രവര്‌ത്തിക്കും. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിന്റെയും സേവാഭാരതിയുടെയും സൗജന്യ ആംബുലന്‍സ് സേവനവുമുണ്ടാകും.
ബസ് സര്‍വീസ്
ഭരണിനാളില്‍ കെ.എസ്.ആര്‍.ടി.സിയുടെ മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, തിരുവല്ല ഡിപ്പോകളില്‍ നിന്ന് ചെട്ടികുളങ്ങര വഴി അധിക ബസ് സര്‍വീസ് ഉണ്ടാകും.
കെട്ടുകാഴ്‌ച
ദൂരദര്‍ശനില്‍
കുംഭഭരണി കെട്ടുകാഴ്‌ചയുടെ ലൈവ് സംപ്രേഷണം ഉണ്ടാകും. ദൂരദര്‍ശനില്‍ തിങ്കളാഴ്‌ച വൈകിട്ട് അഞ്ചുമുതല്‍ രാത്രി 12 വരെ ഉണ്ടാകും. മലയാളം, ഹിന്ദി, ഇം?ീഷ് ഭാഷകളിലാണ് സംപ്രേഷണം. ഡി.ഡി. മലയാളം, ഡി.ഡി. ഭാരതി, ഡി.ഡി ഇന്റര്‍ നാഷണല്‍ ചാനലുകളിലും ദൂരദര്‍ശന്‍ യുട്യൂബ് ചാനലിലും സംപ്രേഷണം നടക്കും.
ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ് ബി. ഹരികൃഷ്‌ണന്‍ , സെക്രട്ടറി എം. മനോജ് കുമാര്‍, വൈസ് പ്രപസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.