-->
പുല്‍പ്പള്ളി: വേനല്‍ കനത്തതോടെ വനമേഖലയും വരള്‍ച്ചയിലേക്ക് നീങ്ങുന്നു. വനപാതകളില്‍ കരിയിലകളും നിറഞ്ഞു കിടക്കുകയാണ്. കഠിനമായി ചൂട് താങ്ങാനാവാതെ വന്യമൃഗങ്ങളും സുരക്ഷിത സ്‌ഥാനങ്ങളിലേക്കു മാറുന്നു. പുല്‍പ്പള്ളി പ്രദേശത്തെ അതിരിടുന്ന തേക്കുതോട്ടങ്ങളില്‍ കരിയിലകള്‍ വീണടിഞ്ഞതിനാല്‍ കാട്ടുതീ ഭീഷണിയുമുണ്ട്. തേക്കുതോട്ടമുള്ള സ്‌ഥലങ്ങളില്‍ ചൂട് കൂടുന്നു. സ്വാഭാവിക വനങ്ങളില്‍ പച്ചപ്പ് നഷ്‌ടമായില്ലെങ്കിലും പകല്‍ചൂട് അസഹ്യമായി. ഇക്കൊല്ലം വരള്‍ച്ചയേറുമെന്നാണ് സൂചനകള്‍. വേനല്‍ ആരംഭത്തില്‍തന്നെ ചൂടേറി.
വെയിലേറ്റ് ചെടികളുടെ ഇലകള്‍ കരിയുന്നു. കത്തുന്ന പകല്‍ചൂട് കാട്ടുതീ ഭീഷണിയുമുയര്‍ത്തുന്നുണ്ട്. ഡിസംബര്‍ മുതല്‍ ഫയര്‍ സീസണ്‍ ആരംഭിക്കുമെങ്കിലും വനമേഖലയില്‍ കാര്യമായ കാട്ടുതീ പ്രതിരോധ നടപടികള്‍ ആരംഭിച്ചില്ല. പൊതുജന സാന്നിധ്യമുള്ള സ്‌ഥലങ്ങളിലും പാതയോരങ്ങളിലും ഫയര്‍ലൈന്‍ തീര്‍ക്കുന്നതും കാവല്‍ ശക്‌തമാക്കുന്നതും പതിവാണ്. വനത്തിലൂടെ സഞ്ചരിക്കുന്നവരും കാലികളെ മേയ്‌ക്കാന്‍ പോകുന്നവരുമാണ് വനത്തില്‍ കാട്ടുതീയുടെ സാധ്യതയുണ്ടാക്കുന്നത്. വനത്തിലെ പുല്‍മേടുകളും പച്ചപ്പും ഉണങ്ങി നശിക്കുന്നു. ജലാംശമുള്ള ചാലുകളിലും മറ്റും മാത്രമാണ് പുല്ലും ചെടികളും അവശേഷിക്കുന്നത്.
അതിര്‍ത്തി വനപ്രദേശങ്ങളും ചുട്ടുപൊള്ളുന്നു അവിടെനിന്ന് വന്യമൃഗങ്ങള്‍ പച്ചപ്പും കുളിര്‍മയുമുള്ള ഭാഗങ്ങളിലേക്കു നീങ്ങുകയാണ്. നാഗര്‍ഹൊള, മുതുമല, ബന്ദിപ്പൂര്‍ വനങ്ങളില്‍നിന്ന് ആനകളും മറ്റു വന്യമൃഗങ്ങളും വയനാടന്‍ കാടുകളിലേക്കെത്തുന്നു. കുട്ടിയാനകളടങ്ങുന്ന പല ആനക്കൂട്ടങ്ങളും വയനാടിന്റെ വിവിധ ഭാഗങ്ങളിലെത്തിയെന്ന് വനപാലകര്‍ പറയുന്നു. വന്യമൃഗങ്ങളെ വനത്തില്‍ തന്നെ നിലനിര്‍ത്താനും ഭക്ഷണവും വെള്ളവും ഉറപ്പാക്കാനും വനംവകുപ്പ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്.ഇതിനു സന്നദ്ധ സംഘടനകളുടെ സഹായവും തേടുന്നുണ്ട്.
വനത്തിനുള്ളിലെ തോടുകളില്‍ തടയണ നിര്‍മാണം, ജലസംരക്ഷണം തുടങ്ങിയ പല പദ്ധതികളും വിവിധ സെക്ഷനുകളില്‍ നടന്നുവരുന്നു. വരും ദിവസങ്ങളില്‍ കാട്ടുതീ പ്രതിരോധ നടപടികള്‍ ശക്‌തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.